Sunday, March 6, 2011

വരി : ബൈക്കില്‍ പോകാം, മഴയെ പിടിക്കാം...ഒപ്പം എന്റെ നാടും കാണാം.


                                  പണ്ട് നാട്ടിലുള്ളപ്പോഴായാലും, ഇപ്പൊ നാട്ടില്‍ ചെന്നാലും വീട്ടിലിരിക്കുന്ന പരിപാടി കമ്മിയാണ്.
"അവനിവിടില്ലേ?" എന്ന് ചോദിച്ചു കൂട്ടുകാര് ആരെങ്കിലും വന്നാല്‍ അമ്മ പരിഭവം പറയും..
"അവനു വീട്ടിലിരിക്കാന്‍ സമയമില്ലല്ലോ ! രാവിലെ ഒരു സാധനം ചന്തിക്കീഴില്‍ എടുത്തുവച്ചു ഇറങ്ങുന്നതല്ലേ....."

അമ്മയോട് പറഞ്ഞും പറയാതെയും കറങ്ങിനടപ്പ് ഒരുപാടുണ്ടായിരുന്നു. ഒറ്റയ്ക്കാണെന്ന് കരുതേണ്ടാ, നാലഞ്ചു പേരുടെ ഒരു ഗ്യാന്ഗ് ഉണ്ടാകും. സുബ്രമണ്യനും, അനീഷും, അജയനും, സുനിലും അതില്‍ സ്ഥിരം. പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സൈക്കിളില്‍ പോകാത്ത ഊടുവഴികള്‍ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. എല്ലാവര്‍ക്കും ജോലിയൊക്കെയായി ബൈക്ക് കൈയില്‍ കിട്ടിയപ്പോള്‍ അതങ്ങ് ദൂരേക്ക്‌ ദൂരേക്ക്‌ ഉത്സവം കാണാനും സിനിമ കാണാനും മറ്റുമായി. മുന്‍കൂട്ടി ധാരണയില്ലാത്ത ചില കറക്കങ്ങള്‍ കിലോമീറ്ററുകളോളം പൊയ്ക്കളയും. അത്തരത്തില്‍ ഒരു മഴയുള്ള ദിവസം, ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റമായ നൂറനാട്ടു നിന്ന് പടിഞ്ഞാറേ അറ്റമായ കുട്ടനാട് വരെയുള്ള കറക്കത്തിന്റെ ചിത്രങ്ങളാണ് ഇത്തവണത്തെ പോസ്റ്റ്‌.

                             ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഭംഗിയുള്ള പ്രദേശം ഏതാണെന്ന് ചോദിച്ചാല്‍ ഞങ്ങളെല്ലാവരും ഒരുപോലെ പറയും, 'പള്ളിമുക്കം ഭഗവതി ക്ഷേത്രം'. മൂന്നുവശം വെള്ളം കയറിക്കിടക്കുന്ന കരിഞ്ഞാലി പാടം. അമ്പലത്തിന്റെ മുന്‍ഭാഗത്തായി കല്‍പ്പടവുകള്‍ ഇറങ്ങിചെന്നാല്‍ താമരപൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ക്ഷേത്രക്കുളം. സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞാല്‍ വിജനമാകുന്ന അമ്പലക്കുളത്തിന്റെ പടവുകളില്‍ പൗര്‍ണമി ദിവസങ്ങളില്‍ ചന്ദ്രോദയം കണ്ടിരുന്ന നിമിഷങ്ങള്‍, ആകാശം നിറഞ്ഞു നില്‍ക്കുന്ന ചുവന്നു തുടുത്ത തളികയായി കിഴക്ക് മലകള്‍ക്ക് പിന്നില്‍ നിന്ന് ഉദിച്ചു വരുന്ന ചന്ദ്രന്‍ പിന്നീട് പാടങ്ങളിലും കുളത്തിലും സ്വര്‍ണപ്രഭ പൊഴിച്ച് തലയ്ക്കു മുകളില്‍ വരുന്നത് വരെയും നീണ്ടു പോയിരുന്നു ഞങ്ങളുടെ ആ ആസ്വാദനം. പഠിത്തം കഴിഞ്ഞു ജോലിക്ക് വേണ്ടി അലയുന്ന സമയങ്ങളില്‍ വിഷമങ്ങള്‍ ഇറക്കിവയ്ക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ അവിടെയാണ് ചിലവഴിച്ചത്, പള്ളിമുക്കത്ത്‌.


പള്ളിമുക്കം ഭഗവതി ക്ഷേത്രം
ദീപാരാധന
അമ്പലക്കുളവും പടവുകളും
കരിഞ്ഞാലി പുഞ്ച
ജലകണങ്ങള്‍ മുത്തുകളാക്കി താമരയിലകള്‍

അച്ഛന്റെ കൈയും പിടിച്ച്
(സന്ധ്യ സമയത്ത് എടുത്തത്‌ കൊണ്ട് ചിത്രങ്ങള്‍ക്ക് ഒരു തെളിച്ചക്കുറവുണ്ട്, ക്ഷമിക്കുക)

എന്റെ നാടിനെക്കുറിച്ച് പറയുമ്പോള്‍ പള്ളിമുക്കം ക്ഷേത്രവും, താമരക്കുളവും, പടവുകളും, പൗര്‍ണമിയും ഒഴിവാക്കാന്‍ കഴിയാത്തതിനാലാണ് ഇത്രയും ആമുഖം. പടനിലം ക്ഷേത്രവും ശിവരാത്രി ഉത്സവവും അത്ര തന്നെ പ്രധാനമാണ്. അത് നേരത്തെ പോസ്റ്റ്‌ ചെയ്തത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

              പള്ളിമുക്കം കഴിഞ്ഞാല്‍ ഞങ്ങളുടെ സ്ഥിരം താവളം പെരുവേലില്‍ച്ചാല്‍ പുഞ്ചയാണ്. അവിടെ പെയ്യുന്ന മഴയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഭംഗിയുണ്ട്. രാവിലത്തെ മഴക്കോള് കണ്ട്, ഇന്ന് അങ്ങോട്ട്‌ തന്നെയെന്നു തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങി. ഞങ്ങളങ്ങ്‌ എത്തുമ്പോഴേക്കും, ഒരു റൗണ്ട് മഴ പെയ്തിരുന്നു. 


പെരുവേലില്‍ച്ചാല്‍ വയലില്‍ കൂടി ചെമ്മണ്‍പാത
അടുത്ത മഴയും കാത്ത്

മേഘങ്ങള്‍ നേര്‍ത്ത് നേര്‍ത്ത്...വെളിച്ചം വന്നു തുടങ്ങി

പെരുവേലില്‍ച്ചാല്‍

അടുത്ത റൌണ്ടും ഉടനെ തന്നെ ഉണ്ടാകുമെന്ന് കരുതി കുറെ നേരം ഞങ്ങള്‍ കാത്തു. നിരാശയായിരുന്നു ഫലം. മാനത്ത് വീണ്ടും വെളിച്ചം വീഴുന്നത് കണ്ട് ഞങ്ങള്‍ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അജയന്‍, "എടാ എനിക്ക് മാന്നാറു വരെ പോകണം, ഒരു വണ്ടി ഇങ്ങു താ"
"വീട്ടില്‍ പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ, വാ ഒരുമിച്ചു പോകാം, മാന്നാറെങ്കില്‍ മാന്നാര്‍"

അങ്ങനെ ഞങ്ങള്‍ ചെറിയനാട്, ബുധനൂര് വഴി മാന്നാറേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്ക് ബുധനൂര് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടെ ഭംഗിയും വൃത്തിയും മറ്റൊരു നാട്ടിലും ഞാന്‍ കണ്ടിട്ടില്ല.


ബുധനൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം
ക്ഷേത്രക്കുളം
കുളക്കോഴി 

ധ്യാനം


മാന്നാറ് ചെന്ന ആവശ്യം കഴിയുമ്പോഴേക്കും ഉച്ചസമയമായി. വിശപ്പ്‌ പതുക്കെ ഉരുണ്ടുരുണ്ട്‌ വരുന്നു. 
"വല്ലതും കഴിച്ചിട്ട് വീട്ടില്‍ പോകാമെടാ.." എന്ന് പറഞ്ഞതും സുബ്രമണ്യന്റെ വക ഐഡിയ.."ഷാപ്പില്‍ പോയാലോ??"
"പോടെ പോടെ, ഷാപ്പിലോ..!? ഞാനെങ്ങുമില്ല."
"എടാ പോത്തെ, നല്ല കപ്പേം മീനും കിട്ടും."
അവനെന്റെ വീക്നെസ്സില്‍ കയറി പിടിച്ചു. കപ്പയും മീനുമെന്നു കേട്ടതും, പിന്നെ രണ്ടാമതൊരു ചോദ്യമില്ലാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ചെന്ന് നിന്നത് കുട്ടനാട്ടില്‍ !!
മഴ പെയ്തും, തോര്‍ന്നും, നനഞ്ഞും അസ്സല്‍ ഒരു ബൈക്ക് യാത്ര. പാടങ്ങള്‍ക്കു നടുവിലൂടെ, ചാലുകള്‍ക്ക് കുറുകെ, പമ്പയും അച്ഛന്‍ കോവിലാറും കടന്ന്...

ഇനി ചിത്രങ്ങള്‍ പറയട്ടെ..


ഇനിയും വഴി മാറാതെ, അമ്പാസ്സഡര്‍

പമ്പയാറ്റില്‍ ചൂണ്ടയിടല്‍



നമ്മുടെ 'വേണാട്' 
താറാക്കൂട്ടം, കുട്ടനാടിന്റെ സ്ഥിരം കാഴ്ച
ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് താറാവ് പലവഴിക്ക്. കൊച്ചാട്ടന്റെ വായിലിരിക്കുന്നതും മേടിച്ചു പോന്നു :-)


മാനം വീണ്ടും ഇരുണ്ടു വന്നു
മഴക്ക് മുന്‍പ് ഭക്ഷണം പങ്കു വയ്ക്കാനുള്ള ആലോച്ചനയാണെന്ന് തോന്നുന്നു.

ഹൊ ! പെയ്തു തകര്‍ത്തത് തന്നെ !!
തണുക്കുന്നുണ്ടാകും 

മഴ ചാറി തുടങ്ങി
ഇതാണ് ഷാപ്പ്‌. കിടിലം സെറ്റപ്പ്, അല്ലെ ??

          മഴ പോടിയുന്നുണ്ട്.
                                                             അച്ചന്‍കോവില്‍ ആറ്

എല്ലാ വീടുകളിലും ഒരു വള്ളമെങ്കിലും കാണും

വൈകുന്നേരം തിരിച്ചെത്തി സുരേന്ദ്രന്‍ കൊച്ചാട്ടന്റെ ചായക്കടയില്‍ കയറി ഓരോ ചായയും, ബോണ്ടയും പഴംപൊരിയും കഴിച്ച് ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ 'ഉപ്പേരി' ഉണ്ടാക്കാന്‍ വേണ്ടി ചക്ക കൊണ്ട് പോകുന്നവര് വീട്ടില്‍. കൂട്ടത്തില്‍ ഒരു പഴുത്ത ചക്ക അവരെടുത്തു മാറ്റി വച്ചിരുന്നു.


ചായയും ഏത്തക്ക അപ്പവും

വീട്ടുമുറ്റത്തെ പ്ലാവ്
ഉപ്പേരിക്ക് വേണ്ടി, വീട്ടില്‍ നിന്ന്
ഉം...ചക്കപ്പഴം

"എടാ ചക്ക കഴിച്ചിട്ട് പോകാം..." എന്നും പറഞ്ഞു വീട്ടിലേക്കു കയറുമ്പോള്‍ കണ്ണുമുരുട്ടി അമ്മ വാതുക്കല്‍..
"എവിടാരുന്നെടാ ഊരുതെണ്ടല്‍?? "
"അത്, ഞങ്ങളെല്ലാം കൂടെ...." എന്നും പറഞ്ഞു പുറകിലേക്ക് നോക്കുമ്പോള്‍ ഒരുത്തനേം കാണുന്നില്ല...!!
'ഞാന്‍ അറസ്റ്റില്‍ !!!'


LinkWithin

Related Posts with Thumbnails