Sunday, February 28, 2010

വരി : "ആര്‍പ്പോ..ഇര്‍റോ..ഇര്‍റോ.."


"എടാ കാളയെ നാളെ ചട്ടത്തെ കയറ്റും..നീ എത്തുമോ..?" 
അനീഷ്‌ വിളിച്ചു ചോദിക്കുമ്പോഴും എന്‍റെ ലീവ് sanction ആയിട്ടില്ല. ജോലി കിട്ടാനുള്ള ഓട്ടം, ജോലി കിട്ടിയപ്പോഴുള്ള ദൂരം, നാല് വര്‍ഷം കഴിഞ്ഞു ശിവരാത്രി ആഘോഷിച്ചിട്ട്. ഓര്‍ക്കുമ്പോ വിഷമം. ഒരു നൂറനാട്ടുകാരന് മാത്രം ഉണ്ടാകുന്ന വിഷമം..ഇത്തവണ പോയെ പറ്റു.ഒന്ന് കൂടെ മാനേജരെ കണ്ടു നോക്കാം.ഒരു തവണ നടക്കില്ലാന്ന് പറഞ്ഞതാ, എങ്കിലും ഒരു അവസാന ശ്രമം.അല്ലെങ്കില്‍ ബുക്ക് ചെയ്തു വച്ചിരിക്കുന്ന ടിക്കറ്റ്‌ ഇന്ന് തന്നെ ക്യാന്‍സല്‍ ചെയ്യേണ്ടി വരും. സര്‍വ ഈശ്വരന്‍മാരെയും വിളിച്ചു മാനേജരെ പോയി കണ്ടു. മാനേജരുടെ വക ഒരു പുഞ്ചിരി..അപ്പൊ കാര്യം ഒത്തു."ആര്‍പ്പോ..ഇര്‍റോ ..ഇര്‍റോ.." അവിടെ വച്ചു വിളിക്കാന്‍ തോന്നി. വിളിച്ചില്ല. ഡബിള്‍ സെഞ്ച്വറി അടിച്ചു പവലിയനിലേക്ക് കയറി പോയ സച്ചിനെ പോലെ വിജയശ്രീലാളിതനായാണ് ഞാന്‍ ഡസ്ക്ക്-ലേക്ക് പോയത്.           
                        മനസ്സ് കൊണ്ട് ഞാന്‍ ഇപ്പൊ തന്നെ പടനിലത്താണ്..എന്‍റെ നാട്ടില്‍. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓംകാര മൂര്‍ത്തിയുടെ മുന്നില്‍..കുംഭമാസത്തിലേക്ക് നീണ്ടു പോകുന്ന മകര മഞ്ഞിന്‍റെ നേര്‍ത്ത പാളികള്‍ ആലിന്‍റെ ഇലകളില്‍ പൊതിഞ്ഞു നില്‍ക്കുന്നു.ചെണ്ടയുടെ താളത്തില്‍ ഉറഞ്ഞു തുള്ളുന്ന കാവടികള്‍ക്കൊപ്പം മാവിന്‍റെ ഇലകള്‍ വിറകൊള്ളുന്നു. സുബ്ബലക്ഷ്മി സുപ്രഭാതത്തിനോപ്പം ഒഴുകി വരുന്ന ഇളംകാറ്റില്‍ ഇലഞ്ഞിപൂക്കളുടെ വാസന ഉയരുന്നു. കണികൊന്നയും, വള്ളിപടര്‍പ്പുകളും കുളിരേകുന്ന ആല്‍ത്തറക്ക് ചുറ്റും കാവടികള്‍ വലംവയ്ക്കുമ്പോള്‍ ഉയരുന്ന വേലായുധ മന്ത്രം എന്‍റെ ഹൃദയത്തിലും പ്രതിധ്വനിക്കുന്നു..
"ഹര ഹരോ..ഹര ഹര..
ഹര ഹരോ..ഹര ഹര.."
                              ഇന്ത്യന്‍ റെയില്‍വേ കൃത്യസമയം പാലിച്ചത് കൊണ്ട്, ഉച്ചയൂണ് സമയമായി ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍.വീട്ടിലേക്കു വരുമ്പോള്‍ അമ്പലത്തിന്‍റെ മുന്നില്‍ രണ്ടു 'കതിര് കാള' ഇരിക്കുന്നത് കണ്ടു. മകരകൊയ്ത്തു കഴിഞ്ഞ നൂറനാടിന്‍റെ നെല്‍പാടങ്ങളിലെ കതിര്‍മണികള്‍ ഒരു കാളയുടെ രൂപത്തില്‍. നൂറനാട്ടുകാര്‍ക്ക് ശിവരാത്രി ഒരു കൊയ്ത്തുല്‍ത്സവം കൂടിയാണ്. കൊയ്തു മെതിച്ച് പത്തായപ്പുരകളില്‍ നിറഞ്ഞ സമൃദ്ധിയുടെ ആഘോഷം. വൈക്കോലില്‍ മനോഹരമായ നന്ദികേശ രൂപം തീര്‍ത്തു പരബ്രഹ്മമൂര്‍ത്തിയായ പടനിലത്തപ്പന് കാണിക്ക നിവേദിക്കുന്ന ദിവസം.
                            ഞങ്ങള്‍ നൂറനാട്ടുകാരുടെ ശിവരാത്രി ആഘോഷം ഓണത്തിനോപ്പം നില്‍ക്കും.തൂശനിലയില്‍ വിളമ്പിയ സദ്യ കഴിച്ച് ഒരു ഏമ്പക്കം വിട്ടപ്പോഴേക്കും ആര്‍പ്പുവിളികളും കാതങ്ങളകലെ കേള്‍ക്കുമാറ് മാലപ്പടക്കങ്ങളുടെ ഒച്ചയും കേട്ട് തുടങ്ങി.
"എടാ വേഗം വാ, കാളെ പിടിച്ചു തുടങ്ങി " അനിയനെ കൂട്ടി ഞാന്‍ 'കാള മൂട്ടിലേക്ക് ' കുതിച്ചു.
                            
"എടാ പിള്ളേരെ, എന്നാ പിടിച്ചു തുടങ്ങിക്കോ..." ഉല്‍ത്സവ കമ്മിറ്റി സെക്രട്ടറി സോമന്‍ കൊച്ചേട്ടന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ, ഇരുമ്പു പൊതിഞ്ഞ തടിച്ചാടുകള്‍ ചെറു നാരങ്ങകള്‍ ചതച്ചരച്ചു മുന്നോട്ടു നീങ്ങി.കരിഞ്ഞാലി പുഞ്ചയുടെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങള്‍ക്കു മുകളില്‍ ആര്‍പ്പുവിളികള്‍ അലയടിച്ചു.ഇരുപതു അടിക്കു മുകളില്‍ ഉയരം വരുന്ന കെട്ടുകാള കിടങ്ങയത്തുകാരുടെ മേയ്ക്കരുത്തില്‍ പടനിലം ക്ഷേത്രത്തിലേക്ക് നീങ്ങി.മരച്ചില്ലകളെ തട്ടി മാറ്റി വളഞ്ഞും തിരിഞ്ഞും ക്ഷേത്രത്തില്‍ എത്തുമ്പോള്‍ 'പാലമേല്‍' കരയുടെ കാള അമ്പലത്തിനെ വലതു വച്ചു നീങ്ങി കൊണ്ടിരിക്കുന്നു.ക്ഷേത്രം നില്‍ക്കുന്നത് പാലമേല്‍ കരയിലായതിനാല്‍ ആദ്യം കാളയെ 'ഇറക്കി കളിപ്പിക്കാനുള്ള' അവകാശം പാലമേല്‍ കരയ്ക്കാണ്. പിന്നീട് ഇടപ്പോണും, നടുവിലെമുറിയും, ഉളവക്കാടും, മുതുകാട്ടുകരയും, കിടങ്ങയവും അങ്ങനെ 13 കരയിലെ കാളകളെ ഒന്നൊന്നായി ക്രമം അനുസരിച്ച് കളിപ്പിക്കുമ്പോള്‍ നൂറനാട്ടുകാരുടെ ഒത്തൊരുമയും, മെയ്‌ബലവും, ആവേശവും ഒന്നിച്ചു ചേര്‍ന്ന് പരബ്രഹ്മമൂര്‍ത്തിക്ക് വലം വയ്ക്കുന്നു..ഉല്‍ത്സവം അതിന്‍റെ പാരമ്യതയില്‍ എത്തുന്നു.                                      നേര്‍ച്ചക്കാളകളും കരക്കാളകളും ചേര്‍ന്ന് 18 ജോഡി കാളകള്‍ കലയുടെ വര്‍ണ്ണം ചാര്‍ത്തുമ്പോള്‍ പടനിലം ക്ഷേത്രമൈതാനം കാളമണികളുടെയും ചെണ്ട മേളത്തിന്‍റെയും, വാദ്യഘോഷങ്ങളുടെയും ദ്രുത താളത്തില്‍ അലിഞ്ഞു ചേരുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ കുങ്കുമചാര്‍ത്ത് പട്ടില്‍ പൊതിഞ്ഞ കെട്ടുകാളകളില്‍ പ്രതിഫലിച്ചു അഭൗമമായ ഒരു സൗന്ദര്യം പടര്‍ത്തുന്നു. ദീപാരധനയില്‍ കര്‍പ്പൂരത്തിന്‍റെയും ചന്ദനത്തിരിയുടെയും സുഗന്ധം വായുവില്‍ പടര്‍ന്നപ്പോള്‍ ഉറക്കമിളപ്പിന്‍റെ ഒരു ശിവരാത്രി ആരംഭിക്കുകയായി..
                    നാടകവും ബാലെയുമായി ഉല്‍ത്സവപ്പറമ്പിലെ അരങ്ങു തകര്‍ക്കുമ്പോള്‍ മുതുകാട്ടുകര ദേവിക്ഷേത്രത്തില്‍ ചൂട്ടു-കമ്പത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. 'ജീവിതയില്‍' ഉറഞ്ഞു തുള്ളുന്ന ഭഗവതി ദേശക്കാര്‍ക്ക് അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിഞ്ഞു ക്ഷേത്രത്തിനുള്ളിലേക്ക് കയറുമ്പോള്‍ കവുങ്ങില്‍, കമ്പം പൊതിഞ്ഞ ചൂട്ടില്‍ തീ കൊളുത്തുകയായി.

കുംഭത്തിലെ സംക്രമത്തില്‍ അഗ്നിശുദ്ധി വരുത്തി പുതിയൊരു നാളെക്കായി ഒരുക്കുന്ന ചൂട്ടു കമ്പത്തില്‍, ഉയരെ ഉയരെ പാറുന്ന അഗ്നി രാത്രിയെ പകലാക്കുന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്.


                                              
പിറ്റേന്ന് നേരം പുലരുമ്പോഴും 'അശ്വത്ഥാമാവ്‌' ബാലെ അവസാന രംഗത്തിലേക്കു എത്തുന്നതെ ഉള്ളു.ഉറക്കമിളച്ച ഭാരമേറിയ കണ്ണുകളുമായി വീട്ടിലേക്കു നടക്കുമ്പോള്‍ നിരന്നു നില്‍ക്കുന്ന കാളക്കൂറ്റന്മാരെ ഒന്ന് കൂടി നോക്കി നിന്നു. ഇനി കുറച്ചു സമയം കൂടി.കഴിഞ്ഞ ഒരു മാസത്തെ അദ്ധ്വാനത്തില്‍ രൂപം കൊണ്ട ഈ കെട്ടുകാഴ്ചകള്‍ വൈകോല്‍ കൂനകളായി മാറും. 
ഇനിയും ഒരു വര്‍ഷത്തെ കാത്തിരിപ്പ്; കണ്ണടച്ച് തുറക്കും മുന്‍പേ അതിങ്ങ്‌ വന്നെത്തും...ആവേശത്തിന്‍റെ, ഐക്യത്തിന്‍റെ, കരുത്തിന്‍റെ, സൗന്ദര്യത്തിന്‍റെ മറ്റൊരു ശിവരാത്രി നാള്‍.                
നൂറനാടന്‍ പദങ്ങള്‍ :
ചട്ടം, കാളച്ചട്ടം: ആഞ്ഞിലി അല്ലെങ്കില്‍ പ്ലാവിന്‍റെ തടിയില്‍ നിര്‍മ്മിക്കുന്ന base. ഇതിലാണ് കാളയെ കെട്ടി നിര്‍ത്തുന്നത്. 
ചാട് : ഒറ്റ വാക്കില്‍ 'Tyre'. ഇത് തടി കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഇരുമ്പു പട്ട കൊണ്ട് ഇത് പൊതിഞ്ഞിരിക്കും.
കാളമ്മൂട് : കാളയെ നിര്‍മ്മിക്കുന്ന സ്ഥലം.
കര : ഓണാട്ടുകരയിലെ നൂറു നാടുകള്‍ അഥവാ കരകള്‍ ചേര്‍ന്നതായിരുന്നു നൂറനാട്. ഇന്നത്‌  ചുരുങ്ങി നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലെ 18 കരകളില്‍ ഒതുങ്ങി നില്‍ക്കുന്നു.
കരക്കാള, കെട്ടുകാഴ്ച : വെള്ളയും ചുവപ്പും നിറങ്ങളുള്ള ജോഡി കാളകള്‍. തടിയിലുള്ള ചട്ടക്കൂടില്‍ വൈകോല്‍ പൊതിഞ്ഞ്, അത് ഭംഗിയായി വരിഞ്ഞു കെട്ടി ചാക്കും തുണിയും പൊതിയുന്നു.പുറമേ ചുവപ്പും വെള്ളയും പട്ടുകള്‍ ചേര്‍ത്ത് തുന്നി അലങ്കാരങ്ങള്‍ വച്ച് പിടിപ്പിക്കുന്നു. വ്രതാനുഷ്ടാനങ്ങലോടെ ഒറ്റ പാലത്തടിയില്‍  നിര്‍മ്മിക്കുന്ന കാളത്തല കൊത്തുപണികള്‍ കൊണ്ട് മനോഹരമാണ്.
പടനിലം പരഭ്രഹ്മ ക്ഷേത്രം : നൂറനാടിന്‍റെ ഹൃദയമായ പടനിലം ക്ഷേത്രത്തില്‍ ഒരു നാലമ്പലമോ, ചുറ്റുമതിലോ, ബ്രാഹ്മണരു പൂജ ചെയ്യുകയോ ചെയ്യുന്നില്ല. ഉള്ളത് ആലും, മാവും, ഇലഞ്ഞിയും, പ്ലാവും, കൊന്നയും, വള്ളിപ്പടര്‍പ്പുകളും ഉള്ള ആല്‍ത്തറയാണ്‌. സര്‍വ പ്രപഞ്ചവും ചരാ-ചരങ്ങളും അടങ്ങിയ പരബ്രഹ്മ പൊരുളാണ് സങ്കല്പം, അതില്‍ ശിവ സാന്നിധ്യം മുഖ്യവും.
ഉല്‍ത്സവം youtube -ഇല്‍ കാണാന്‍ : ഇവിടെ click ചെയ്യുക

21 comments:

 1. നാട്ടിലുള്ളപ്പോൾ എല്ലാം ഞാൻ പടനിലത്തെത്തും. (ഞാൻ പാലമേൽ കരക്കാരനാണു) ഇത്തവണ ജോലിസ്ഥലത്തായിപ്പോയി. എന്നാലും ഈ post വായിച്ചു കഴിഞ്ഞപ്പോൾ പടനിലത്തെത്തിയതുപോലെ തോന്നി.

  Sibu തുടർന്നും എഴുതുമല്ലോ..?

  ReplyDelete
 2. sibu adipoli... ithu vayichu kazhinjappol sherikkum shivarathri miss cheythu.....:(

  ReplyDelete
 3. Dear Sibu, Sivarathri visheshangal artha poornnamaaya varikaliloodteym anuyojyamaaya chitrangalilooteyum blogilekku pakarthiyathinu ente aashamsakal.

  ReplyDelete
 4. Hai Sibu cheta
  orupadu nannayirikunnu sivarathriye patte ithra nannayi bhagavanepattiyum ellam ezhuthiyathu,ivide eniku orupadu miss cheyunnu nammude ambalavum ulsavangalum ellam,ipo ithu vaayichapo manasil oru sivarathri aagoshichathupole oru feeling,vallatha oru kulirma
  orupadu thaanks ithupole iniyum prathikshikunnu,U R great ,keep it up.

  - Resmi Raj

  ReplyDelete
 5. Got a feeling of shivaratri at padanilam for the first time. Though i have never been there, i felt as if i was there... Pictures are wonderful...

  ReplyDelete
 6. ഒരു ശിവരാത്രി ഉത്സവം ആഘോഷിച്ച പ്രതീതീ ഞങ്ങള്‍ക്കുണ്ടായി , ഒരു നൂറനാട്ടുകാരനായിട്ടും ഞാന്‍ ശിവരാത്രി കൂടിയിട്ടു വര്‍ഷങ്ങള്‍ പത്തു പതിനഞ്ചാകുന്നു, വളരെ നന്നായീ..
  വീണ്ടും എഴുതുക.
  - കൊച്ചച്ചന്‍(Vasudevan Pillai)

  ReplyDelete
 7. ADIPOLI..........

  lively...colourful

  - Deepa KurasarurMana

  ReplyDelete
 8. Avatharana shaily kollaam.. pakshe alpam bhaashaa shudhi varuthaanundu..

  It is a great attempt.

  - Jins Jose

  ReplyDelete
 9. Aliyaaaaaaaaaaaaaaaaaa.......thakarthu.... daa aa pazhaya cricket kaliyude katha vayichu...mone.......
  -Sunil.

  ReplyDelete
 10. കുട്ടേട്ടാ : തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ എഴുതാം..നിങ്ങളെ പോലുള്ള ഇരുത്തം വന്ന ബ്ലോഗ്ഗര്‍' മാരുടെ comments'നെ വിലമതിക്കുന്നു..
  ദിവ്യ : ഇത്തവണ കൂടി അത് miss ചെയ്യാതിരിക്കാനാ ഒരു അവസാന ശ്രമം നടത്തി ഞാന്‍ പോയത്..
  ഗോപികൃഷ്ണ : ആശംസ സ്വീകരിച്ചിരിക്കുന്നു :-)
  അമ്പാടി(അരവിന്ദ്) : താങ്ക് യു..താങ്ക് യു..
  ചിഞ്ചു : :-)
  രശ്മി : നിങ്ങളുടെ support ആണ് ആവശ്യം
  യാമിനി ചേച്ചി : സന്തോഷം
  ദീപ : താങ്ക് യു
  ജിന്‍സ് : തീര്‍ച്ചയായും ഭാഷ നന്നാക്കാന്‍ ശ്രമിക്കാം
  ഒഴാക്കാന്‍ : നന്ദി :-)
  സുനില്‍ : ഡാ, ഇനിയുമുണ്ട് നമ്മുടെ കഥകള്‍..."സുബ്രമണ്യന്‍ കഥകള്‍.."

  ReplyDelete
 11. സിബു....

  നല്ല കിണ്ണൻ പോസ്റ്റ്!

  വൈലിയാനെങ്കിലും ഇതു കണ്ടല്ലോ!
  ഇനി ഈ ഉത്സവത്തിനു പങ്കെടുക്കണം എന്നു പൂതി!

  ഞങ്ങളുടെ ഏവൂർ അമ്പലത്തിലെ ഉത്സവത്തിനുമുണ്ട് ഇതുപോലുള്ള ‘കാളകെട്ട്’. എന്നാൽ കതിർകുലകൾ കൊണ്ടുള്ള കാള ഇല്ല. ആ കാഴ്ച അതിമനോഹരം!

  പിന്നെ

  “കുംഭത്തിലെ സംക്രമത്തില്‍ അഗ്നിശുദ്ധി വരുത്തി പുതിയൊരു നാളെക്കായി ഒരുക്കുന്ന ചൂട്ടു കമ്പത്തില്‍, ഉയരെ ഉയരെ പാറുന്ന അഗ്നി രാത്രിയെ പകലാക്കുന്നത് അഭൂതപൂര്‍വമായ ഒരു കാഴ്ചയാണ്.”

  എന്നെഴുതുമ്പോൾ ‘അഭൂതപൂർവമായ’ എന്നല്ല വേണ്ടത്. അത്ഭുതകരമായ എന്നാവും നല്ലത്.

  അഭൂതപൂർവം = അ +ഭൂതപൂർവം
  ഭൂതപൂർവം = മുൻപുണ്ടായിട്ടുള്ളത്
  അഭൂതപൂർവം= മുൻപ് ഉണ്ടായിട്ടില്ലാത്തത്.

  ഇത് മുൻപുണ്ടായിട്ടില്ലാത്തതല്ലല്ലോ...

  ReplyDelete
 12. ജയന്‍ ചേട്ടാ,
  തെറ്റ് തിരുത്തി തന്നതിന് ഒരുപാട് നന്ദി ഉണ്ട് കേട്ടോ...ഇനിയുള്ള പോസ്റ്റുകളിലും ഈ നല്ല വായന പ്രതീക്ഷിക്കുന്നു..
  സ്നേഹപൂര്‍വ്വം,
  സിബു

  ReplyDelete
 13. ജയന്‍ ചേട്ടാ,
  അടുത്ത വര്‍ഷത്തെ ശിവരാത്രി കാണാന്‍ ഇപ്പോഴേ ക്ഷണിച്ചിരിക്കുന്നു..

  ReplyDelete
 14. കാള കളിയുടെ പുരാണചരിത്രങ്ങളൊടൊപ്പം നൂറാനാടൻ നാട്ടുമഹിമയും വരയും(പടങ്ങൾ),വരിയുമായി വളരെ വിശദമായി തന്നെ നന്നായി വിവരിച്ചിരിക്കുന്നു കെട്ടൊ..സിബു
  അഭിനന്ദനങ്ങൾ ...!

  ReplyDelete
 15. എനിക്ക് ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ഗൃഹാതുരത്വം അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ ഒന്നുമെഴുതാന്‍ തോന്നുന്നില്ല. നല്ല വിവരണം ആയിരുന്നു കെട്ടോ. അതുകൊണ്ട്‌ എല്ലാം ഭാവനയില്‍ കാണാന്‍ സാധിച്ചു. വിശദമായ വിവരണത്തിന്‌ നന്ദി!

  ReplyDelete
 16. ബിലാത്തിപട്ടണം : കാളകെട്ട് കാണാന്‍ ഒരു തവണ ഞങ്ങളുടെ നാട്ടിലേക്ക് വരൂ :-)

  വായാടി:"എനിക്ക് ഇതു വായിച്ച് കഴിഞ്ഞപ്പോള്‍ ഗൃഹാതുരത്വം അനുഭവപ്പെടുന്നു"
  - ഇതിലും നല്ല ഒരു അഭിപ്രായം ഈ പോസ്റ്റിനു കിട്ടാനില്ല. വളരെ സന്തോഷം.

  ReplyDelete
 17. സുന്ദരന്‍ പോസ്റ്റ്‌....ജോലി കിട്ടിയിട്ട് ഇതുവരെ ശിവരാത്രി കാണാനായി നാട്ടില്‍ പോയിട്ടില്ല...ഒരു ആലുവക്കാരി ആണ് പറയുന്നതെന്നൊര്‍ക്കണം
  ഈ പോസ്റ്റ്‌ വായിച്ചപ്പോ ശെരിക്കും ഭയങ്കര നൊസ്റ്റാള്‍ജിയ....നൂറനാട്ടെ ശിവരാത്രി ഫോട്ടോസ് അടിപൊളി ആയിട്ടുണ്ട്‌.....എപ്പോഴെങ്ങിലും ഏതൊക്കെ നേരില്‍ കാണാന്‍ പറ്റും ന്നു വിചാരിക്കുന്നു:-)

  ReplyDelete
 18. @ lakshmi : 2012ല്‍ നേരിട്ട് കാണാം..അത് വരെ ക്ഷമിക്കൂ മകളെ..

  ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails