Sunday, December 4, 2011

വരി : "മഴയില്‍ നനഞ്ഞ് സെപ്റ്റംബര്‍......, മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍ - 1"

   
                                മാത്തേരാന്‍ പോയ സംഘത്തെ ഓര്‍മ്മയില്ലേ? ആ ടീം ഇത്തവണ മഹാബലേശ്വറിലേക്കാണ്. മഹാരാഷ്ട്രയുടെ 'iconic' ഹില്‍സ്റ്റേഷന്‍. വേനല്‍ക്കാലത്ത് പോലും സുഖമുള്ള തണുപ്പ് നിറഞ്ഞു നില്‍ക്കുന്ന, മഴക്കാലത്ത് ഇടമുറിയാതെ മഴ പെയ്യുന്ന, അരുവികളും, തടാകങ്ങളും, പൂക്കളും, സ്ട്രോബെറികളുമുള്ള സഹ്യാദ്രിമലനിരകള്‍ കൈകോര്‍ത്തു നില്‍ക്കുന്ന സുന്ദരഭൂമി. വെറുമൊരു ഹില്‍സ്റ്റേഷന്‍ എന്നതിനുമപ്പുറം പുണ്യ പുരാതന ക്ഷേത്രങ്ങളുടെയും നദികളായ കൃഷ്ണ, വെന്ന, കൊയ്ന, സാവിത്രി, ഗായത്രി എന്നിവയുടെയും ഉത്ഭവസ്ഥാനം കൂടിയാണ് ഈ പ്രദേശം. പൂനെയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ തെക്ക് സാത്താര ജില്ലയിലാണ് മഹാബാലേശ്വര്‍ സ്ഥിതി ചെയ്യുന്നത്. 
                                 വെളുപ്പിന് അഞ്ചു മണിക്ക് ഞങ്ങള്‍ യാത്രയാരംഭിച്ചു. പൂനെ-ബാംഗ്ലൂര്‍ ഹൈവേ സിറ്റിയെ തൊടാതെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. പുലര്‍ച്ചയായതിനാല്‍ ‍ട്രാഫിക് തീരെ കുറവും. ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹൈവയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഞങ്ങള്‍ 'വായി' ഗ്രാമത്തില്‍ പ്രവേശിച്ചു. വായിയെ വിശേഷിപ്പിക്കാന്‍ സുന്ദരം, മനോഹരം എന്നൊക്കെയുള്ള സാധാരണ പദങ്ങള്‍ മതിയാവില്ല. റോഡിന്‍റെ ഇരുവശങ്ങളിലും എള്ളിന്‍ പൂവുകള്‍ തളിരിട്ടു നില്‍ക്കുന്ന പാടങ്ങള്‍,  മലനിരകളില്‍ ഉദയസൂര്യന്‍റെ വെയില്‍ തട്ടി തിളങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍, വഴിയുടെ ഇരുവശവും വള്ളിപടര്‍പ്പുകള്‍ ഭൂമിയിലാഴ്ത്തി തപസ്സ് ചെയ്യുന്ന ആല്‍മരങ്ങള്‍. ഒരിടത്ത് നിറഞ്ഞൊഴുകുന്ന നദിക്കു കുറുകെ ഞങ്ങള്‍ കടന്നു. "കൃഷ്ണാ നദി..."

കൃഷ്ണാ നദി 
വായിയിലേക്ക് 
വായി 
വായിയില്‍ സഹ്യന്‍

 വായിയിലെ ഇടുങ്ങിയ 'ഗലി'കളിലൂടെ വളഞ്ഞും തിരിഞ്ഞും ഞങ്ങളുടെ ബസ്സ്‌ വായി ഗണപതി ക്ഷേത്രത്തിന്‍റെ മുന്നിലെത്തി. ഏകദേശം 350  വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ പുതുതായി പണി തീര്‍ത്ത ഗോപുരം പ്രൌഡിയോടെ തലയുയര്‍ത്തി  നില്‍ക്കുന്നു. പത്തടിയോളം ഉയരവും, അതിനൊത്ത വലിപ്പവുമുള്ള ഗണേശ വിഗ്രഹത്തിനും അത്ര തന്നെ പഴക്കമുണ്ട്. പഴമയും പുതുമയും ചേര്‍ന്ന ക്ഷേത്രം, കൃഷ്ണാ നദിക്കരക്ക് ഒരലങ്കാരമാണ്.

കൃഷ്ണാ നദിക്കരയില്‍ ഗണപതി ക്ഷേത്രം 

                                                               ഗണപതി ക്ഷേത്രം

ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം ഉണ്ട്. ക്ഷേത്രത്തിനുള്ളിലെ പുരാതന കല്പ്പണികളും,  നന്ദികേശ വിഗ്രഹവും, 'ദീപ്മാളുകളും'(ദീപസ്തംഭം) ഏറെ ആകര്‍ക്ഷണീയമാണ്. കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രത്തിന്‍റെയും, ശിവലിംഗത്തിന്റെയും ശില്‍പ്പചാരുത  ആസ്വദിച്ചുള്ള എന്‍റെ നില്‍പ്പ് കണ്ട് കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു, "നമുക്ക് മഹാബലേശ്വറിലേക്കാണ് പോകേണ്ടത്..!!"

വായി ശിവക്ഷേത്രം 
                                                               നന്ദി വിഗ്രഹം
                                                  ദീപ്മാള്‍ അഥവാ ദീപസ്തംഭം
                                         ശിവ ക്ഷേത്രവും ഗണപതി ക്ഷേത്രവും              
ചുരം കയറാം
                            യാത്രയുടെ തുടക്കം വിഘ്നേശ്വരനുള്ള  കാണിയ്ക്കയാക്കി ഞങ്ങള്‍ വായിയില്‍ നിന്ന് മഹാബലേശ്വറിലേക്ക് ആരംഭിക്കുന്ന ചുരം കയറി തുടങ്ങി. ഹെയര്‍പിന്‍ ‍ വളവുകള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന റോഡിലൂടെ വളരെ ഉയരത്തില്‍ കൂനനുറുമ്പുകള്‍ പോലെ വരി വരിയായി വാഹനങ്ങള്‍ പോകുന്നത് താഴെ നിന്നേ കാണാന്‍ കഴിയും. വീതി കുറഞ്ഞ റോഡ്‌ ആണെങ്കിലും, അരിക് മതില്‍ കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

ചുരം തുടങ്ങുമ്പോള്‍
                                                                              ചുരം

   യാത്ര ഏകദേശം പകുതിയോളം കഴിയുമ്പോള്‍ പാറ തുരന്ന് ഒരു ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. സര്‍വ്വബലവാനായ വായൂപുത്രനെയല്ലാതെ മറ്റാരെയാണ് ഈ മലകളുടെയും, പാറക്കെട്ടുകളുടെയും സംരക്ഷകനായി നാം പ്രതീക്ഷിക്കേണ്ടത്, അല്ലെ?!


പാഞ്ച്ഗനി - മഹാബലേശ്വറിന്റെ കവാടം 
                       സമയം ഏഴര ആകുന്നതേയുള്ളൂ. ഞങ്ങള്‍ പാഞ്ച്ഗനിയിലെത്തി. പാഞ്ച്ഗനിയെ നമുക്ക് മഹാബലേശ്വറിന്‍റെ തുടക്കമെന്നോ, മഹാബലേശ്വറിലേക്കുള്ള  ഇടത്താവളമെന്നോ  ഒക്കെ വിശേഷിപ്പിക്കാം. അഞ്ചു ഗ്രാമങ്ങള്‍ക്ക് മുകളില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നതിനാലാണ് പാഞ്ച്ഗനിക്ക് ആ പേര്.

പാഞ്ച്ഗനിയിലെ ആദ്യ കാഴ്ച 
ടേബിള്‍ ടോപ്പില്‍

'ടേബിള്‍ ടോപ്പും', 'പാര്‍സി പോയിന്‍റും', 'കാര്‍ത്തികേയ ക്ഷേത്രവും', 'സണ്‍റൈസ് പോയിന്‍റും', 'സിഡ്നി പോയിന്‍റും' പാഞ്ച്ഗനിക്ക് അവകാശപ്പെടാനുള്ളതാണ്. ബോര്‍ഡിംഗ് സ്കൂളുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രയുടെ ഊട്ടിയാണ്, പാഞ്ച്ഗനി. 'താരെ സമീന്‍ പര്‍' പോലെയുള്ള പല വിജയചിത്രങ്ങളുടെയും സുന്ദരമായ ഫ്രെയ്മുകള്‍ പാഞ്ച്ഗനിയിലെ ബോര്‍ഡിംഗ് സ്കൂളുകളുടെതാണ്.


പീതാംബരം ചുറ്റി ടേബിള്‍ ടോപ്പ്
                           തുടക്കം ടേബിള്‍ടോപ്പില്‍ നിന്നായിരുന്നു. ഞങ്ങളുടെ 'കുട്ടി'ബസ്സ്‌ നിരങ്ങി നിരങ്ങി മല കയറി. പീഠഭൂമിയെന്ന് പണ്ട് സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ പഠിച്ചിട്ടുള്ളതല്ലാതെ, അതെന്താണെന്ന് കാണുന്നത് ആദ്യമായിട്ടാണ്. അവിടെയുണ്ടായിരുന്ന മലയുടെ തല, ഒരു വാള് കൊണ്ട് വെട്ടി മാറ്റിയത് പോലെയുണ്ട് കണ്ടാല്‍. ആ പ്രദേശം നിറഞ്ഞു നില്‍ക്കുന്ന അഴകാര്‍ന്ന പീതവര്‍ണ്ണം വാരിവിതറിയ ചെറുപൂവുകള്‍, പത്താം ക്ലാസില്‍ പഠിച്ച 'Daffodils' കവിത നമ്മെ ഓര്‍മ്മിപ്പിക്കും. സൗന്ദര്യത്തിന് മാറ്റ് കൂട്ടി തെളിവാര്‍ന്ന ഒരു കൊച്ചു തടാകം, സഞ്ചാരികളെ കാത്ത് കിടക്കുന്ന കുതിരവണ്ടികള്‍, മൂടല്‍മഞ്ഞിനിടയിലൂടെ അവ്യക്തമായ ചിത്രം വരച്ച് താഴ്വാരത്തിലൂടെ ഒഴുകുന്ന കൃഷ്ണാനദി. മൊത്തത്തില്‍,പച്ചയും,നീലയും,മഞ്ഞയും, പിന്നെ കുറെയേറെ വര്‍ണങ്ങളും  കൂടിക്കലര്‍ന്ന പ്രകൃതിയുടെ ഒരു അപൂര്‍വ്വസുന്ദര  ക്യാന്‍വാസ്.

                                              ടേബിള്‍ ടോപ്പില്‍ നിന്ന്
                                                   ടേബിള്‍ ടോപ്പില്‍ നിന്ന്
                                                        ടേബിള്‍ ടോപ്പില്‍ നിന്ന്
                                                 ടേബിള്‍ ടോപ്പില്‍ നിന്ന്
                                                           ടേബിള്‍ ടോപ്പില്‍ നിന്ന്
                                                        ടേബിള്‍ ടോപ്പില്‍ നിന്ന്

കൃഷ്ണാനദി കാണാവുന്ന  ടേബിള്‍ ടോപ്പിന്‍റെ അരിക്  ചേര്‍ന്ന്  ഞങ്ങള്‍ നടന്നു. ആ  സമതലം ഒന്ന്  വലത്ത്  വയ്ക്കുവാന്‍ തന്നെ ഒരു മണിക്കൂറോളം വേണ്ടി വരും.
                      സമതലത്തിനു താഴെ കാടുപിടിച്ച്  കിടക്കുന്ന  ആരാധനാലയം
                                                           ടേബിള്‍ ടോപ്പില്‍ നിന്ന്
                                                         താഴ്വാരത്ത് കൃഷ്ണാ നദി
                                                     ടേബിള്‍ ടോപ്പില്‍ നിന്ന്
                                                   ടേബിള്‍ ടോപ്പില്‍ നിന്ന്

                                                       ടേബിള്‍ ടോപ്പില്‍ നിന്ന്

                                                     ടേബിള്‍ ടോപ്പില്‍ നിന്ന്

കുതിര സവാരിയും,ഒട്ടക സവരിയുമൊക്കെയായി അവിടം തിരക്കായി തുടങ്ങിയപ്പോഴേക്ക് ഞങ്ങള്‍ മടങ്ങാമെന്ന് തീരുമാനിച്ച് നടന്നു തുടങ്ങി. അപ്പോഴാണ് ആ ബോര്‍ഡ്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. "Way  to the Cave "!!! .ആകാംഷയുടെ ഒരു 'ഇതു' കൊണ്ട് ഞങ്ങള്‍ പായല്പിടിച്ച ചെറിയ  കല്‍പ്പടവുകളിലൂടെ താഴേക്കിറങ്ങി. താഴെയെത്തിയപ്പോള്‍ ബോര്‍ഡില്‍ ഒരു മാറ്റം, "Cave Restaurant " എന്നെഴുതിയിരിക്കുന്നു. മരത്തിന്‍റെ ഒന്ന് രണ്ടു കസേരയും മേശയുമല്ലാതെ മറ്റൊന്നുമില്ല. 'കയ്യേറ്റ'മാണെന്ന്  കണ്ടാലറിയാം.മടിച്ചു മടിച്ച് ഞങ്ങള്‍ ഉള്ളിലേക്ക് കയറി. ഗുഹക്കുള്ളില്‍ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാവുന്ന ഉയരം, ഉള്ളില്‍ ഒരു ചെറു തുരങ്കവും. കഷ്ട്ടിച്ച് ഒരാള്‍ ക്ക്  കുനിഞ്ഞ്‌ നടന്നുപോകാന്‍ പറ്റുന്ന, ലവലേശം വെളിച്ചമില്ലാത്ത ഗുഹയ്ക്കുള്ളിലെ തുരങ്കത്തിലേക്ക് ഓരോരുത്തരായി ഞങ്ങള്‍ കയറിയതും, ഭീകരമായ ശബ്ദത്തോടെ ഒരു കൂട്ടം നരിച്ചീറുകള്‍ ഞങ്ങളുടെ തലയില്‍ തട്ടി പറന്നു പോയതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം എല്ലാവരും ശ്വാസം നഷ്ട്ടപ്പെട്ട് നിന്നുപോയി. പിന്നെ അവിടെ നിന്ന് എങ്ങനെയെങ്ങിലും പുറത്തു ചാടാനുള്ള  തത്രപ്പാടിലായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലുള്ള സന്തോഷമായിരുന്നു ഗുഹക്കു പുറത്തു വന്ന എല്ലാവരുടെയും മുഖത്ത്‌. 

                                        പടികളിറങ്ങി പാണ്ടവ ഗുഹയിലേക്ക്
                                                            ഗുഹയിലെ തുരങ്കം

                 ഇതിനു "Devil 's Kitchen " എന്നൊരു വിളിപ്പേരുണ്ടെന്നറിയുന്നത്‌ തിരികെ ഇറങ്ങിയതിനു ശേഷമാണ്. തന്നെയുമല്ല പാണ്ഡവന്മാര്‍ ഈ ഗുഹയില്‍ വസിച്ചിരുന്നതായി ഒരു ഐതിഹ്യവുമുണ്ടത്രെ. വ്യത്യസ്തമായ ഈയൊരനുഭവം യാത്രക്ക് നല്ലൊരു തുടക്കം സമ്മാനിച്ചു.
                ടേബിള്‍ ടോപ്പിനോട് യാത്ര പറഞ്ഞ് ഞങ്ങളുടെ ബസ്സ്‌ മലയിറങ്ങി. പ്രഭാതഭക്ഷണം, കയ്യില്‍ കരുതിയിരുന്ന ബ്രഡ്ഡിലും, ജാമ്മിലും ഒതുക്കി കൈ തുടക്കുമ്പോഴേക്കും ഞങ്ങള്‍ പാര്‍സി പോയിന്‍റില്‍ എത്തിയിരുന്നു. താഴ്വാരത്ത് കതിരിട്ടു നില്‍ക്കുന്ന പാടങ്ങള്‍. ദൂരെ, സമൃദ്ധമായി ഒഴുകുന്ന കൃഷ്ണാനദിയെ അണകെട്ടി നിര്‍ത്തിയിരിക്കുന്നു. അതിനുമപ്പുറം മലനിരകള്‍.

                                                   പാര്‍സി പൊയന്റില്‍ നിന്ന്
                                           പാര്‍സി പൊയന്റില്‍ നിന്ന് കൃഷ്ണാ നദി

          സൂര്യനുദിച്ചു കഴിഞ്ഞതിനാല്‍   ഇനി സണ്‍റൈസ്   പോയിന്‍റില്‍ പോയിട്ട് വിശേഷമൊന്നുമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ സിഡ്നി പോയിന്റിലേക്ക് യാത്ര തിരിച്ചു. പാര്‍സി പോയിന്‍റില്‍ നിന്ന് കാണാവുന്ന അതെ ദൃശ്യങ്ങള്‍ മറ്റൊരു ആംഗിളില്‍ കുറെ കൂടി അടുത്ത് കാണാം എന്നൊരു സവിശേഷതയാണ് സിഡ്നി പോയിന്‍റിനുള്ളത്. കണ്ണാടി പോലെ തിളങ്ങുന്ന കൃഷ്ണാനദി ഇവിടെ നിന്നും ഒഴുകി ഒഴുകി ആന്ധ്രയില്‍ കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും. ആന്ധ്രയില്‍ ചെല്ലുമ്പോഴേക്കും പലയിടങ്ങളിലും മണല്‍ക്കൂമ്പാരങ്ങള്‍ക്ക് ഉള്ളിലേക്ക് ഒളിച്ചു പോകുന്ന കൃഷ്ണാനദിയെ നമുക്ക് കാണാം.
                                                                        പനംകുല
                                         യാത്ര സംഘം സിഡ്നി പോയിന്റില്‍


                                         പറാട്ടയും(നമ്മുടെ മൈദാ പൊറോട്ടയല്ല..!!), റൊട്ടിയും, പനീര്‍കുറുമയും, വെജ് കടായിയുമൊക്കെയായി കുശാലായ ഉച്ചഭക്ഷണം കഴിയുമ്പോഴേക്ക് നാല് മണി കഴിഞ്ഞിരുന്നു. ഹില്‍ടോപ്പും, വനവും കൂടിയായതിനാല്‍ ഏതാണ്ട് അഞ്ചുമണി കഴിയുമ്പോഴേക്ക് അവിടം ഇരുട്ടി തുടങ്ങിയിരിക്കും. ഞങ്ങളുടെ താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്‌ മഹാബലേശ്വറിലാണ്. പാഞ്ച്ഗനിയില്‍ നിന്ന് പത്തു-പതിനഞ്ച് കിലോമീറ്റെറോളം പോകണം, മഹാബലേശ്വറിലേക്ക്. 
[Tip: മഹാബലേശ്വറില്‍ പോയി തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ ഹോട്ടല്‍ ബുക്ക്‌ ചെയ്യണമെന്നില്ല. അവിടെ ചെന്ന് അന്വേഷിച്ച് മുറികള്‍ കണ്ടിഷ്ട്ടപ്പെട്ട് ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്. ഇതിനു Agent 'മാരെ സമീപിക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും. ] 
   
                                   പാഞ്ച്ഗനിയിലെ കാര്‍ത്തിക് സ്വാമി മന്ദിര്‍ ദര്‍ശനം മറ്റൊരിക്കലേക്ക് മാറ്റി വച്ച് ഇരുട്ടുന്നതിന്‌ മുന്നേ മഹാബലേശ്വറില്‍ എത്താമെന്ന് കരുതി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പാഞ്ച്ഗനിയില്‍ നിന്ന് മഹാബലേശ്വറിലേക്ക് പോകുന്ന വഴിയിലാണ് ലിംഗ്മല വെള്ളച്ചാട്ടം. 

"ബഹുത്ത് സുന്ദര്‍ ജഗ ഹേ സാബ്...ജാകെ ആനാ" .. എന്നും പറഞ്ഞ് ഡ്രൈവര്‍ വണ്ടി സൈഡ് ചേര്‍ത്തു. 
ഇത്തിരി ഉയര്‍ന്ന പ്രദേശത്തായിരുന്ന ഞങ്ങള്‍ ഡ്രൈവര്‍ കാട്ടിതന്ന വഴിയിലൂടെ താഴേക്കിറങ്ങി. ഇറങ്ങി ചെല്ലുംതോറും വഴിയുടെ വീതി കുറയുകയും വശങ്ങളിലായി നിന്ന ചെടികളുടെ ഉയരം കൂടുകയും ചെയ്തു കൊണ്ടിരുന്നു. ഏതാണ്ട് അരക്കിലോമീറ്ററോളം ഞങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. ഞങ്ങളൊരു കാട്ടിലേക്ക് കടക്കുകയായിരുന്നു.
 
                                                   
ആര്‍ത്തലച്ചു താഴേക്കു പതിക്കുന്ന കൃഷ്ണാനദിയെ ഞങ്ങള്‍ ദൂരെ നിന്നേ കേട്ടു. അടുക്കുന്തോറും ശബ്ദത്തിനു കനം വച്ചുകൊണ്ടേയിരുന്നു. വെള്ളച്ചാട്ടത്തിനു മുന്നേ ഞങ്ങള്‍ക്ക് ഒരു ചെറിയ തോട് മുറിച്ചു കടക്കേണ്ടി വന്നു. പെരുവിരല്‍ മുതല്‍ തലമുടിനാര് വരെ തണുപ്പിന്‍റെ സുഖമുള്ള തലോടല്‍ തന്ന ഒരു കുഞ്ഞുതോട്! 
 
                                                    കാട്ടിനുള്ളിലെ തണുത്ത അരുവി
                                                                           അരുവി

ലിംഗ്മല വെള്ളച്ചാട്ടം 

                              കുറച്ചു കൂടി മുന്നേക്ക് നടന്ന്, വെള്ളച്ചാട്ടം കാണാറായി എന്ന് വന്നപ്പോഴേക്കും, യാതൊരു മുന്നറിയിപ്പും തരാതെ പെട്ടെന്നൊരു മഴ!!! ഞങ്ങളെ നനയിക്കാനായി മാത്രം എവിടെയോ പതുങ്ങി നിന്ന് പുറത്തു ചാടിയത് പോലെ!  ഞങ്ങളെല്ലാവരും നനഞ്ഞുവെന്ന് കണ്ടപ്പോള്‍ മഴ തോരുകയും ചെയ്തു. നനഞ്ഞൊലിച്ചു ഞങ്ങള്‍ തിരികെ കുന്നുകയറി. ബസ്സ്‌ പതുക്കെ മഹാബലേശ്വറിലെക്കുള്ള വളവുകള്‍ താണ്ടി തുടങ്ങി. ലിംഗ്മല വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യവും, ആഴവും, ശബ്ദവും മനസ്സില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു കൊണ്ടേയിരുന്നു. ചന്നം പിന്നം വീണ്ടും പെയ്തു തുടങ്ങിയ പൊടിമഴയും, ഒപ്പം വന്ന കുളിര്‍ക്കാറ്റും ഞങ്ങളെ മഹാബലേശ്വറെന്ന സ്വപ്നഭൂമിയുടെ കവാടത്തില്‍ സ്വാഗതം ചെയ്തു.


(ഇനി മഹാബലേശ്വറിലേക്ക്...)


Saturday, May 14, 2011

വര & ഫോട്ടോ : ഗ്രീഷ്മം


"ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി..."
നമ്മുടെ നാട്ടില്‍ വേനലിലും മരങ്ങള്‍ ഇലകള്‍ പൊഴിച്ച് തന്നെ നില്‍ക്കും അല്ലെ !!? അത് കൊണ്ട് ഈ ചിത്രത്തിന് ഗ്രീഷ്മം എന്ന് പേര് കൊടുക്കുന്നു.

Medium : Water Color on Paper
*******************************************************************************************************

ഈ ഒരു ചിത്രവുംകൂടെ ഉണ്ടെങ്കിലെ നമ്മുടെ വേനല്‍ പൂര്‍ണമാവുകയുള്ളൂ അല്ലെ ?! ഇതൊരു ഫോട്ടോയാണ്. അതിരാവിലെ (സത്യമായിട്ടും ഞാന്‍ രാവിലെ
 എഴുന്നേല്‍ക്കും ;-) ) സൂര്യോദയം എടുക്കാന്‍ പുനെയിലെ പുരപ്പുറത്തു കയറിയപ്പോള്‍ അവിചാരിതമായി കിട്ടിയത്.

Photo : Nikon coolpix point-n-shoot 10 Megapixel


Sunday, March 6, 2011

വരി : ബൈക്കില്‍ പോകാം, മഴയെ പിടിക്കാം...ഒപ്പം എന്റെ നാടും കാണാം.


                                  പണ്ട് നാട്ടിലുള്ളപ്പോഴായാലും, ഇപ്പൊ നാട്ടില്‍ ചെന്നാലും വീട്ടിലിരിക്കുന്ന പരിപാടി കമ്മിയാണ്.
"അവനിവിടില്ലേ?" എന്ന് ചോദിച്ചു കൂട്ടുകാര് ആരെങ്കിലും വന്നാല്‍ അമ്മ പരിഭവം പറയും..
"അവനു വീട്ടിലിരിക്കാന്‍ സമയമില്ലല്ലോ ! രാവിലെ ഒരു സാധനം ചന്തിക്കീഴില്‍ എടുത്തുവച്ചു ഇറങ്ങുന്നതല്ലേ....."

അമ്മയോട് പറഞ്ഞും പറയാതെയും കറങ്ങിനടപ്പ് ഒരുപാടുണ്ടായിരുന്നു. ഒറ്റയ്ക്കാണെന്ന് കരുതേണ്ടാ, നാലഞ്ചു പേരുടെ ഒരു ഗ്യാന്ഗ് ഉണ്ടാകും. സുബ്രമണ്യനും, അനീഷും, അജയനും, സുനിലും അതില്‍ സ്ഥിരം. പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സൈക്കിളില്‍ പോകാത്ത ഊടുവഴികള്‍ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. എല്ലാവര്‍ക്കും ജോലിയൊക്കെയായി ബൈക്ക് കൈയില്‍ കിട്ടിയപ്പോള്‍ അതങ്ങ് ദൂരേക്ക്‌ ദൂരേക്ക്‌ ഉത്സവം കാണാനും സിനിമ കാണാനും മറ്റുമായി. മുന്‍കൂട്ടി ധാരണയില്ലാത്ത ചില കറക്കങ്ങള്‍ കിലോമീറ്ററുകളോളം പൊയ്ക്കളയും. അത്തരത്തില്‍ ഒരു മഴയുള്ള ദിവസം, ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റമായ നൂറനാട്ടു നിന്ന് പടിഞ്ഞാറേ അറ്റമായ കുട്ടനാട് വരെയുള്ള കറക്കത്തിന്റെ ചിത്രങ്ങളാണ് ഇത്തവണത്തെ പോസ്റ്റ്‌.

                             ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഭംഗിയുള്ള പ്രദേശം ഏതാണെന്ന് ചോദിച്ചാല്‍ ഞങ്ങളെല്ലാവരും ഒരുപോലെ പറയും, 'പള്ളിമുക്കം ഭഗവതി ക്ഷേത്രം'. മൂന്നുവശം വെള്ളം കയറിക്കിടക്കുന്ന കരിഞ്ഞാലി പാടം. അമ്പലത്തിന്റെ മുന്‍ഭാഗത്തായി കല്‍പ്പടവുകള്‍ ഇറങ്ങിചെന്നാല്‍ താമരപൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ക്ഷേത്രക്കുളം. സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞാല്‍ വിജനമാകുന്ന അമ്പലക്കുളത്തിന്റെ പടവുകളില്‍ പൗര്‍ണമി ദിവസങ്ങളില്‍ ചന്ദ്രോദയം കണ്ടിരുന്ന നിമിഷങ്ങള്‍, ആകാശം നിറഞ്ഞു നില്‍ക്കുന്ന ചുവന്നു തുടുത്ത തളികയായി കിഴക്ക് മലകള്‍ക്ക് പിന്നില്‍ നിന്ന് ഉദിച്ചു വരുന്ന ചന്ദ്രന്‍ പിന്നീട് പാടങ്ങളിലും കുളത്തിലും സ്വര്‍ണപ്രഭ പൊഴിച്ച് തലയ്ക്കു മുകളില്‍ വരുന്നത് വരെയും നീണ്ടു പോയിരുന്നു ഞങ്ങളുടെ ആ ആസ്വാദനം. പഠിത്തം കഴിഞ്ഞു ജോലിക്ക് വേണ്ടി അലയുന്ന സമയങ്ങളില്‍ വിഷമങ്ങള്‍ ഇറക്കിവയ്ക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ അവിടെയാണ് ചിലവഴിച്ചത്, പള്ളിമുക്കത്ത്‌.


പള്ളിമുക്കം ഭഗവതി ക്ഷേത്രം
ദീപാരാധന
അമ്പലക്കുളവും പടവുകളും
കരിഞ്ഞാലി പുഞ്ച
ജലകണങ്ങള്‍ മുത്തുകളാക്കി താമരയിലകള്‍

അച്ഛന്റെ കൈയും പിടിച്ച്
(സന്ധ്യ സമയത്ത് എടുത്തത്‌ കൊണ്ട് ചിത്രങ്ങള്‍ക്ക് ഒരു തെളിച്ചക്കുറവുണ്ട്, ക്ഷമിക്കുക)

എന്റെ നാടിനെക്കുറിച്ച് പറയുമ്പോള്‍ പള്ളിമുക്കം ക്ഷേത്രവും, താമരക്കുളവും, പടവുകളും, പൗര്‍ണമിയും ഒഴിവാക്കാന്‍ കഴിയാത്തതിനാലാണ് ഇത്രയും ആമുഖം. പടനിലം ക്ഷേത്രവും ശിവരാത്രി ഉത്സവവും അത്ര തന്നെ പ്രധാനമാണ്. അത് നേരത്തെ പോസ്റ്റ്‌ ചെയ്തത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

              പള്ളിമുക്കം കഴിഞ്ഞാല്‍ ഞങ്ങളുടെ സ്ഥിരം താവളം പെരുവേലില്‍ച്ചാല്‍ പുഞ്ചയാണ്. അവിടെ പെയ്യുന്ന മഴയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഭംഗിയുണ്ട്. രാവിലത്തെ മഴക്കോള് കണ്ട്, ഇന്ന് അങ്ങോട്ട്‌ തന്നെയെന്നു തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങി. ഞങ്ങളങ്ങ്‌ എത്തുമ്പോഴേക്കും, ഒരു റൗണ്ട് മഴ പെയ്തിരുന്നു. 


പെരുവേലില്‍ച്ചാല്‍ വയലില്‍ കൂടി ചെമ്മണ്‍പാത
അടുത്ത മഴയും കാത്ത്

മേഘങ്ങള്‍ നേര്‍ത്ത് നേര്‍ത്ത്...വെളിച്ചം വന്നു തുടങ്ങി

പെരുവേലില്‍ച്ചാല്‍

അടുത്ത റൌണ്ടും ഉടനെ തന്നെ ഉണ്ടാകുമെന്ന് കരുതി കുറെ നേരം ഞങ്ങള്‍ കാത്തു. നിരാശയായിരുന്നു ഫലം. മാനത്ത് വീണ്ടും വെളിച്ചം വീഴുന്നത് കണ്ട് ഞങ്ങള്‍ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അജയന്‍, "എടാ എനിക്ക് മാന്നാറു വരെ പോകണം, ഒരു വണ്ടി ഇങ്ങു താ"
"വീട്ടില്‍ പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ, വാ ഒരുമിച്ചു പോകാം, മാന്നാറെങ്കില്‍ മാന്നാര്‍"

അങ്ങനെ ഞങ്ങള്‍ ചെറിയനാട്, ബുധനൂര് വഴി മാന്നാറേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്ക് ബുധനൂര് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടെ ഭംഗിയും വൃത്തിയും മറ്റൊരു നാട്ടിലും ഞാന്‍ കണ്ടിട്ടില്ല.


ബുധനൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം
ക്ഷേത്രക്കുളം
കുളക്കോഴി 

ധ്യാനം


മാന്നാറ് ചെന്ന ആവശ്യം കഴിയുമ്പോഴേക്കും ഉച്ചസമയമായി. വിശപ്പ്‌ പതുക്കെ ഉരുണ്ടുരുണ്ട്‌ വരുന്നു. 
"വല്ലതും കഴിച്ചിട്ട് വീട്ടില്‍ പോകാമെടാ.." എന്ന് പറഞ്ഞതും സുബ്രമണ്യന്റെ വക ഐഡിയ.."ഷാപ്പില്‍ പോയാലോ??"
"പോടെ പോടെ, ഷാപ്പിലോ..!? ഞാനെങ്ങുമില്ല."
"എടാ പോത്തെ, നല്ല കപ്പേം മീനും കിട്ടും."
അവനെന്റെ വീക്നെസ്സില്‍ കയറി പിടിച്ചു. കപ്പയും മീനുമെന്നു കേട്ടതും, പിന്നെ രണ്ടാമതൊരു ചോദ്യമില്ലാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ചെന്ന് നിന്നത് കുട്ടനാട്ടില്‍ !!
മഴ പെയ്തും, തോര്‍ന്നും, നനഞ്ഞും അസ്സല്‍ ഒരു ബൈക്ക് യാത്ര. പാടങ്ങള്‍ക്കു നടുവിലൂടെ, ചാലുകള്‍ക്ക് കുറുകെ, പമ്പയും അച്ഛന്‍ കോവിലാറും കടന്ന്...

ഇനി ചിത്രങ്ങള്‍ പറയട്ടെ..


ഇനിയും വഴി മാറാതെ, അമ്പാസ്സഡര്‍

പമ്പയാറ്റില്‍ ചൂണ്ടയിടല്‍



നമ്മുടെ 'വേണാട്' 
താറാക്കൂട്ടം, കുട്ടനാടിന്റെ സ്ഥിരം കാഴ്ച
ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് താറാവ് പലവഴിക്ക്. കൊച്ചാട്ടന്റെ വായിലിരിക്കുന്നതും മേടിച്ചു പോന്നു :-)


മാനം വീണ്ടും ഇരുണ്ടു വന്നു
മഴക്ക് മുന്‍പ് ഭക്ഷണം പങ്കു വയ്ക്കാനുള്ള ആലോച്ചനയാണെന്ന് തോന്നുന്നു.

ഹൊ ! പെയ്തു തകര്‍ത്തത് തന്നെ !!
തണുക്കുന്നുണ്ടാകും 

മഴ ചാറി തുടങ്ങി
ഇതാണ് ഷാപ്പ്‌. കിടിലം സെറ്റപ്പ്, അല്ലെ ??

          മഴ പോടിയുന്നുണ്ട്.
                                                             അച്ചന്‍കോവില്‍ ആറ്

എല്ലാ വീടുകളിലും ഒരു വള്ളമെങ്കിലും കാണും

വൈകുന്നേരം തിരിച്ചെത്തി സുരേന്ദ്രന്‍ കൊച്ചാട്ടന്റെ ചായക്കടയില്‍ കയറി ഓരോ ചായയും, ബോണ്ടയും പഴംപൊരിയും കഴിച്ച് ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ 'ഉപ്പേരി' ഉണ്ടാക്കാന്‍ വേണ്ടി ചക്ക കൊണ്ട് പോകുന്നവര് വീട്ടില്‍. കൂട്ടത്തില്‍ ഒരു പഴുത്ത ചക്ക അവരെടുത്തു മാറ്റി വച്ചിരുന്നു.


ചായയും ഏത്തക്ക അപ്പവും

വീട്ടുമുറ്റത്തെ പ്ലാവ്
ഉപ്പേരിക്ക് വേണ്ടി, വീട്ടില്‍ നിന്ന്
ഉം...ചക്കപ്പഴം

"എടാ ചക്ക കഴിച്ചിട്ട് പോകാം..." എന്നും പറഞ്ഞു വീട്ടിലേക്കു കയറുമ്പോള്‍ കണ്ണുമുരുട്ടി അമ്മ വാതുക്കല്‍..
"എവിടാരുന്നെടാ ഊരുതെണ്ടല്‍?? "
"അത്, ഞങ്ങളെല്ലാം കൂടെ...." എന്നും പറഞ്ഞു പുറകിലേക്ക് നോക്കുമ്പോള്‍ ഒരുത്തനേം കാണുന്നില്ല...!!
'ഞാന്‍ അറസ്റ്റില്‍ !!!'


LinkWithin

Related Posts with Thumbnails