Tuesday, January 26, 2010

വര : - Krishnaa -


    Click on the picture for enlarged view.
    This is an MS-Paint work. Thought of giving a new face to Krishna, and end up like this.
    Mouse is not as easy as pencil..!! Finished with in half of a day.

Tuesday, January 19, 2010

വരി : "പൈനാപ്പിള്‍ പുളിശ്ശേരി ബാക്കിയുണ്ടോ..?"

                    നല്ല വിശപ്പോടെയാണ് ഉച്ചയ്ക്ക് ലതാമ്മയുടെ വീട്ടിലെത്തുന്നത്.രാവിലെ ദാദര്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെ കണ്ട ഒരു പൊട്ടക്കടയില്‍ കയറി ഒരു സാദാ..ദോശ കഴിച്ചത് മുംബൈ gateway-ലെ നട്ടച്ചൂടില്‍ ദഹിച്ചു പോയിരുന്നു. റോഡ്‌സൈഡില്‍ വളയും മാലയും വിറ്റിരുന്ന ഒരു മറാഠി അമ്മച്ചിയുടെ വായീന്ന് 'മലയാളികളെ' ഒന്നടങ്കം തെറി വിളി കേള്‍പ്പിച്ച് ജിനുച്ചേട്ടന്‍, ആ ദഹനം സമ്പൂര്‍ണ്ണമാക്കി. തൊണ്ണൂറ്റിയഞ്ചു രൂപ പറഞ്ഞ വളയ്ക്കു കണ്ണും പൂട്ടി "ഇരുപത്തിയഞ്ചു രൂപ" തന്നേക്കാമെന്നു നമ്മള് മലയാളികളല്ലാതെ വേറെ ആര് പറയും..!!"തെറി വിളിച്ചതിന് യാതൊരു വിധത്തിലും അവരെ കുറ്റം പറയാന്‍ ഒക്കുകേലാ.."
                    ദാദറില്‍ നിന്ന് ലതാമ്മയുടെ വീട്ടിലേക്ക് പോകാന്‍ കയറിയ മഞ്ഞ-ടാക്സിക്കാരന്‍ അയാളുടെ ചക്കടാ വണ്ടി നീങ്ങാത്തത്തിനും മലയാളികള്‍ക്കിട്ടൊരു താങ്ങ് താങ്ങി; "നിങ്ങള്‍ മലയാളികളീ ചോറെല്ലാം കൂടി കഴിച്ചിട്ടായിരിക്കും ഇത്ര കുടവയറു വയ്ക്കുന്നത്..അല്ലിയോ..??!!"
"അല്ലേടാ ആലൂ ജ്യൂസ് കുടിച്ചിട്ടാ... ഉരുളന്‍ കിഴങ്ങ് വെച്ച് നീയൊക്കെ ഇനി ആ ഒരു ഐറ്റം മാത്രമല്ലേ കണ്ടു പിടിക്കാനുള്ളൂ..!! " മനസ്സില്‍ പറഞ്ഞതെ ഉള്ളൂ.. 

ടാക്സിയേല്‍ കയറാന്‍ വന്ന കുരുവിയേം(നിതീഷ് എന്നാണത്രെ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്..!!) ജിനുചേട്ടനേം എന്നേം കണ്ടപ്പോഴേ അയാളും മനസ്സില്‍ പറഞ്ഞിരിക്കണം.."എന്നേം കൊണ്ട് ഇവന്മാര് തള്ളിപ്പിക്കും.."
                    ലതാമ്മയുടെ ഭര്‍ത്താവ് ഉണ്ണിയേട്ടന്‍ ചോറുണ്ണാന്‍ വിളിക്കുന്നതിനു മുന്നേ കുരുവി കൈയ്യും കഴുകി പാത്രത്തിന്‍റെ മുന്നില്‍ ചെന്നിരുന്നിരുന്നു. ആദ്യമായി ചെല്ലുന്ന വീടല്ലേ, ഇത്തിരി മാന്യമായിട്ടു പെരുമാറിയേക്കമെന്നു വിചാരിച്ചു ലേശം ചോറും, ലേശം പുളിശ്ശേരിയും, ലേശം തോരനും കുറച്ചു കണ്ണിമാങ്ങാ അച്ചാറും എടുത്തു ഞാന്‍ കഴിക്കാനിരുന്നു. ഉള്ളത് പറയാമല്ലോ, ആ പൈനാപ്പിള്‍ പുളിശ്ശേരിയും ചോറും പപ്പടവും കുഴച്ചു രണ്ടുരുള. ഞാന്‍ ഫ്ലാറ്റ്. എന്‍റെ descency ഫ്ലാറ്റ്. control ചെയ്യാന്‍ പറ്റാതെ ഞാന്‍ രണ്ടു തവണ കൂടി ചോറും പുളിശ്ശേരിയും വാങ്ങി കുഴച്ചടിച്ചു. ലതാമ്മയ്ക്ക് ഒരു നൂറു നന്ദി."ലതാമ്മേ, ഇത്ര taste-ഓടെ പുളിശ്ശേരി ഉണ്ടാക്കരുത്..ഞങ്ങള് ചിലപ്പോ ഇതൊരു ശീലമാക്കും"
                   ഇനി ഈ കഥാപാത്രങ്ങളെ ഒക്കെ പരിചയപെടണ്ടേ..? ലതാമ്മ ഒരു ഉണ്ണിക്കുട്ടിയാണ്. കുരുവിയും ജിനുച്ചേട്ടന്‍ അളിയനും ഉണ്ണിക്കുട്ടന്മാരും. ഈ ഉണ്ണിക്കുട്ടിമാരും ഉണ്ണിക്കുട്ടന്മാരും 'കണ്ടുമുട്ടുകയും', 'കലപില' പറയുകയും ചെയ്യുന്ന ഒരു സ്ഥലമുണ്ട്, ORKUT..!! അങ്ങനെ പറഞ്ഞാല്‍ അതിത്തിരി വിശാലമായി പോകും; ചുരുക്കിപ്പറയാം, ഇത് "ഉണ്ണിക്കുട്ടന്‍റെ ലോകം". ഒരു ഓര്‍ക്കുട്ട് community-ക്ക് ഇത്രയധികം സൗഹൃദവും സ്നേഹവും സന്തോഷവും പങ്കുവയ്പ്പിക്കാന്‍ കഴിയുമെന്ന് തിരച്ചറിഞ്ഞ ഞാന്‍ ഇപ്പോഴും വായും പൊളിച്ചു നില്‍ക്കുകയാണ്. കാരണം 'ഉണ്ണിക്കുട്ടന്‍റെ ലോകത്തിലേക്ക്‌' കയറാന്‍ ഞാന്‍ അനുവാദം ചോദിച്ചിട്ടേ ഉള്ളൂ. 

ഈ സൗഹൃദത്തിന്‍റെ ആഴമാണ് ഹൈദ്രബാദിലിരുന്ന ജിനുച്ചേട്ടന്‍ മുംബൈയില്‍ വരാനുള്ള കാരണവും, പൂനെയില്‍ നിന്ന് കൂട്ട് പോയ എനിക്ക് മറക്കാനാവാത്ത പൈനാപ്പിള്‍ പുളിശ്ശേരി കിട്ടാനിടയാക്കിയതും; ഒപ്പം നിതീഷിനേം ലതാമ്മയേം പോലെയുള്ള പുതിയ സൗഹൃദങ്ങള്‍ക്ക് തുടക്കമിടീച്ചതും.
                    പുളിശ്ശേരിക്കൊപ്പം പാല്‍പ്പായസവും ഉണ്ടായിരുന്നു, ഒരു ഗസല്‍ പാല്‍പ്പായസം. ലതാമ്മയുടെ മകന്‍ സൂരജിന്‍റെ വകയായിരുന്നു അത്.ഒപ്പം സിത്താറിന്‍റെ മാസ്മരിക  ശബ്ദവും. സൂരജ്, നിന്നെ ഞങ്ങള്‍ star singer പോലുള്ള വേദികളില്‍ കാണണം...ആശംസകള്‍.

Sunday, January 10, 2010

വരി : എങ്കിലും...

താലപ്പൊലിയുടെ ഏറ്റവും പിന്നിലായി, മുറിതേങ്ങക്കുള്ളില്‍ നെയ്തിരിയിട്ടു കത്തിച്ച വിളക്കിന്‍റെ സ്വര്‍ണ്ണവെളിച്ചത്തിലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. നീണ്ടു വിടര്‍ന്ന കണ്ണുകള്‍.നിതംബം മറച്ചു കിടന്നിരുന്ന മുടിയില്‍ കുളിപ്പിന്നല്‍ കെട്ടി തുളസിക്കതിര്‍ ചൂടിയിരിക്കുന്നു.ആ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാതെ ഞാന്‍ താലപ്പൊലിയുടെ ഓരം ചേര്‍ന്ന് നടന്നു.മേളത്തിലെ ഇലതാളത്തിനോപ്പം എന്‍റെ മനസ്സ് നൃത്തം  വെച്ചു.
പെട്ടെന്ന് തോളത്തൊരു കൈ വന്നു വീണു.
"മതിയെടാ ചോര കുടിച്ചത്" സുബ്രമണ്യന്‍ ആയിരുന്നു അത്.




"രാമകൃഷ്ണന്‍ കൊച്ചാട്ടന്‍റെ വീട്ടില്‍ വിരുന്നിനു വന്നതാ. പാലക്കാട്ടുക്കാരിയാ.."
സുബ്രമണ്യന്‍റെ  അയലത്തുക്കാരനാണ് രാമകൃഷ്ണന്‍.
"കഴിഞ്ഞ ശിവരാത്രിക്ക്  രാമകൃഷ്ണന്‍ കൊച്ചാട്ടനുമായിട്ടു ഒടക്കണ്ടാരുന്നു, അല്ലെ അളിയാ..? "
"ഉം..."ന്ന് മൂളി കൊണ്ട് ഞാന്‍ തലയാട്ടി.
ദീപാരാധന കഴിഞ്ഞു.
"എടാ അവള് പോകുന്നതിനു മുന്‍പ് ഞാനൊരു പുഞ്ചിരി കൊടുത്തിട്ട് വരട്ടെ, നീ ഇവിടെ നിലക്ക് ". സുബ്രമണ്യനെ അവിടെ നിര്‍ത്തി ഞാന്‍ അമ്പലത്തിലേക്ക് കയറി.
              ഉറങ്ങാന്‍ കിടന്നതെ ഓര്‍മയുള്ളൂ.വെള്ളയും പച്ചയും ദാവണി ചുറ്റിയ ആ പാലക്കാട്ടുക്കാരി അന്ന് രാത്രി സുന്ദരമായ സ്വപ്നങ്ങളുടെ ഒരു താലപ്പൊലി തന്നെ സമ്മാനിച്ചു.പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി സുബ്രമണ്യന്‍റെ വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ കൂട്ടത്തിലുള്ളവന്മാരെല്ലാം അവിടെ ക്യാമ്പ്‌ ചെയ്തിട്ടുണ്ട്; പതിവില്ലാത്ത ഒരു ക്രിക്കറ്റ്‌ കളി. പശുവിനു പുല്ലിട്ടു കൊടുക്കുന്നത് പോലെ ഒരുത്തന്‍ 'ബോള്‍' എറിഞ്ഞു കൊടുക്കുന്നു.യുവരാജിന്‍റെ '20-20' റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന വാശിയില് ഒരുത്തന്‍ 'സിക്സര്‍' അടിക്കുന്നു.'സിക്സ്' പോകുന്ന പന്ത് ചെന്ന് വീഴുന്നത് രാമകൃഷ്ണന്‍ കൊച്ചേട്ടന്‍റെ പറമ്പില്.'ബോളറും', 'ബാറ്റ്സ്മാനും', 'കീപ്പറും' ഉള്‍പ്പെടെ എല്ലാവരും പന്ത് എടുക്കാന്‍ പറമ്പിലേക്ക്.
"അപ്പൊ അതാണ്‌ പതിവില്ലാതെ ഉള്ള ഈ ക്രിക്കറ്റ്‌കളിയുടെ രഹസ്യം"
പറമ്പില്‍ നിന്ന് ഒരു തവണ പന്തെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ ഞാന്‍ അവളെ കണ്ടു.ഒരു നിമിഷം കൂടി അവിടെ നില്‍ക്കാന്‍ അവന്‍മാര് സമ്മതിച്ചില്ലാ.അപ്പോഴേക്കും കമ്മന്റ്റ് വന്നു, "മതിയെടാ..മതിയെടാ, ഇങ്ങു പോര്"
അടുത്ത ദിവസം ഞാന്‍ ചെല്ലുന്നത് കണ്ടപ്പോഴേ സുബ്രമണ്യന്‍ പറഞ്ഞു, "നിന്ന് കറങ്ങണ്ടാ, അവള് തിരിച്ചു പോയി"
         പിന്നീട് പലപ്പോഴും ആ മുഖം മനസ്സില്‍ തെളിഞ്ഞു വന്നിരുന്നു, പതിയെപ്പതിയെ തെളിച്ചം മങ്ങിയും.
         മൂന്നു-നാല് ആഴ്ച കഴിഞ്ഞു.രാവിലെ പത്രമെടുത്തു നോക്കുമ്പോള്‍ ഞാന്‍ തരിച്ചിരുന്നു പോയി.വാര്‍ത്ത പാലക്കാട്ട് നിന്നായിരുന്നു.ഞാന്‍ മുന്‍പ് നെയ്ത്തിരി വെളിച്ചത്തില്‍ കണ്ട അതേ മുഖം, കൂടെ ഒരു ചെറുപ്പക്കാരന്‍റെയും.വിശ്വാസം വരാതെ ഞാനാ തലക്കെട്ട്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു..
"കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍" !!

ചിത്രം കടപ്പാട് : ഗൂഗിള്‍ 

LinkWithin

Related Posts with Thumbnails