Wednesday, June 30, 2010

വര : നിറം മങ്ങിയ ജീവിതങ്ങള്‍


"നിറം മങ്ങിയ ജീവിതങ്ങള്‍ക്ക്" നിറങ്ങള്‍ ചാര്‍ത്താനുള്ള ചെറിയ ഒരു ശ്രമം; ഒരു ജലഛായ ചിത്രം.

ഏതോ മാസികയില്‍ വന്ന ഒരു സ്ത്രീയുടെ ചിത്രത്തില്‍ ഒരു 'കുട്ട' കൂടി വച്ച് കൊടുത്തു എന്നുള്ളതാണ് സത്യം. നോക്കി വരക്കാനുണ്ടായിരുന്ന ചിത്രത്തില്‍ നിന്നും ശരീരത്തിനും വസ്ത്രത്തിനും ചേരുന്ന നിറങ്ങള്‍ ചാലിചെടുത്തു. Background എങ്ങനെ വേണമെന്ന് ആലോചിച്ചു കുറെ നേരം ഇരുന്നു. ആദ്യം കുറച്ചു പച്ച നിറം വാരി പൂശി..കുഴപ്പമില്ലെന്ന് കണ്ടപ്പോള്‍ ബാക്കി കൂടി വരച്ചു ചേര്‍ത്തു.

എന്നെ ബ്രഷ് പിടിക്കാന്‍ പഠിപ്പിച്ച 'രവി സാറി'നുള്ള ദക്ഷിണ കൂടിയാണ് ഈ ചിത്രം.

ഇനി നിങ്ങള്‍ പറയൂ, ചിത്രം ഇഷ്ട്ടപെട്ടാലും...ഇല്ലെങ്കിലും..

Tuesday, June 15, 2010

വരി : മേം ഗൂര്‍ഖ ഹേ..ഹോ..ഹൈ..!!

                                   അമേരിക്കാ...ക്ക്  പോകുന്ന ഒരു കൂട്ടുകാരനെ വിമാനത്താവളത്തില്‍ ചെന്ന് റ്റാ-റ്റാ കാണിച്ചു തിരിച്ചു പോകുമ്പോഴാണ് ആദ്യമായി ഞാന്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ കയറുന്നത്. (ഇതില്‍ കയറിയിട്ട് തിരിച്ചിറങ്ങുമ്പോ, "ശ്വാസം ബാക്കി ഉണ്ടോ കുട്ട്യേ? മുജ്ജന്മ്മ സുകൃതാണെന്നു കൂടികൊള്ളൂ" എന്നൊരു അശരീരി കേട്ടത് പോലെ തോന്നിയിരുന്നു). മുംബൈയിലെ ഉല്ലാസ് നഗറില്‍ എന്‍റെ ഒരു ചെറിയച്ചന്‍ താമസ്സമുണ്ട്. ഒരു ദിവസം നല്ല ഭക്ഷണം കഴിക്കാമല്ലോ എന്നാലോചിച്ചപ്പോള്‍ ലോക്കല്‍ ട്രെയിന്‍ എങ്കില്‍ ലോക്കല്‍ ട്രെയിന്‍ , ഇത്തിരി കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും ഉല്ലാസ് നഗറിലേക്ക് വിട്ടേക്കാമെന്നു തീരുമാനിച്ചു. അങ്ങനെ വിമാനത്താവളത്തില്‍ നിന്ന്  'സ്ട്രൈറ്റ് ടു കുര്‍ള സ്റ്റേഷന്‍ '.

                                  സ്റ്റേഷനില്‍ ചെന്നപ്പോള്‍ എങ്ങോട്ടാ പോകണ്ടതെന്നു മുട്ടന്‍ കണ്‍ഫ്യൂഷന്‍ ("കാരണം അവിടെ ഒട്ടും തിരക്കില്ലായിരുന്നു...മുകളില്‍ കാണുന്ന പടത്തിലെ പോലെ.."). തൊപ്പിയും വടിയുമൊക്കെയായി നില്‍ക്കുന്ന മാന്യനെന്നു തോന്നിക്കുന്ന ഒരു പോലീസുകാരന്‍റെ അടുത്ത് ചെന്ന് ചോദിച്ചു,

"സാബ്, കല്യാണ്‍ ....?"

കല്യാണ്‍ സ്റ്റേഷനിലേക്ക് പോകുന്ന വണ്ടി എവിടെയാ വരുന്നത് , ഇപ്പോഴെങ്ങാനും വരുമോ, ഇനി വരുകേ ഇല്ലേ... എന്നൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്...!! ഇത്രയും കാര്യം ഒരുമിച്ചു ഞാന്‍ ഹിന്ദിയില്‍ ചോദിച്ചാല്‍ മുംബൈയുടെ ഇങ്ങേ അറ്റമായ കല്യാണിനു പകരം, അങ്ങേ അറ്റമായ കൊളാബയില്‍ എങ്ങാനും പോയി ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ഭാഗ്യം, ഞാന്‍ ചോദിച്ചത് എന്തായാലും, വായില്‍ ഒരു കെട്ട് 'മുറുക്കാനുമായി' നില്‍ക്കുന്ന ആ പോലീസുകാരന് മനസ്സിലായി. അങ്ങേരു മുകളിലേക്ക് ചൂണ്ടി കാണിച്ചു. (ആ പോലീസുകാരനെങ്ങാനും വായ തുറന്നിരുന്നെങ്കില്‍ മുറുക്കാന്‍ മുഴുവന്‍ ഞാനെന്‍റെ മുഖത്തൂന്ന് വടിചെടുക്കേണ്ടി വന്നേനെ..നന്ദി പോലീസുകാരാ..) ചൂണ്ടിയ വിരലിന്‍റെ അറ്റത്തേക്ക് നോക്കുമ്പോള്‍ അവിടെ ഒരു LED ബോര്‍ഡില്‍ A-Ambernath എന്നെഴുതി വച്ചിരിക്കുന്നു. ഹാവൂ, അപ്പൊ സംഭവം ഇവിടെ തന്നെ... കല്യാണ്‍ , ഉല്ലാസ് നഗര്‍  വഴി അംബര്‍നാഥ് . വളരെ ഭവ്യതയോട് കൂടി ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു. നമ്മള് തീവ്രവാദിയാണോ എന്നൊന്നും  അങ്ങേര്‍ക്കു ഡൗട്ട് അടിക്കരുതല്ലോ..!!
                                  മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു. ട്രെയിനിന്‍റെ ഡോറിനു അടുത്തേക്ക് പോയി നിന്നതേ ഓര്‍മ്മയുള്ളൂ. അടുത്ത സീനില്‍ എന്നെ കാണുമ്പോള്‍ ബീജിംഗ് ഒളിംപിക്സിന്‍റെ  ചിഹ്നം പോലെ ഒരു കാലും ഒരു കയ്യും വായുവില്‍ നിര്‍ത്തി തല മുകളലേക്ക് പിടിച്ചു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരിക്കുവാണ്. ഒരു വ്യതാസം മാത്രം, ചിഹ്നത്തിന്‍റെ കഴുത്ത് മുന്നോട്ടാണെങ്കില്‍ എന്‍റെ കഴുത്ത് തൊണ്ണൂറു ഡിഗ്രീ ചരിഞ്ഞു സൈഡിലേക്കാ..!!  ഇങ്ങനൊക്കെയാണ് നില്‍പ്പെങ്കിലും, ഉല്ലാസ് നഗര്‍ ആയോ, ഇപ്പൊ ആകുമോ, ഇനി കഴിഞ്ഞോ എന്നും നോക്കി എന്‍റെ കണ്ണ് ഡോറിന് വെളിയിലേക്ക് തള്ളി നില്‍ക്കുകയാണ് . 'ഠാനെ സ്റ്റേഷന്‍ ' കഴിഞ്ഞ് തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിയിലേക്ക് കഴുത്ത്‌ ചരിക്കാമെന്ന പരുവമായപ്പോള്‍ പെട്ടെന്ന് ഒരു സംശയം, ഈ ട്രെയിനിനു ഇനി ഉല്ലാസ് നഗറില്‍ സ്റ്റോപ്പ്‌ ഉണ്ടോ..!! അംബര്‍നാഥെന്നു കണ്ടപ്പോള്‍ ആവേശം മൂത്ത് ചാടി കയറിയതാ, തന്നേമല്ലാ ഠാനെ വരെ വരുന്നതിനിടക്ക് പത്തു പന്ത്രണ്ടു സ്റ്റേഷന്‍ എങ്കിലും ഉണ്ടായിരുന്നെങ്കിലും ആകെ നിര്‍ത്തിയത് മൂന്നോ നാലോ ഇടത്ത് മാത്രം. അബദ്ധമായോ...ഇനി അംബര്‍നാഥില്‍ പോയി അടുത്ത വണ്ടിക്ക് തിരിച്ചു തൂങ്ങേണ്ടി വരുമോ..! വായും പൊളിച്ചു നിന്നിട്ട് കാര്യമില്ല. വണ്ടി ഉല്ലാസ് നഗറില്‍ നി൪ത്തുമോന്ന് ആരോടെങ്കിലും ചോദിക്കണം. ചോദിക്കാന്‍ കൊള്ളാവുന്ന ഒരുത്തനേം അടുത്തെങ്ങും കണ്ടില്ല!! എന്‍റെ ഈ ഞെളിപിരി കണ്ടിട്ടാണോ എന്തോ, ഒരുത്തന്‍ എന്നെ തുറിച്ചു നോക്കുന്നു. എന്നാ പിന്നെ അങ്ങേരോട് തന്നെ ചോദിക്കാം...

"ഭയ്യാ, യെ ഗാടി ഉല്ലാസ് നഗര്‍ മേം രുക്ക്.........(ഇവിടെ, പഴയ ലാംബര്‍ട്ട കയറ്റം കയറുന്ന ഒരു സൗണ്ട് ആണ്, കാരണം അവിടെ രുക്കേങ്ഗെ ആണോ, രുക്കെങ്ഗി ആണോ, രുക്തേംഗെ ആണോ അതോ രുക്തെ ഹൈം ആണോ എന്ന് ഭയങ്കര സംശയം...കേള്‍ക്കുന്നവരുടെ ഇഷ്ട്ടം പോലെ ചേര്‍ത്തോട്ടെ..എനിക്കങ്ങനെ വല്യ ഭാവമൊന്നും ഇല്ലാ).........ക്യാ?"

അറ്റത്ത്‌ ഇങ്ങനെ ഒരു 'ക്യാ' കൂടി ഇട്ടാല്‍ ചോദ്യമായി..!!

 ഞാന്‍ ചോദിച്ചു തീരുന്നതിനു മുന്നേ മറുപടി വന്നു,
"പിന്നെന്താ നി൪ത്തുമല്ലോ...കല്യാണ്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും..."

ഹിന്ദിയിലല്ലാ...നല്ല പച്ച മലയാളത്തില്‍ !!!!

'ഹൊ..ലോകത്ത് എന്തെല്ലാം അത്ഭുതങ്ങള് നടക്കുന്നു...നമ്മള്‍ ഹിന്ദിയില്‍ ചോദിച്ചാല്‍ പോലും മലയാളത്തില്‍ മറുപടി കിട്ടുന്നു!!'

ഇങ്ങനെ ആലോചിച്ച് ഞെട്ടിയ ഭാവത്തില്‍ ഉള്ള നില്‍പ്പ് കണ്ടു ചേട്ടന്‍ വീണ്ടും...

"ആ നില്‍പ്പും(മാന്യന്‍ .., ഞെളിപിരീന്ന് എടുത്തു പറഞ്ഞില്ലാ) മലയാളം പോലത്തെ ഹിന്ദിയും കേട്ടപ്പോഴേ മനസ്സിലായി, മലയാളിയാണെന്ന്."
ഒരു വളിച്ച ചിരി മുഖത്ത് fit ചെയ്ത്, "നന്ദി ചേട്ടാ" എന്ന ഭാവത്തില്‍ ഒന്ന് തലയാട്ടി. അവിടുന്ന് എങ്ങോട്ടെങ്കിലും 'ഊളി ഇടാമെന്ന് ' വിചാരിച്ചാല്‍ കഴുത്ത്‌ മാത്രമായിട്ടു എങ്ങും പോകത്തില്ലല്ലോ...!!

ഈ സംഭവത്തിന്‌ ശേഷം ഞാനൊരു ഭീഷ്മപ്രതിജ്ഞ എടുത്തു....എന്ത്..ഇന്ന് മുതല്‍ ഹിന്ദി പഠിച്ചേക്കാമെന്നൊ...ഡോണ്ട് ഡൂ..ഡോണ്ട് ഡൂ...
പിന്നെയോ, ഇനി ലോക്കല്‍ ട്രെയിനില്‍ കയറിയാല്‍ ഒരുത്തനോടും ഹിന്ദിയില്‍ മിണ്ടൂല്ലെന്ന്...ഞാനാരാ മോന്‍ !!

         
ചിത്രം കടപ്പാട് : ഗൂഗിള്‍

LinkWithin

Related Posts with Thumbnails