Sunday, March 21, 2010

വരി : ആത്മാവ്‌ - ഒരു ചിന്ത


"മൃത്യോമാ അമൃതം ഗമയ:"
"മരണത്തില്‍ നിന്നും മരണമില്ലാത്ത അവസ്ഥയിലേക്ക് എന്നെ നയിക്കണമേ!!" അമരത്വം തേടുന്ന ജീവന്‍റെ നിതാന്ത പ്രാര്‍ത്ഥനാമന്ത്രം.
       ഭൂമിയില്‍ ശാശ്വതവും അനിഷേധ്യവുമായ ഒന്നേയുള്ളൂ; മരണം...അവസ്ഥാന്തരം.അവിടെ അനിശ്ചിതത്വമില്ല.എപ്പോഴും അത് നടന്നു കൊണ്ടേ ഇരിക്കുന്നു.ജനനം മുതല്‍ മരണം വരെ സംഭവിക്കുന്നതെല്ലാം നമുക്ക് അറിയാം, അനുഭവിക്കാം. ജനനത്തിന് മുന്‍പും മരണത്തിന് പിന്‍പും എന്ത്?!! ജനിമൃതികള്‍ക്കിരുപുറവും നമുക്ക് മുന്നില്‍ അവ്യക്തവും ഭീമവുമായ നിത്യാന്ധകാരമാണ്. പിന്നിട്ട ഓരോ യുഗവും മനുഷ്യന്‍ ഈ ജിജ്ഞാസയുടെ ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചു.എത്ര അലഞ്ഞിട്ടും ഒടുവില്‍ എത്തുന്നത്‌ ആദി സംശയങ്ങളുടെ മുന്നില്‍ തന്നെ!
       ഇവിടെയാണ്‌ ആത്മാവ് എന്ന സങ്കല്‍പ്പത്തിന് പ്രസക്തി ഏറുന്നത്. ജനനത്തിനും മരണത്തിനും ജീവിതത്തിനും അതീതമായി ശരീരത്തിനുള്ളില്‍ കുടിയിരിക്കുന്ന മഹാശക്തി - ആത്മാവ്. ശരീരത്തില്‍ നിന്നും ആത്മാവിന്‍റെ വിട പറയലാണ് മരണം. പ്രാണപ്രധാനമായ സൂക്ഷ്മ ശരീരത്തോടൊപ്പം 'ചൈതന്യം'  അഥവാ ആത്മാവ് സ്ഥൂല ശരീരത്തെ ഉപേക്ഷിക്കുന്നു.ഇവിടെ എല്ലാറ്റിന്‍റെയും അവസാനമാണോ..?!
    
                          "നൈനം ചിന്ദന്ധി ശസ്ത്രാണി നൈനം ദഹതി പാവക:
                            ന: ചൈനം ക്ലേദയന്തി അപോ ന ശോഷയതി മാരുത:"
                                                                                            - ഭഗവത് ഗീത (2-23)                  
 "അസ്ത്രങ്ങള്‍ കൊണ്ട് മുറിപ്പെടുതാനാവാത്തതും, തീ കൊണ്ട് ദാഹിപ്പിക്കുവാനോ, ജലം കൊണ്ട് നനയ്ക്കുവാനോ ആവാത്തതുമായ ഒരു മൂര്‍ത്തസത്തയാണ് ആത്മാവ്. അത് അക്ഷയവും വിഭജിക്കപെടാനാവാത്തതുമാണ്"- ഭഗവത് ഗീത പറയുന്നു.  ബൃഹദാരണ്യകം(brahadaranyaka) ഉപനിഷത്തില്‍ ആത്മാവിന്‍റെ ദേഹാന്തര പ്രാപ്തിയെക്കുറിച്ച് വിവരിച്ചിരിക്കുന്നത്, "ഒരു പുല്‍ക്കൊടിയുടെ ഇലത്തുമ്പ് വരെ ഇഴഞ്ഞെത്തി, മറ്റൊരിലയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് അതില്‍ കടന്നു കൂടി ഹ്രസ്വമാകുന്ന പുഴുവിനെ പോലെയാണ് " എന്നാണ്.
       സത്യമെന്ത് തന്നെ ആയാലും, മരണാനന്തരം മറ്റൊരു ജീവിതം കൂടി ഉണ്ടെന്നുള്ള വിശ്വാസം ഏതാണ്ട് എല്ലാ ജനസമുഹങ്ങളിലും ഉണ്ട്. ചില മതവിശ്വാസങ്ങളില്‍, മരിച്ചവരുടെ ആത്മാക്കള്‍ പുനര്‍ജനിച്ച് ഭൂമിയിലേക്ക് തന്നെ മടങ്ങി വരുന്നു. ചിലവ മോക്ഷപ്രാപ്തി നേടുന്നു. മറ്റു ചില മത വിശ്വാസങ്ങളില്‍ ആകട്ടെ മരിച്ചവര്‍ക്ക് ഭൂമിയിലേക്ക്‌ ഒരു മടങ്ങിവരവില്ല. അവരുടെ ആത്മാക്കളും പ്രേതങ്ങളുമൊക്കെ അന്ത്യവിധി ദിനവും കാത്ത് ഏതോ വിശ്രമസ്ഥാനത്ത് നില്‍ക്കുന്നു. വിധി നിര്‍ണ്ണയിക്കുന്നതോടെ സ്വര്‍ഗ്ഗ-നരകങ്ങളിലേക്ക് പീഡാനുഭാവങ്ങള്‍ക്കും പുണ്യ ആസ്വാദനങ്ങള്‍ക്കുമായി പോകുന്നു!!
       ആത്മാവിന്‍റെ അസ്തിത്വത്തെക്കുറിച്ച് ശ്രദ്ധേയമായ ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്രഞന്ജനാണ് ഡോ. ഡങ്കന്‍ മാക്‌ ഡോഗള്‍. ആത്മാവ് എന്ന വസ്തു ശരീരവുമായി അഭേദ്യമായി ബന്ധപ്പെട്ടതായത് കൊണ്ട്, അങ്ങനെ ഒന്നുണ്ടെങ്കില്‍ എത്ര സൂക്ഷ്മമായ അളവുകളില്‍ ആയാല്‍ കൂടി ഭാരം എന്ന അവസ്ഥ ആ വസ്തുവിന് ഉണ്ടായിരിക്കണം എന്ന ഉറച്ച നിഗമനത്തില്‍ ചെന്നെത്തി. മരണ സമയത്ത് ശരീരത്തില്‍ നിന്നും വ്യക്തമായ ഭാരം നഷ്ട്ടമാകുന്നുണ്ടെന്നും, എന്നാല്‍ ഈ ഭാരം ഭൗമാതീതമായ എന്തിന്‍റെയോ ആണെന്നും അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ പറയുന്നു. ആത്മാവിനെ വെറും കവിഭാവനയായി തള്ളിക്കളയാന്‍ ഈ പരീക്ഷണങ്ങള്‍ വിസ്സമ്മതിക്കും. 
       ജീവനുള്ള വസ്തുക്കളില്‍ മാത്രമുള്ള 'ചൈതന്യം'. ആ ചൈതന്യം ആത്മാവല്ലെങ്കില്‍ മറ്റെന്താണ്..? ഒരിക്കലും നാശമില്ലാത്ത ആ ആത്മാവ് മറ്റൊരു ശരീരത്തില്‍ കൂടി പുനര്‍ജനിക്കുന്നുവെങ്കില്‍, മരണാനന്തരം മറ്റൊരു ജീവിതം കൂടി ഉണ്ടെന്നു സങ്കല്‍പ്പിക്കുന്ന മനുഷ്യന് എന്ത് കൊണ്ടും ആശ്വാസമാണ്...!!


നന്ദി, കടപ്പാട് : എന്ത് വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന നാട്ടിലുള്ള എന്‍റെ സുഹൃത്തുക്കള്‍, ഉപനിഷത്തുക്കളിലെ വരികള്‍ പറഞ്ഞു തന്ന ഒരു പഴയകാല കമ്മ്യൂണിസ്റ്റ്‌, നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ വിശാലമായ പുസ്തക ശേഖരം, നമുക്ക് മുന്നേ നടക്കുകയും കണ്ടെത്തിയത് കോറിയിടുകയും ചെയ്ത ചിന്തകന്മാര്‍.

ചിത്രം കടപ്പാട് : ഗൂഗിള്‍ 

LinkWithin

Related Posts with Thumbnails