Tuesday, June 15, 2010

വരി : മേം ഗൂര്‍ഖ ഹേ..ഹോ..ഹൈ..!!

                                   അമേരിക്കാ...ക്ക്  പോകുന്ന ഒരു കൂട്ടുകാരനെ വിമാനത്താവളത്തില്‍ ചെന്ന് റ്റാ-റ്റാ കാണിച്ചു തിരിച്ചു പോകുമ്പോഴാണ് ആദ്യമായി ഞാന്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ കയറുന്നത്. (ഇതില്‍ കയറിയിട്ട് തിരിച്ചിറങ്ങുമ്പോ, "ശ്വാസം ബാക്കി ഉണ്ടോ കുട്ട്യേ? മുജ്ജന്മ്മ സുകൃതാണെന്നു കൂടികൊള്ളൂ" എന്നൊരു അശരീരി കേട്ടത് പോലെ തോന്നിയിരുന്നു). മുംബൈയിലെ ഉല്ലാസ് നഗറില്‍ എന്‍റെ ഒരു ചെറിയച്ചന്‍ താമസ്സമുണ്ട്. ഒരു ദിവസം നല്ല ഭക്ഷണം കഴിക്കാമല്ലോ എന്നാലോചിച്ചപ്പോള്‍ ലോക്കല്‍ ട്രെയിന്‍ എങ്കില്‍ ലോക്കല്‍ ട്രെയിന്‍ , ഇത്തിരി കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും ഉല്ലാസ് നഗറിലേക്ക് വിട്ടേക്കാമെന്നു തീരുമാനിച്ചു. അങ്ങനെ വിമാനത്താവളത്തില്‍ നിന്ന്  'സ്ട്രൈറ്റ് ടു കുര്‍ള സ്റ്റേഷന്‍ '.

                                  സ്റ്റേഷനില്‍ ചെന്നപ്പോള്‍ എങ്ങോട്ടാ പോകണ്ടതെന്നു മുട്ടന്‍ കണ്‍ഫ്യൂഷന്‍ ("കാരണം അവിടെ ഒട്ടും തിരക്കില്ലായിരുന്നു...മുകളില്‍ കാണുന്ന പടത്തിലെ പോലെ.."). തൊപ്പിയും വടിയുമൊക്കെയായി നില്‍ക്കുന്ന മാന്യനെന്നു തോന്നിക്കുന്ന ഒരു പോലീസുകാരന്‍റെ അടുത്ത് ചെന്ന് ചോദിച്ചു,

"സാബ്, കല്യാണ്‍ ....?"

കല്യാണ്‍ സ്റ്റേഷനിലേക്ക് പോകുന്ന വണ്ടി എവിടെയാ വരുന്നത് , ഇപ്പോഴെങ്ങാനും വരുമോ, ഇനി വരുകേ ഇല്ലേ... എന്നൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്...!! ഇത്രയും കാര്യം ഒരുമിച്ചു ഞാന്‍ ഹിന്ദിയില്‍ ചോദിച്ചാല്‍ മുംബൈയുടെ ഇങ്ങേ അറ്റമായ കല്യാണിനു പകരം, അങ്ങേ അറ്റമായ കൊളാബയില്‍ എങ്ങാനും പോയി ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ഭാഗ്യം, ഞാന്‍ ചോദിച്ചത് എന്തായാലും, വായില്‍ ഒരു കെട്ട് 'മുറുക്കാനുമായി' നില്‍ക്കുന്ന ആ പോലീസുകാരന് മനസ്സിലായി. അങ്ങേരു മുകളിലേക്ക് ചൂണ്ടി കാണിച്ചു. (ആ പോലീസുകാരനെങ്ങാനും വായ തുറന്നിരുന്നെങ്കില്‍ മുറുക്കാന്‍ മുഴുവന്‍ ഞാനെന്‍റെ മുഖത്തൂന്ന് വടിചെടുക്കേണ്ടി വന്നേനെ..നന്ദി പോലീസുകാരാ..) ചൂണ്ടിയ വിരലിന്‍റെ അറ്റത്തേക്ക് നോക്കുമ്പോള്‍ അവിടെ ഒരു LED ബോര്‍ഡില്‍ A-Ambernath എന്നെഴുതി വച്ചിരിക്കുന്നു. ഹാവൂ, അപ്പൊ സംഭവം ഇവിടെ തന്നെ... കല്യാണ്‍ , ഉല്ലാസ് നഗര്‍  വഴി അംബര്‍നാഥ് . വളരെ ഭവ്യതയോട് കൂടി ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു. നമ്മള് തീവ്രവാദിയാണോ എന്നൊന്നും  അങ്ങേര്‍ക്കു ഡൗട്ട് അടിക്കരുതല്ലോ..!!
                                  മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു. ട്രെയിനിന്‍റെ ഡോറിനു അടുത്തേക്ക് പോയി നിന്നതേ ഓര്‍മ്മയുള്ളൂ. അടുത്ത സീനില്‍ എന്നെ കാണുമ്പോള്‍ ബീജിംഗ് ഒളിംപിക്സിന്‍റെ  ചിഹ്നം പോലെ ഒരു കാലും ഒരു കയ്യും വായുവില്‍ നിര്‍ത്തി തല മുകളലേക്ക് പിടിച്ചു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരിക്കുവാണ്. ഒരു വ്യതാസം മാത്രം, ചിഹ്നത്തിന്‍റെ കഴുത്ത് മുന്നോട്ടാണെങ്കില്‍ എന്‍റെ കഴുത്ത് തൊണ്ണൂറു ഡിഗ്രീ ചരിഞ്ഞു സൈഡിലേക്കാ..!!  ഇങ്ങനൊക്കെയാണ് നില്‍പ്പെങ്കിലും, ഉല്ലാസ് നഗര്‍ ആയോ, ഇപ്പൊ ആകുമോ, ഇനി കഴിഞ്ഞോ എന്നും നോക്കി എന്‍റെ കണ്ണ് ഡോറിന് വെളിയിലേക്ക് തള്ളി നില്‍ക്കുകയാണ് . 'ഠാനെ സ്റ്റേഷന്‍ ' കഴിഞ്ഞ് തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിയിലേക്ക് കഴുത്ത്‌ ചരിക്കാമെന്ന പരുവമായപ്പോള്‍ പെട്ടെന്ന് ഒരു സംശയം, ഈ ട്രെയിനിനു ഇനി ഉല്ലാസ് നഗറില്‍ സ്റ്റോപ്പ്‌ ഉണ്ടോ..!! അംബര്‍നാഥെന്നു കണ്ടപ്പോള്‍ ആവേശം മൂത്ത് ചാടി കയറിയതാ, തന്നേമല്ലാ ഠാനെ വരെ വരുന്നതിനിടക്ക് പത്തു പന്ത്രണ്ടു സ്റ്റേഷന്‍ എങ്കിലും ഉണ്ടായിരുന്നെങ്കിലും ആകെ നിര്‍ത്തിയത് മൂന്നോ നാലോ ഇടത്ത് മാത്രം. അബദ്ധമായോ...ഇനി അംബര്‍നാഥില്‍ പോയി അടുത്ത വണ്ടിക്ക് തിരിച്ചു തൂങ്ങേണ്ടി വരുമോ..! വായും പൊളിച്ചു നിന്നിട്ട് കാര്യമില്ല. വണ്ടി ഉല്ലാസ് നഗറില്‍ നി൪ത്തുമോന്ന് ആരോടെങ്കിലും ചോദിക്കണം. ചോദിക്കാന്‍ കൊള്ളാവുന്ന ഒരുത്തനേം അടുത്തെങ്ങും കണ്ടില്ല!! എന്‍റെ ഈ ഞെളിപിരി കണ്ടിട്ടാണോ എന്തോ, ഒരുത്തന്‍ എന്നെ തുറിച്ചു നോക്കുന്നു. എന്നാ പിന്നെ അങ്ങേരോട് തന്നെ ചോദിക്കാം...

"ഭയ്യാ, യെ ഗാടി ഉല്ലാസ് നഗര്‍ മേം രുക്ക്.........(ഇവിടെ, പഴയ ലാംബര്‍ട്ട കയറ്റം കയറുന്ന ഒരു സൗണ്ട് ആണ്, കാരണം അവിടെ രുക്കേങ്ഗെ ആണോ, രുക്കെങ്ഗി ആണോ, രുക്തേംഗെ ആണോ അതോ രുക്തെ ഹൈം ആണോ എന്ന് ഭയങ്കര സംശയം...കേള്‍ക്കുന്നവരുടെ ഇഷ്ട്ടം പോലെ ചേര്‍ത്തോട്ടെ..എനിക്കങ്ങനെ വല്യ ഭാവമൊന്നും ഇല്ലാ).........ക്യാ?"

അറ്റത്ത്‌ ഇങ്ങനെ ഒരു 'ക്യാ' കൂടി ഇട്ടാല്‍ ചോദ്യമായി..!!

 ഞാന്‍ ചോദിച്ചു തീരുന്നതിനു മുന്നേ മറുപടി വന്നു,
"പിന്നെന്താ നി൪ത്തുമല്ലോ...കല്യാണ്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും..."

ഹിന്ദിയിലല്ലാ...നല്ല പച്ച മലയാളത്തില്‍ !!!!

'ഹൊ..ലോകത്ത് എന്തെല്ലാം അത്ഭുതങ്ങള് നടക്കുന്നു...നമ്മള്‍ ഹിന്ദിയില്‍ ചോദിച്ചാല്‍ പോലും മലയാളത്തില്‍ മറുപടി കിട്ടുന്നു!!'

ഇങ്ങനെ ആലോചിച്ച് ഞെട്ടിയ ഭാവത്തില്‍ ഉള്ള നില്‍പ്പ് കണ്ടു ചേട്ടന്‍ വീണ്ടും...

"ആ നില്‍പ്പും(മാന്യന്‍ .., ഞെളിപിരീന്ന് എടുത്തു പറഞ്ഞില്ലാ) മലയാളം പോലത്തെ ഹിന്ദിയും കേട്ടപ്പോഴേ മനസ്സിലായി, മലയാളിയാണെന്ന്."
ഒരു വളിച്ച ചിരി മുഖത്ത് fit ചെയ്ത്, "നന്ദി ചേട്ടാ" എന്ന ഭാവത്തില്‍ ഒന്ന് തലയാട്ടി. അവിടുന്ന് എങ്ങോട്ടെങ്കിലും 'ഊളി ഇടാമെന്ന് ' വിചാരിച്ചാല്‍ കഴുത്ത്‌ മാത്രമായിട്ടു എങ്ങും പോകത്തില്ലല്ലോ...!!

ഈ സംഭവത്തിന്‌ ശേഷം ഞാനൊരു ഭീഷ്മപ്രതിജ്ഞ എടുത്തു....എന്ത്..ഇന്ന് മുതല്‍ ഹിന്ദി പഠിച്ചേക്കാമെന്നൊ...ഡോണ്ട് ഡൂ..ഡോണ്ട് ഡൂ...
പിന്നെയോ, ഇനി ലോക്കല്‍ ട്രെയിനില്‍ കയറിയാല്‍ ഒരുത്തനോടും ഹിന്ദിയില്‍ മിണ്ടൂല്ലെന്ന്...ഞാനാരാ മോന്‍ !!

         
ചിത്രം കടപ്പാട് : ഗൂഗിള്‍

42 comments:

 1. "ഇസ് ട്രെയിന്‍ ഉല്ലാസ് നഗര്‍ മേം രുക്കെഗാ?"

  അത് ഇങ്ങനേം ചോദിക്കാമത്രെ...!! ഇങ്ങനെ ചോദിചിരുന്നേല്‍ മറുപടി ഹിന്ദിയില്‍ കിട്ടുമായിരുന്നോ ആവോ..??!!

  ReplyDelete
 2. ആ ട്രെയിന്‍ സ്റ്റേഷന്‍ ലെ തിക്കും തിരക്കും ഞാനും കണ്ടിട്ടുണ്ട് .. അത് ഓര്‍ക്കുന്നത് തന്നെ ഒരു പേടി ആണ് ...വളരെ നല്ല പോസ്റ്റ്‌

  ReplyDelete
 3. നീ ഇതുവരെ ഹിന്ദി പടിച്ചില്ലേ ടേ-ക്യാ? . കറക്ടല്ലേ ...ലാ‍സ്റ്റില്‍ നീ പറഞ്ഞ ഐറ്റം ചേര്‍ത്തിട്ടുണ്ട് (ക്യാ). (വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാങ്ഗ്ലൂരില്‍ ടൂര്‍ പോയപ്പോള്‍ ഒരു തട്ടുകടയില്‍ ചെന്ന് ഓര്‍ഡര്‍ ചെയ്തത് ഓര്‍മ്മിക്കുന്നു---- ടൂ ടീ...ടൂ ബനാന..! അപ്പോള്‍ വരുന്നു ഞങ്ങളെ തകര്‍ത്തു കളഞ്ഞ കടക്കാരന്റെ മറുപടി ...”ആ ..രണ്ട് ചായയും രണ്ട് പഴവും...പിന്നെ?” .പിന്നെ എഴുത്ത് കലക്കി.

  ReplyDelete
 4. "ഇസ് ട്രെയിന്‍ ഉല്ലാസ് നഗര്‍ മേം രുക്കെഗാ?"
  അത് ഇങ്ങനേം ചോദിക്കാമത്രെ...!! ഇങ്ങനെ ചോദിചിരുന്നേല്‍ മറുപടി ഹിന്ദിയില്‍ കിട്ടുമായിരുന്നോ ആവോ..??!!

  എന്തൊക്കെയായാലും കിട്ടുന്ന മറുപടിക്ക് ഒരേ ഭാഷയെ കാണൂ...തല്ലിന്റെം വേദനയുടേം ഭാഷ...ഹ ഹ...

  ReplyDelete
 5. എന്നാലും നമ്മള്‍ മലയാളികള്‍ തന്നെയാ ഭേതം ഏതു ഭാഷയും പറയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യും മറ്റേ പഹയന്മാര്‍ അവരുടെ ഭാഷയല്ലാതെ മറ്റൊന്നും പറയില്ല കേള്‍ക്കുന്നവന്‍ ഏത് കൂത്തളത്തുകാരനായലും അവര്‍ക്ക് പ്രശ്നമില്ല.

  ReplyDelete
 6. ബൊംബെയിലായിരുന്നപ്പോള്‍ പലപ്പോഴും ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ട്-തിരക്കുള്ള സമയത്തുള്ള യാത്ര വല്ലാത്ത ഒരു അനുഭവം തന്നെയാണ്.രസകരമായി പറഞ്ഞു.

  ReplyDelete
 7. ഭയ്യാ, യെ ഗാഡീ ഉല്ലാസ് നഗര്‍ മേം രുക്കേഗാ ക്യാ..?
  ഹോ അനുഭവിച്ചതാ കുറേ.. ഗോരേഗാവീന്ന് ദാദറിലേക്കുള്ള യാത്രക്കിടയില് കുറച്ച് നാളുകള് ഒരു ആറ് വറ്ഷം... ഇപ്പോ ഒന്നൂടെ യാത്ര ചെയ്യുവാന് തോന്നുന്നു ആ വഴിക്കെല്ലാം

  ReplyDelete
 8. കമന്റാൻ ഹിന്ദി നഹീ ഹെ ഓ പുല്ല് കമന്റാൻ ഹിന്ദി ഒന്നും കയ്യിലില്ലാന്നർഥം .ഗൾഫിൽ ടാക്സിക്കാരുടെ ഹിന്ദിക്കു മുമ്പിൽ വരെ ഞാൻ തകരാറുണ്ട് .ആ ചിത്രങ്ങൾ കാണുമ്പഴേ പേടിയാവ്ണു

  ReplyDelete
 9. ആ അവസ്ഥ ആലോചിച്ചു ചിരിച്ചു വയ്യാതായി - "രുകെന്ഗ് ..ഹൈ ഹോയ് ഹും ...." നന്നായി. ഹംസ വഴിയാണ് ഇവിടെ എത്തിയത്.
  ഭാവുകങ്ങള്‍!

  ReplyDelete
 10. चल चैय्या चैय्या चैय्या चैय्या.... വായന രസകരമായിരുന്നു.

  ഇതൊന്ന് ‌കണ്ടു നോക്കൂ!!

  പിന്നെ, ജിലേബിക്ക് ഒരുപാട് താങ്ക്സ്. മനസ്സ് നിറഞ്ഞു.. :):)

  ReplyDelete
 11. Kollaamm.. :-) :-)

  ReplyDelete
 12. അവിടുന്ന് എങ്ങോട്ടെങ്കിലും 'ഊളി ഇടാമെന്ന് ' വിചാരിച്ചാല്‍ കഴുത്ത്‌ മാത്രമായിട്ടു എങ്ങും പോകത്തില്ലല്ലോ...!!

  സംഭവം വളരെ രസമായി എഴുതിയെങ്കിലും ട്രെയിനിലെ തിരക്ക്‌ അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.
  ഭാവുകങ്ങള്‍.

  ReplyDelete
 13. ..
  മഹാരാഷ്ട്രയില്‍, പ്രത്യേകിച്ച് മുംബൈയിലെ ഈ ദുരിതമെന്നവസാനിക്കും..

  സിബൂ, അതല്ല കാര്യം, ഇപ്പൊ മറാഠികള്‍ക്കും നന്നായി മലയാളം സംസാരിക്കാനറിയാം. സൂക്ഷിച്ചോ, അറിയാതെ പോലും പച്ചത്തെറി വിളിക്കല്ലെ.. കൂയ്.. :D

  രസായിട്ടുണ്ട്, പുതിയ വരികള്‍ക്ക് ആശംസകള്‍..
  ..

  ReplyDelete
 14. പിന്നെന്താ നി൪ത്തുമല്ലോ...കല്യാണ്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും..."

  ഹിന്ദിയിലല്ലാ...നല്ല പച്ച മലയാളത്തില്‍ !!!!

  അസ്സലായി….അസ്സലായി….ഈ മുംബൈയാത്ര.
  ഉല്ലാസ് നഗറിലേക്ക് ക്യാ ബോൽത്താ തും?

  ReplyDelete
 15. Amazing....भैया....Amazing...

  ReplyDelete
 16. ഒരു പ്രാവശ്യം ഞാനും കയറിയിട്ടുണ്ട്... മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ പോസ്റ്റ് വായിച്ചപ്പോള്‍ അത് ഓര്‍ത്തുപോയി.... അഭിനന്ദനങ്ങള്‍

  ജിലേബി കൊള്ളാം

  ReplyDelete
 17. ഇതില്‍ കേറിയിട്ടു ഇറങ്ങുമ്പോള്‍ തടി കുറയുമോ? എന്നാല്‍ ഞാന്‍ റെഡി.
  വായാടിയുടെ ഗമന്റില്‍ കണ്ട ജപ്പാനിലെ പോലീസുകാര്‍ മണ്ടന്മാര്‍ ആണ്, നമ്മളെ കണ്ടു പഠിയ്ക്ക്. ഇത്ര കഷ്ടപ്പെട്ട് ഡോര്‍ അടച്ചില്ലെങ്കില്‍ ഇനിയും ആളെ കേറ്റാമായിരുന്നല്ലോ.

  ബാങ്കോക്കിലെ കാഴ്ചകള്‍ കണ്ടു നോക്കൂ..  ഫയങ്കരന്മാര

  ചന്ത
  റെയില്‍വേ ക്രോസിംഗ് 

  ReplyDelete
 18. ഡോണ്ട് ഡൂ..ഡോണ്ട് ഡൂ...
  ഹിന്ദി നന്നായിട്ട് പറയാൻ പഠിക്കരുത്, നമ്മുടെ ഐഡി പോകും.

  ReplyDelete
 19. നല്ല രസികന്‍ പോസ്റ്റ്‌. ആശംസകള്‍.
  ധൈര്യമായി കയറിക്കോളൂ. ഏതായാലും കൊളാബയിലേക്ക് ട്രെയിന്‍ പോകില്ല.. [CST / Churchgate വരെ മാത്രമേ ട്രാക്ക് ഇട്ടിട്ടുള്ളൂ]

  ReplyDelete
 20. नमस्ते सिबू,
  ആദ്യമായിട്ടാണ് ഇവിടെ വരുന്നത്. യാത്രാവിവരണം രസിച്ചു. आपका हिंदी पठन कैसे चल रहा है?

  ReplyDelete
 21. നല്ല വിവരണം. എനിക്കും ഹിന്ദി ഒരു കീറാമുട്ടിയായിരുന്നു. പ്രത്യേകിച്ച് gender. പുസ്തകം, പേന എല്ലാം ആണും പെണ്ണും വേണമെന്നത എന്റെ യുക്തിക്കു നിരക്കില്ലായിരുന്നു. പത്താം ക്ലാസ്സോടെ ഹിന്ദിയോടു സലാം പറഞ്ഞു.

  ReplyDelete
 22. Jiss JanardhananJune 19, 2010 at 3:21 PM

  അളിയാ തകര്‍പ്പന്‍

  ReplyDelete
 23. Deepa KurasarurmanaJune 19, 2010 at 3:37 PM

  ശരിക്ക്യും ---> തകര്‍പ്പന്‍

  ReplyDelete
 24. നല്ല രസമുണ്ട് വായിക്കാൻ, ഇനിയും വരാം, പിന്നെ ജിലേബിയേക്കാൾ നല്ലത് പരിപ്പുവടയാണ് (പ്രമേഹമുണ്ട്)

  ReplyDelete
 25. It is more horrible for ladies....... I am sure the daily passengers in those trains have all powers to tolerate anything in the world... Good memories!!! worth cherishing, for you.

  ReplyDelete
 26. തീവണ്ടിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ വിഭജനകാലത്ത് ഇന്ത്യയിൽ നിന്നും പാകിസ്താനിൽ ൻഇന്നും ഉണ്ടായ അഭയാർത്ഥി പ്രവാഹങ്ങളെ ഓർത്തുപോയി. ഇപ്പോഴും മനുഷ്യൻ പുഴുക്കളുടെ ജീവിതം ജീവിക്കുകയാണല്ലേ. അവരൊക്കെ ജീവിക്കുകയല്ല, അതിജീവിക്കുകയാണല്ലേ.
  നെറ്റിക്കണ്ണിൽ ജ്വലിക്കും ആപൽദ്യുതിയോടെ
  ലോകാന്ത ഗർഭ ശ്രേണിനിറയെ ശവങ്ങളെ വഹിച്ച്
  നാടുകൾ നഗരങ്ങൾ മൃണ്മയ ശതാബ്ദങ്ങൾ പിന്നിട്ട്
  കൂകിപ്പായും തീവണ്ടി
  എന്ന ചുള്ളിക്കാടിന്റെ വരികളും ഓർത്തുപോയി.

  ReplyDelete
 27. Bombayude jeevithathinte anishedya bagham aanu Local train yathra.
  Njan innale aa yathra kazhinju ethiye ullu.
  Nice.

  ReplyDelete
 28. hum jaha bhi jaye milenge ek malayali nagarik ko. lekin vo kabhi malayalam nahi bolenge.
  ek kahavat hai ki yadi aap chandramandal mem jaakar dekho, vaham, eek chaay ki dookan hoga malayali ki.

  ReplyDelete
 29. രസകരമായിരിക്കുന്നു :)
  അനുഭവം....ഗുരുന്ന് ആണോ?

  ReplyDelete
 30. ..
  ഇരുളിന്റെ കൂടാരമാകെക്കുലുങ്ങുമാറരിയ
  പൂഞ്ചിറകുകള്‍ വീശി

  വരുമൊരുഷസ്സിന്റെ തേരുരുള്‍ പാട്ടിന്റെ
  ശ്രുതിയൊത്ത് പാടുകയാലൊ..(ഒ എന്‍ വി)
  ..
  ഉഷസ്സുകള്‍ ഇനിയും വരട്ടെ
  ആ പുലരികള്‍ നന്മ മാത്രം സമ്മാനിക്കട്ടെ..
  ..
  ആശംസകള്‍
  വരുന്ന 27 നാളിലേക്ക് മുന്‍കൂറായിട്ട്.. :)
  ..

  ReplyDelete
 31. ഹഹ ... എനിക്കാണേൽ ഹിന്ദി ഒരു പിടീം ഇല്ല :)

  ReplyDelete
 32. ഞാനും പണ്ടൊരു യാത്ര പോയിട്ടുണ്ട് ഇങ്ങനെ! manmaad to aurangabad . ചത്താലും മറക്കില്ല. :)
  പിന്നെ കന്നടയില്‍ ഇങ്ങനെ പറ്റിയൊരു abhaddham കേട്ടിട്ടുണ്ട്.
  ഒരാള്‍ ബസില്‍ കയറി അടുത്ത ആളോട് ചോദിച്ചു. "--- ഹോഗുമോ?"
  മറുപടി
  "ഹോഗുമായിരിക്കും"
  രണ്ടുപേര്‍ക്കും കാര്യം മനസ്സിലായി. :)

  ReplyDelete
 33. dhoda dhoda maluum bhaiyya

  oru cinimayil jagathyude hindi
  orma varunnu ......mem thum dusman....

  pinne idiyodu idi...

  ReplyDelete
 34. മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
  http://sports.mathrubhumi.com/worldcup/upload-your-photos/index.html

  ReplyDelete
 35. ജിലേബി കൊതിപ്പിച്ചൂട്ടോ .

  ഇതാ മലയാളികളുടെ ഗുണം എവിടെ ചെന്നാലും തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല . :)

  ReplyDelete
 36. awrdinu abhinandhanangal, oppam jilebikku nandhiyum............

  ReplyDelete
 37. പണ്ടൊരിക്കല്‍ ഈ മഹാ വാഹനത്തില്‍ യാത്ര ചെയ്ത ഓര്‍മ്മ വന്നു, ഇറങ്ങിയപ്പോള്‍ രണ്ടു കൈയ്യും ഉണ്ടോന്നു പരിശോധിച്ചുറപ്പക്കേണ്ടി വന്നു അന്നു.

  ReplyDelete
 38. siya : എനിക്കിത് വളരെ പുതിയൊരു അനുഭവമായിരുന്നു. കോളേജില്‍ പോകുമ്പോ ബസ്സില്‍ തൂങ്ങി നിന്നൊക്കെ പോകുമായിരുന്നെങ്കിലും, ഇത്ര ഹൈ-ടെക്കില്‍ ആദ്യമാ..

  ഗോപീകൃഷ്ണ൯.വി.ജി : ഇത് വരെ നേരാം വണ്ണം പടിചില്ലടാ ഹേ..!! താങ്ക്സ് ഡാ.

  ചാണ്ടിക്കുഞ്ഞ് : ചാണ്ടിച്ചായോ, അതിനകത്തില്‍ തെറി ഒന്നും ഇല്ലാരുന്നു. എന്നാലും നീ "ഹിന്ദിയെ വധിക്കുമോടാ...!@#@!$@" എന്നെങ്ങാനും ചോദിച്ചു വല്ലതും കിട്ടിയെങ്കില്‍ ആയി ;-)

  ഹംസ : ഹംസക്ക, അതൊരു സത്യമാണ്. അത് കൊണ്ടാണല്ലോ ഇതു കൂത്താട്ടുകുളത്തുകാരനും ഇതു ഉഗാണ്ടയില്‍ പോയാലും ജീവിക്കുന്നത്.

  Pd : കൊള്ളാല്ലോ...ഡല്‍ഹി-മുംബൈ യാത്ര കുറെ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ആ നൊസ്ടാള്ജിക് കമന്റ്‌ എന്‍റെ ഈ പോസ്റ്റിനുള്ള സമ്മാനമാണ്..നന്ദി.

  vinus : ഈ ഗള്‍ഫില്‍ പോയിട്ട് വരുന്നവരെല്ലാം നല്ലത് പോലെ ഹിന്ദി സംസാരിക്കാറുണ്ട്...അല്ലണ്ണാ, ഒരു സംശയം...ഗള്‍ഫിലെ രാഷ്ട്ര ഭാഷയും ഹിന്ദി തന്നെ ആണോ..!!!

  Shaivyam...being nostalgic : താങ്ക്സ് :-) ഇനിയും ഈ വഴിക്ക് മുടക്കമില്ലാതെ പോന്നോളൂ...ഹംസക്കക്ക് എന്‍റെ വക ഒരു താങ്ക്സ്... :-)

  Vayady : വായാടി സ്ഥിരമായി ഈ വഴി വരുന്നത് കൊണ്ട് ഞാന്‍ ചുമ്മാ നന്ദി പറഞ്ഞു കൊളമാക്കുന്നില്ല...चल चैय्या चैय्या चैय्या चैय्या.... :-)
  പോലിസുകാര്‍ക്കെന്താ ഈ ട്രെയിനില്‍ കാര്യം..!! വായാടി, ഇതെവിടുന്നു തപ്പി എടുത്തു.. കിടിലന്‍ വീഡിയോ ആണ് കേട്ടോ..!!

  Rajina Nanoth : ഡാങ്ക്സ് :-)

  പട്ടേപ്പാടം റാംജി : അത് സത്യമാ..അനുഭവിച്ചു തന്നെ അറിയണം...
  പിന്നീടൊരിക്കല്‍ കൂടി ഞാന്‍ പോയിട്ടുണ്ട്...അന്ന് സീറ്റില്‍ ഇരുന്നു യാത്ര ചെയ്തു...എനിക്കുണ്ടായ ഒരു സന്തോഷം..!!

  ReplyDelete
 39. രവി : രവി, ഇതവരുടെ ജീവിതത്തിന്റെ ഭാഗമാണ്..നമുക്കല്ലേ ഇത് പുതുമ.
  സത്യമാ, ഒരിക്കല്‍ കല്യാണില്‍ ഒരു ചന്തയില്‍ കയറിപ്പോ മനസ്സിലായി..അവിടുത്തെ സിന്ധി കച്ചവടക്കാര് നല്ല പച്ച മലയാളത്തില്‍ വിലപേശുന്നു..!!

  sm sadique : ഇക്കാ, വീണ്ടും എന്നോട് ഹിന്ദിയിലോ..!! :-) നല്ല വാക്കിന് താങ്ക്സ് കേട്ടോ..

  Chinchu Nair : Thanks..बहन...Thanks

  thalayambalath : കയറിയിട്ട് എങ്ങനെ ഉണ്ടായിരുന്നു...ബോലോ..ബോലോ...

  വഷളന്‍ | Vashalan : ഫയങ്കരന്മാര് തന്നെ...ഇതൊന്നുമില്ലാഞ്ഞിട്ടു ഇന്ത്യന്‍ റെയില്‍വേയെ കൊണ്ട് ജീവിക്കാന്‍ മേലാ..!! വീഡിയോ കലക്കി കേട്ടോ..താങ്ക്സ്.

  Kalavallabhan : കറക്റ്റ്. ഹിന്ദിയെ..എന്നേം കൊണ്ടൊന്നും പറ്റൂലാ...

  ശ്രീ : നന്ദി.. :-)

  സഖി : സ്വാഗതം...ആദ്യത്തെ വരവില്‍ കുറച്ചു ജിലേബി കിട്ടിയല്ലോ അല്ലെ..?? :-) ഇനി ഇതൊരു ശീലമാക്കി കൊള്ളൂ, എനിക്ക് വിഷമം ഒന്നും ഇല്ലാ..
  പിന്നെ ഹിന്ദി...ഇങ്ങനൊന്നും ചോദിച്ചു എന്നെ ലജ്ജിപ്പിക്കല്ല്... :-) കഷ്ട്ടപെട്ടു ഹിന്ദി പറയാന്‍ തുടങ്ങുമ്പോഴേക്കും ഇവിടുള്ള എന്‍റെ കൂട്ടുകാര് പറയും..."ഇംഗ്ലീഷ് മതി അണ്ണാ...പ്ലീസ്"...പിന്നെ നമ്മളായിട്ട് അനുസരണക്കേട്‌ കാണിക്കാന്‍ പാടില്ലല്ലോ...!!

  maithreyi : ഹാവൂ...കൂട്ടിന് ഒരാളെ കിട്ടി...gender തന്നെയാണ് എന്‍റെയും പ്രശ്നം...ആവശ്യമില്ലാത്ത ഓരോ കണ്ടു പിടിത്തങ്ങള്..!!

  Jiss Janardhanan : താങ്ക്സ് അളിയാ :-)

  Deepa Kurasarurmana : താങ്ക്സ് കേട്ടോ :-)

  ReplyDelete
 40. ശ്രീനാഥന്‍ : തീര്‍ച്ചയായും വരണം..
  അടുത്ത തവണ ആകട്ടെ...പരിപ്പ് വടയും കട്ടന്‍ ചായയും ശരിയാക്കാം

  Sunu : U r right. Thanks a ton.

  എന്‍.ബി.സുരേഷ് : ഇതങ്ങനെ തുടര്‍ന്ന് കൊണ്ടേ ഇരിക്കും...എത്ര വണ്ടി വന്നാലും നിറഞ്ഞു പോകാനുള്ള ആളുകള്‍ മുംബൈയില്‍ ഉണ്ട്.

  Raman : ഒരു പ്രത്യേക അനുഭവം തന്നെ..അല്ലെ രാമാ...

  jayaraj : ആപ് ഏക്‌ ബഡാ സംഭവ് ഹൈ ഹോ..ഹും.
  പച്ചവെള്ളം കുലുക്ക് പിഴിയുന്നത് പോലെ അല്ലെ ഹിന്ദി...

  അരുണ്‍ കായംകുളം : അനുഭവം ഇങ്ങനൊക്കെ ഇവിടെ എഴുതിയിടാന്‍...ഗുരുവേ... അങ്ങാണ് മാതൃക :-)
  ഈ വഴി വല്ലപ്പോഴും ഒക്കെ കറങ്ങണേ...

  രവി : ആദ്യാണ് പിറന്നാള്‍ ആശംസയായി ഒരു നാല് വരി കവിത കിട്ടുന്നത്.പെരുത്ത്‌ നന്ദി കോയാ...

  പ്രവീണ്‍ വട്ടപ്പറമ്പത്ത് : കേരളത്തിലും തമിഴ് നാട്ടിലും മാത്രം പെഴച്ചു പോകാം :-)

  ശാലിനി : ഹ..ഹ..ഹ...അതാണ്‌...കാര്യം മനസ്സിലായാല്‍ പോരെ...

  കുസുമം ആര്‍ പുന്നപ്ര : ആ തോടാ തോടായും കൊണ്ടാ കുറെ നാളായി ഞാന്‍ ഇവിടെ പിടിച്ചു നില്‍ക്കുന്നത് !!!

  bobycochin : Argentina-യുടെയും Brazil-ന്‍റെയും മത്സരം നടക്കുമ്പോള്‍ ഇവിടെ പൂനെയില്‍ ഇവന്മാര്‍ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും ക്രിക്കറ്റ്‌ കളി കാണുവാരുന്നു...പറഞ്ഞിട്ട് കാര്യമില്ല..!!


  ജീവി കരിവെള്ളൂര്‍ : ജിലേബി ഞാന്‍ മാറ്റി...ഇവിടെ വരുന്നവര്‍ക്ക് ഷുഗറ് വരാന്‍ സാധ്യത ഉണ്ടത്രേ.
  സത്യം. അതാണല്ലോ നമ്മള്‍ മലയാളികള്‍ :-)


  jayarajmurukkumpuzha : താങ്ക്സ് കേട്ടോ.

  സ്മിത മീനാക്ഷി : ഹ..ഹ.ഹ...അപ്പൊ എന്നെ പോലെ കുറെ പേരുണ്ട് അല്ലെ...!!!

  ReplyDelete
 41. ന്റെ സിബു വായിച്ചു ചിരിച്ചു.... ചിരിച്ചു ചിരിച്ചു കുഴഞ്ഞു. കുഴഞ്ഞു കഴഞ്ഞു കൂഴച്ചക്കപോലെ ആയി. എനിക്കും ആദ്യമായി ബോംബയില്‍ പോയപ്പോള്‍ ഇത് തന്നെ സംഭവിച്ചു. നമ്മള്‍ വല്യ ആളുകളെ പോലെ ഡ്രസ്സ്‌ ചെയ്തു നില്‍ക്കും. ആരെങ്കിലും ഇങ്ങോട്ട് ഹിന്ദിയില്‍ ചോദിച്ചലാണ് കുഴയുക എനിക്കി അറിയാത്ത പദം ഇറങ്ങാന്‍ എങ്ങനെ ചോദിക്കും എന്നായിരുന്നു. പൂച്ചയുടെ മുമ്പ്ല്‍ പെട്ട എലിയെ പോലെ ഒന്നും ചോദിക്കാനാവാതെ അങ്ങനെ നിസ്സഹായാനായുള്ള നില്പ് ഇന്നും ഓര്‍ക്കുമ്പോള്‍ ചിരി പൊട്ടും

  ReplyDelete

ദ..ഇപ്പൊ മനസ്സില്‍ എന്തോ പറഞ്ഞില്ലേ? അതിവിടെ എഴുതിയിട്ട് പോകൂന്ന്..

LinkWithin

Related Posts with Thumbnails