Wednesday, August 18, 2010

വരി: റ്റാ-റ്റാ..ബൈ ബൈ..മാത്തേരാന്‍

ഭാഗം 1: വരുന്നോ ഞങ്ങള്‍ക്കൊപ്പം മാത്തേരാനിലേക്ക്..?
ഭാഗം 2: എത്തിപ്പോയ് മാത്തേരാനില്‍..!!



തുടരുന്നു..               ദൈവദൂതന്‍ bisleri കുപ്പിയുടെ carton-നുമായി നടന്നു പോകുന്നത് കണ്ടിട്ടുണ്ടോ?!!
പിന്നെ, ദൈവദൂതന് അതല്ലെ പണിയെന്നു ചോദിച്ചാല്‍ ഞങ്ങള്‍ പറയും.. "അതേ..!!"
വഴി തെറ്റി കാട്ടിലെത്തിയ ഞങ്ങള്‍ക്ക് വല്യൊരു ആശ്വാസമായാണ് അയാള്‍ അത് വഴി പോയത്. പക്ഷെ 'ദൈവദൂതനോട്' രണ്ടു കുപ്പി വെള്ളം ചോദിച്ചപ്പോള്‍, 'അങ്ങ് കടയില്‍ വന്നാല്‍ തരാമെന്നായിരുന്നു' മറുപടി.
കുറച്ചു കൂടി നടന്നാല്‍ മറ്റൊരു പോയിന്റ്റ് കൂടി ഉണ്ടെന്നു പറഞ്ഞപ്പോള്‍, 'എന്നാ ശരി, വെള്ളവും കുടിക്കാം, പൊയന്റും കാണാം' എന്ന് പറഞ്ഞു ഞങ്ങള്‍ അയാള്‍ക്കൊപ്പം കൂടി. പത്തു പതിനഞ്ചു മിനിറ്റ് കൂടി നടന്നു കാണും, ചെന്ന് കയറിയത് ഒരു ചെറിയ വീട്ടിലേക്കാണ്. വീടിനോപ്പം കച്ചവടവുമായി ഒരു വൃദ്ധനും വൃദ്ധയും. ഞങ്ങളെ കൂട്ടികൊണ്ട് വന്നത് അവരുടെ മകനായിരിക്കണം. വീടും കച്ചവടവും ചെറുതാണെങ്കിലും പെപ്സിയും, കൊക്കകോളയും, lays-സും ഒക്കെ ആയി 'നല്ല സെറ്റ്അപ്പ്‌'..!! മോരും വെള്ളം ഉണ്ടെന്നു കേട്ടപ്പോള്‍ ബാക്കി എല്ലാം ഉപേക്ഷിച്ച് 'ഗുമു-ഗുമാ' മോരും വെള്ളം വാങ്ങി കുടിച്ച് എല്ലാവരും വയറു നിറച്ചു.
              ഞങ്ങളുടെ കൈയില്‍ നിന്ന് കുറച്ചു കാശ് കിട്ടിയ സന്തോഷം, 'അവിടെ നിന്ന് പത്തു ചുവടു നടന്നാല്‍ Rambaug Point ആണെന്ന്' ഓര്‍മ്മപ്പെടുത്താന്‍ വഴികാട്ടി ചേട്ടന്‍ മറന്നില്ല. അലക്സാണ്ടര്‍ പൊയന്റില്‍ നിന്ന് കാണാവുന്ന സഹ്യാദ്രിയുടെ ഏതാണ്ട് മുന്‍ഭാഗം കാണാന്‍ പറ്റുന്നുവെന്നതാണ് Rambaug Point-ന്‍റെ പ്രത്യേകത.

Rambaug point-ല്‍. പിറകില്‍ സഹ്യാദ്രിയുടെ മുന്‍ഭാഗം 

എന്തായാലും വഴി തെറ്റി വന്നത് വെറുതെയായില്ലാ. അപ്പോള്‍ അവിടേക്ക് വന്ന America-ക്കാരിക്കു ഞങ്ങളുടെ ബഹളം കണ്ടപ്പോള്‍ ഒരു കൗതുകം. അവര്‍ക്ക് ഞങ്ങളുടെ ഫോട്ടോയെടുക്കണം. (പിന്നാമ്പുറത്ത് കേട്ടത്: America-യിലെ വല്ല hoarding-ലോ മറ്റോ ഒട്ടിക്കാനാനെങ്കില്‍ ആയിക്കൊട്ടടെ...!!). വഴികാട്ടി ചേട്ടനോട് ഷാര്‍ലറ്റ് ലേക്കിലെക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി, America-ക്കാരിക്ക് കൈയും കൊടുത്തു ഞങ്ങള്‍ വീണ്ടും നടത്തം ആരംഭിച്ചു.
                   ദാഹവും ക്ഷീണവും മാറിയ ആവേശത്തില്‍ ബിബിന്‍ ഗിറ്റാര്‍ കൈയിലെടുത്തു. മാത്തേരാന്‍ കാടിന് നടുവിലൂടെ...
"കേരളം, കേരളം, കേരളം മനോഹരം..."
എന്ന് ഞങ്ങളല്ലാതെ ഇന്നെ വരെ ആരും പാടിക്കൊണ്ട്  നടന്നിട്ടുണ്ടാവില്ലാ..!!

നടത്തം ഏറുംതോറും കാടിന്‍റെ കനം കുറഞ്ഞു കുറഞ്ഞു വന്നു. നാല്‍ക്കവല പോലെ തോന്നിക്കുന്ന ഒരു വഴിയില്‍ എത്തിയപ്പോള്‍ കുറെ കുതിരകളും, കുതിരക്കാരും. ഒന്ന് റൗണ്ട് അടിക്കാം, രൂപ.20! അതല്ലാ, ഇനി അടുത്ത പോയിന്റ്‌ വരെ പോകണോ..? രൂപ.200..!! 
"വേണ്ട ചേട്ടാ..അടുത്ത പോയിന്റ്‌ വരെ ഞങ്ങള്‍ നടന്നു പൊയ്ക്കൊള്ളാം.." തത്കാലം ഇവിടെ ഒരു കറക്കം. 
ആദ്യം മടിച്ചു നിന്നവര്‍ കുതിരപ്പുറത്തു കയറിയവരോട് തിരക്കി..."എങ്ങനെയുണ്ട്..?"
"കൊള്ളാം... സംഭവമല്ലെ..."ന്നു മറുപടി.
എല്ലാവര്‍ക്കും ആവേശമായി, കുതിരക്കാര്‍ക്ക് നല്ല കോളും..!

ഇടച്ചേന സിബുവും കൈതേരി അനുപും..!! 

               ഷാര്‍ലറ്റ് ലേക്കിലെക്കുള്ള വഴി തെറ്റിയിട്ടില്ലെന്ന് കുതിരക്കാരോട് ചോദിച്ചുറപ്പിച്ചു ഞങ്ങള്‍ നടന്നു തുടങ്ങി. ഈ നടത്തത്തില്‍ മറ്റൊരത്ഭുതമാണ് വഴിയില്‍ ഞങ്ങള്‍ക്ക് വച്ചിരുന്നത്. പച്ചയും വെള്ളയും യൂണിഫോം ധരിച്ച്, ബാഗും തോളിലിട്ടു കുറെ കുട്ടികള്‍ എതിരെ വരുന്നു. 'ഈശ്വരാ, ഈ കുഞ്ഞു മലമുകളില്‍, മാനും...മാഞ്ചാടിയും ഇല്ലാത്ത ഈ സ്ഥലത്ത് ഒരു സ്കൂളോ..!!!' അറിയാവുന്ന ഹിന്ദിയില്‍ കുശലം ചോദിച്ചു.. എന്നിട്ട് തിരക്കി,
"മക്കളെ, നിങ്ങള്‍ ഏത് സ്കൂളിലാ പഠിക്കുന്നത്..?"
സാറുമ്മാര് ചോദ്യം ചോദിക്കുന്നതിനു ഉത്തരം പറയുന്നത് പോലെ എല്ലാവരും കൂടി...
"St.Xavier's സ്കൂള്‍....." 
                കുട്ടികള്‍ക്ക് റ്റാ-റ്റാ കൊടുത്തു ഞങ്ങള്‍ മുന്നോട്ടു നടന്നു. പിന്നീടുള്ള നടത്തത്തില്‍ കുതിരകളും സ്കൂളും ഒക്കെ ആയി സംസാരവിഷയം. ആ നടത്തം ഏറെ ദൂരം പോകേണ്ടി വന്നില്ലാ, കുഞ്ഞരുവികളുടെ കള കള ശബ്ദം ഞങ്ങളെ നിശബ്ദരാക്കി. ചെറിയ തിട്ടകളില്‍ നിന്ന് താഴേക്കു വീണ്, വഴി മുറിച്ചൊഴുകുന്ന നല്ല തെളിനീര്. ഉറവയില്‍ കൈവച്ച് ഞാനത് കൈക്കുമ്പിളിലേക്ക് എടുത്തു. 
"ഹോ...!! എന്താ തണുപ്പ്..."
കൈയിലെടുത്ത വെള്ളം കൊണ്ട് മുഖം കഴുകി. ഒരു പുത്തന്‍ ഉണര്‍വ്. പുതു മഴ നനഞ്ഞ സുഖം....!!!
                      പത്തു ചുവടു കൂടി നടന്ന് ഒരു വളവു തിരിഞ്ഞപ്പോള്‍, അതിമനോഹരിയായ ഷാര്‍ലറ്റ് ലേക്ക്. ഇത്രയും നേരം ഞങ്ങള്‍ അന്വേഷിച്ചു നടന്ന മാത്തേരാന്‍റെ പുത്രി. കണ്ടല്‍ ചെടികള്‍ അരയില്‍ ചുറ്റി, പച്ച പട്ടുടുത്തു നില്‍ക്കുന്ന സുന്ദരി. അവളുടെ മെയ്യില്‍ തഴുകി വരുന്ന ഇളംകാറ്റ് മറ്റൊരു സ്ഥലത്തും കിട്ടാത്ത അനുഭൂതിയാണ് പകര്‍ന്നു തന്നത്.



ഷാര്‍ലറ്റ് ലേക്ക്

തടാകത്തിന്‍റെ  കരയില്‍ കൂടി നടക്കുമ്പോള്‍ കൈയില്‍ പൊതിയുമായി നടക്കുന്നവര്‍ക്ക്, കരിമ്പ് ജ്യൂസ്‌ വിറ്റിരുന്ന കടക്കാരന്‍ മുന്നറിയിപ്പ് കൊടുക്കുന്നുണ്ടായിരുന്നു..
"കുരങ്ങന്മാരെ സൂക്ഷിച്ചോ..."
അയാള്‍ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അച്ചായന്‍റെ കൈയ്യിലിരുന്ന ഒരു sprite കുപ്പി അവന്മാര് പിടിച്ചു പറിച്ചു. എന്നിട്ട് അതും പിടിച്ചു മരത്തിന്‍റെ മുകളില്‍ കയറിയിരുന്നു ഇളിച്ചു കാണിച്ചു..."തനി കൊരങ്ങന്‍..!!"

ഷാര്‍ലറ്റ് ലേക്കിന്‍റെ കരയില്‍ 

              സമയം ഏതാണ്ട് 2.00 മണി ആയിരുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ്‌.തടാകത്തിന്‍റെ കരയില്‍ രണ്ടു-മൂന്നു ഭക്ഷണശാലകളുണ്ട്. പാവ് ഭാജിയും, വടാപ്പവും, ഭേല്‍പ്പൂരിയും ഒക്കെ കിട്ടുന്ന ചെറിയ കടകള്‍. എല്ലാവരും വടാപ്പാവ് മേടിച്ചു കഴിച്ചു;വിശപ്പ്‌ മാറിയില്ല. പാവ് ഭാജിയും കരിമ്പ് ജ്യൂസും കൂടി ആയപ്പോള്‍ സ്വസ്ഥം(ഏത്തക്കയും പോത്തിറച്ചിയും പോലെ ഉഗ്രന്‍ combination ആയിരുന്നു). വയറു നിറയെ ഭക്ഷണം ആയപ്പോള്‍ രാവിലെ മുതലുള്ള നടത്തത്തിന്‍റെ ക്ഷീണം മാറ്റാന്‍ കാലും നീട്ടി അവിടെ തന്നെ ഇരിക്കാന്‍ തീരുമാനിച്ചതും, അച്ചായന്‍ ധൃതി കൂട്ടി..
"എളുപ്പമാകട്ടെ..എളുപ്പമാകട്ടെ..നമുക്കിനി കുറെ ദൂരം പോകാനുണ്ട്.."
ഇനി വീട്ടില്‍ ചെന്നാലല്ലാതെ ഇരുത്തം നടക്കില്ലാന്ന് മനസ്സിലാക്കി എല്ലാവരും അച്ചായന് പിറകെ നടത്തം തുടങ്ങി. ഷാര്‍ലറ്റ് ലേക്കിന് ഇടതു വശത്തുള്ള വഴിയില്‍ കൂടി മൂന്നു നാല് വളവും തിരിവും കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മാത്തേരാന്‍റെ മറ്റൊരു വശത്തെത്തി. ദൂരെ, കൂര്‍ത്ത മുനയുമായി നില്‍ക്കുന്ന ഒരു ഒറ്റമലയും, താഴെ സൂര്യപ്രഭയില്‍ വെട്ടി തിളങ്ങുന്ന ഒരു വലിയ തടാകവും.Lord's point എന്ന ഈ സുന്ദരിയെ വിട്ടു കളയാഞ്ഞതില്‍ അതിയായ സന്തോഷം തോന്നി. കുറച്ചു ഫോട്ടോസും എടുത്തു അവിടെ നിന്നും തിരിച്ചു നടന്നു.
കൂര്‍ത്ത മുനയുള്ള ഒരു ഒറ്റമല 
പോക്കിയിങ്ങ് എടുത്താലോ..?!!

ഷാര്‍ലറ്റ് ലേക്കിന്‍റെ ഓരം ചേര്‍ന്നുള്ള പടികള്‍ കയറി ഞങ്ങള്‍ മറ്റൊരു വഴിയിലെത്തി.
                       വഴി ആരംഭിക്കുന്നിടത്ത് വീണ്ടും കുതിരകളും കുതിരക്കാരും. Rambaug pointന് അടുത്ത് കണ്ട ഒന്ന്-രണ്ടു കുതിരക്കാര്‍ ഇവിടെയും ഉണ്ടായിരുന്നു. പല്ലവി പഴയത് തന്നെ..
"ഇവിടുന്നു echo പോയിന്റ്‌ വരെ കൊണ്ട് വിടാം,  രൂപ.200..!!".


 ഇത്തവണയും ഞങ്ങള്‍ നടത്തം മതിയെന്ന് തീരുമാനിച്ചു. ഇത് വരെ നടന്ന വഴികളെല്ലാം നിരപ്പുള്ളതായിരുന്നെങ്കില്‍, ലേക്കില്‍ നിന്നുള്ള വഴികള്‍ കുത്തനെ ഉള്ള കയറ്റങ്ങളായിരുന്നു.

വഴിയില്‍ ഓട് ഇട്ട കേരള സ്റ്റൈലില്‍ ഒരു കെട്ടിടം 
ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന മറ്റൊരു കെട്ടിടം 

echo point-ന് മുന്‍പുള്ള King George point-ല്‍ എത്തുന്നതിനു മുന്നേ തന്നെ എല്ലാവരും തളര്‍ന്നു. പ്രായമായ അമ്മച്ചിയും, കൈകുഞ്ഞുമായി നടക്കാന്‍ പറ്റാതായപ്പോള്‍ അച്ചായനും കുടുംബവും വഴിയില്‍ വിശ്രമിക്കാനിരുന്നു. അവര്‍ പിറകെ എത്തിയേക്കാമെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ നടത്തം തുടര്‍ന്നു.

തളര്‍ന്നു പോയി..!
അച്ഛന്‍റെ തോളില്‍ ഒരു മയക്കം - നേവൂട്ടി 

             King George point-ല്‍ എത്തുമ്പോള്‍ ഇത് വരെ കണ്ട സ്ഥലങ്ങളുടെ അത്ര ഭംഗിയൊന്നും തോന്നിയില്ല. അവിടെയെന്താ കാണാനുള്ളതെന്ന് ഒരു കുതിരക്കാരനോട് തിരക്കി.
"സാബ്, ബാരിഷ് കേ സമയ് യെ ജഹെ ബഹുത്ത് സുന്ദര്‍ ലഗ്തി ഹേ.."
മഴ പെയ്താലെന്താ ഇത്ര ഭംഗി..? ആകാംഷയായി..!!
"ജര്‍നെ സിര്‍ഫ്‌ ബര്‍സാത് മേ ഹി ദിഖായി ദേത്തെ ഹേ..."
(മഴ സമയത്ത് മാത്രം അവിടെ വെള്ളച്ചാട്ടം ഉണ്ടാകുമത്രെ..!)

അനൂപ്‌, King George point-ല്‍
അതെ സ്ഥലം മഴയ്ക്ക് ശേഷം. കടപ്പാട്: ഗൂഗിള്‍ 

അയാളങ്ങനെ പറഞ്ഞപ്പോള്‍ അതിനു ഇത്ര ഭംഗി ഉണ്ടാകുമെന്ന് കരുതിയില്ല..!!
              എന്നാ പിന്നെ മഴ പെയ്തിട്ട് വരാമെന്ന് പകുതി കളിയായും, പകുതി കാര്യമായും പറഞ്ഞിട്ട് ഞങ്ങള്‍ വീണ്ടും നടന്നു. echo point-ലേക്കുള്ള വഴി നിറയെ കുതിരപ്പുറത്തു പോകുന്ന സഞ്ചാരികളായിരുന്നു. കുത്തനെ ഉള്ള കയറ്റം കയറണമെന്ന് അറിയാതെ, "കുതിര വേണ്ട" എന്ന് പറഞ്ഞ ഞങ്ങള്‍ മണ്ടന്മാരെല്ലാം കൂടെ അങ്ങനെ നടന്നു കൊണ്ടേ ഇരുന്നു.

ഒരു 'അക്കൊഷോട്ടന്‍' കുതിരപ്പുറത്ത്‌ 

            നാല് മണി കഴിഞ്ഞിരുന്നു. ഞങ്ങള്‍ echo point-ല്‍ എത്തി. എത്തുന്നതിനു മുന്‍പ് തന്നെ അവിടുന്ന് ഭയങ്കര ഒച്ചയും ബഹളവും. Echo അടിക്കുന്നുണ്ടോ എന്നുള്ള പരീക്ഷണം നടക്കുകയാണവിടെ. വരുന്നവര് വരുന്നവര് ഇത് തന്നെ പരിപാടി.ഒരുത്തന്‍ കൂവി തീരുന്നതിനു മുന്നേ അടുത്തയാള് കൂവും. അങ്ങനെ ഒറിജിനലേതാ, echo ഏതാണെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നതിനിടയില്‍ എന്തോ ഒരു 'സാധനം' ദൂരെ കൂടെ പറന്നു പോയത് പോലെ തോന്നി. അതെന്താണെന്നാലോചിച്ച് വായും പൊളിച്ചു നില്‍ക്കുമ്പോള്‍ ദാ വീണ്ടും പോകുന്നു വേറൊന്ന്. ആഹാ, അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ...ക്യാമറ കൈയിലെടുത്തു, zoom-ല്‍ കൂടി കാണാന്‍ പറ്റുമോന്ന് ഒരു പരീക്ഷണം നടത്തി.
Success...!!
എന്നിട്ടും സംശയം ബാക്കി..
"അതെന്താ...Spider Man-ന്‍റെ കുഞ്ഞോ..??!!!"
അവിടെ ഭേല്‍പ്പൂരി വിറ്റുകൊണ്ടിരുന്ന ചേട്ടനോട് തിരക്കി,
"എന്താ ചേട്ടാ അത് സംഭവം?"
"വോ തോ ropeway ഹേ...Honeymoon point സെ Lousia point തക്ക്"
റോപ് വേ..റോപ് വേ..ആരൊക്കെയുണ്ട് അതില്‍ കയറാന്‍..?? അനൂപിന് ആവേശമായി..
ചോട്ടുവും, ശ്രുതിയും, സൗമ്യയും കൈ പൊക്കി.
"ഞാനുമുണ്ട്..." ഞാനും കൈ പൊക്കി.
ബാക്കിയുള്ളവര്‍ നിര്‍ദാക്ഷണ്യം പറഞ്ഞു.."ഞങ്ങളില്ലാ...നിങ്ങള്‍ പൊയ്ക്കോ.."
ഡയലോഗ് വിടാന്‍ പറ്റിയ ഗ്യാപ് ഒന്നും നമ്മള്‍ വിട്ടു കളയാന്‍ പാടില്ലല്ലോ.."വേണ്ടാ..ധൈര്യമില്ലാത്തവരാരും വരണ്ടാ..."


Echo Point

                     അങ്ങനെ ഞങ്ങള്‍ അഞ്ചു പേരും കൂടി honeymoon point-ലേക്ക് നടന്നു. അവിടെ ചെന്ന് അവിടുത്തെ ആഴം കണ്ടപ്പോഴേ എന്‍റെ പകുതി ജീവന്‍ പോയി. വല്യ കനമോന്നും ഇല്ലാത്ത ഒരു ഇരുമ്പു കമ്പി ഒരു ചെറിയ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നു. ആ മരമാണെങ്കില്‍, ഇപ്പൊ കൊക്കയില്‍ വീഴുമെന്നുള്ള രീതിയില്‍ ചരിഞ്ഞു നില്‍ക്കുകയാണ്.  800 അടി ആഴമുള്ള കൊക്കയുടെ മുകളില്‍ ആ ഇരുമ്പു കമ്പി അങ്ങനെ കിടന്നാടുന്നു. അതില്‍ രണ്ടു ബെല്‍റ്റും ബക്കിളും നമ്മുടെ ദേഹത്തോട് ചേര്‍ത്തൊന്നു കൊരുത്ത് വച്ച്, അതിന്‍റെ ഒരറ്റം ആ കമ്പിയില്‍ കൊളുത്തിയിടും..അത്ര തന്നെ..!!
ബെല്‍റ്റില്‍ കൊളുത്തുന്നതിനു മുന്നേ ഒരു പേപ്പറില്‍ ഒപ്പിട്ട് കൊടുക്കണം. 'എങ്ങാനും ഉരുണ്ടു വീണു തട്ടി പോയാല്‍, ആ ബെല്‍റ്റ്‌ കൊളുത്തി തരുന്നവന്മാര്‍ക്ക് നമ്മളെ അറിഞ്ഞേ കൂടാന്ന്..!!!!'
 ഇതും കൂടിയായപ്പോള്‍ ബാക്കി ഉണ്ടായിരുന്ന കുറച്ചു ധൈര്യവും കൂടി  അവിടെ ചോര്‍ന്നു പോയി.
'ചോര്‍ന്ന' കാര്യം നമ്മള് തുറന്നു പറയാന്‍ പാടില്ലല്ലോ..കാരണം വരുന്നില്ലെന്ന് പറഞ്ഞവന്മാരെ 'കലിപ്പിച്ചിട്ടു' പോന്നതല്ലേ..! അത് കൊണ്ട് ഒരു നമ്പരിട്ടു..
"അളിയാ അനൂപേ, ഞാനും കൂടി ഇതില്‍ കയറിയാല്‍ പിന്നെ ഫോട്ടോ എടുക്കുന്നതാരാ..?! അത് കൊണ്ട് നിങ്ങള് കയറിക്കോ..ഞാനിവിടെ നിന്ന് ഫോട്ടോ എടുക്കാം..."
അപ്പൊ ദാ സൗമ്യയും.."നമ്മളെല്ലാവരും പോയാല്‍ ഇവനിവിടെ ഒറ്റയ്ക്കാകും, അത് കൊണ്ട് ഞാനും ഇവിടെ നില്‍ക്കാം.."
ഞാനവളെ ഒന്ന് നോക്കി, അവള്‍ടെ മുഖത്തൊരു വളിച്ച ചിരി. ബാക്കി മൂന്നു പേരും റോപ്പില്‍ കയറിയപ്പോള്‍ ഞാന്‍ സൗമ്യയോട് ചോദിച്ചു...
"നീയെനിക്ക് കൂട്ട് നിന്നത് തന്നെ ആണോടി...??!"
"ഹേയ്...ഈ കൊക്ക കണ്ടപ്പോഴേ എന്‍റെ ഒള്ള ജീവന്‍ പോയി..എങ്ങനെ രക്ഷപെടുമെന്ന് ആലോചിച്ചു നിന്നപ്പോഴല്ലേ നീയൊരു കച്ചിതുരുമ്പ് ഇട്ടു തന്നത്...ഹി..ഹി.."

                              
അനൂപ്‌ റോപ്പില്‍ 
ശ്രുതി റോപ്പില്‍ 

റോപ്പില്‍ കയറിയവരോട് echo point-ല്‍ കാണാമെന്നു പറഞ്ഞു ഫോട്ടോയും എടുത്ത് ഞങ്ങള്‍ രണ്ടു പേരും തിരിച്ചു നടന്നു. ഞങ്ങള്‍ തിരികെ ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ എങ്ങോട്ടോ പോയിരുന്നു..ചുരുക്കി പറഞ്ഞാല്‍, 'പലരും പലവഴിക്ക്..!'ഫോണ്‍ എടുത്ത് വിളിക്കാമെന്നു വിചാരിക്കുമ്പോള്‍ റേഞ്ചുമില്ല. 
"ഇനിയിപ്പോ റോപ്പില്‍ കയറി പോയവര് തിരിച്ചു വരുന്നത് വരെ ഇവിടെ ഇരിക്കാം." അങ്ങനെ പറഞ്ഞു ഒരു ചായ ഒക്കെ വാങ്ങി കുടിച്ചു ഞങ്ങള്‍ രണ്ടാളും അവിടെ ഇരുന്നു.

ചായക്കടയില്‍ നിന്നൊരു ക്ലിക്ക് 

സമയം അഞ്ചര കഴിഞ്ഞപ്പോഴേക്കും അവിടം ഇരുട്ടി തുടങ്ങി. ഒന്നര മണിക്കൂറ് കഴിഞ്ഞിട്ടും റോപ്പില്‍ കയറി പോയവര് തിരികെയെത്തിയില്ല. പരിചയമില്ലാത്ത സ്ഥലത്ത് അങ്ങനെ നിന്നാല്‍ ശരിയാകില്ലെന്നു തോന്നി ഞങ്ങള്‍ രണ്ടാളും റെയില്‍വേ സ്റ്റേഷന്‍ലേക്ക് നടക്കാന്‍ തീരുമാനിച്ചു. നടത്തം ആരംഭിച്ചതും, നിമിത്തം പോലെ റോപ്പില്‍ കയറി പോയവര്‍ തിരികെ എത്തി. echo pointല്‍ നിന്ന് സ്റ്റേഷന്‍ലേക്കുള്ള ഷോര്‍ട്ട് കട്ട്‌ലൂടെ  ഞങ്ങള്‍ തിരികെ നടന്നു.(ഇവിടെ ഒക്കെ ആ മാപ്പ് ഒരുപാട് സഹായിച്ചു.)

തിരികെ..തിരികെ..

                 സ്റ്റേഷനില്‍ എത്തുന്നതിനു മുന്‍പ് തന്നെ മിക്കവാറും എല്ലാവരെയും കണ്ടുമുട്ടി. ഒരു ഹുക്കാ പാര്‍ലറിന്‍റെ മുന്നില്‍, കയറണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ തമ്പടിച്ചു നില്‍ക്കയാണ്‌...! അവസാനം ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം മാനിച്ച്, കയറാന്‍ തന്നെ തീരുമാനിച്ചു. ഹുക്കാ പാര്‍ലറിന്‍റെ മഞ്ഞ വെളിച്ചത്തില്‍, അറബിപ്പാടിന്‍റെ പതിഞ്ഞ ഈണത്തില്‍ എല്ലാവരും ഹുക്ക വലിച്ചു നോക്കി. 'വലിച്ചത് മുഴുവന്‍ എന്‍റെ അണ്ണാക്കില്‍ പോയത് മിച്ചം..ചുമച്ചു കൊണ്ട് ഞാന്‍ പുറത്തു ചാടി..'

ഹുക്ക 

                അപ്പോഴേക്കും അച്ചായന്‍റെ  ഫോണ്‍ വന്നു. അവര് നെരാളിലേക്ക് പോവുകയാണ്..(രാവിലെ മാരത്തോണ്‍ നടത്തിയ സ്ഥലം), ഞങ്ങളും ഉടനെ ചെല്ലാന്‍. കൂട്ടത്തില്‍ ഒരു സന്തോഷ വാര്‍ത്തയും കൂടി പറഞ്ഞു.."ലാസ്റ്റ് ട്രെയിന്‍ നാലരക്കായിരുന്നു. ഇനി ഒരു നാല് കിലോമീറ്റര്‍ നടന്നാല്‍ ടാക്സി കിട്ടിയേക്കുമെന്ന്.."
ഹുക്കാ കടക്കാരനോട് കാര്യം തിരക്കി..
ശരിയാണ്, ഇനി നടന്നു തന്നെ പോകണം..!! എല്ലാവരും കൂടെ ഒരുമിച്ചു തലയില്‍ കൈവച്ചു. ശരി, നടക്കാം എന്ന് തീരുമാനിച്ചപ്പോള്‍ വീണ്ടും പ്രശ്നം.വഴിയറിയില്ല, നല്ല ഇരുട്ടും..! ഹുക്കാ കടക്കാരന്‍ തന്നെ പോംവഴി പറഞ്ഞു തന്നു..
"ടാക്സി കിട്ടുന്ന സ്ഥലം വരെ കുതിര പോകും"
കുതിരയെ കിട്ടുന്ന സ്ഥലത്ത് ചെന്നപ്പോള്‍ പലര്‍ക്കും ഇത്ര ദൂരം കുതിരപ്പുറത്തു പോകാന്‍ പേടി. അങ്ങനെ കുറച്ചു പേര്‍ കുതിരപ്പുറത്തു കയറി, ബാക്കിയുള്ളവര്‍ നടന്നു.

"ആദിയുഷ സന്ധ്യ പൂത്തതിവിടെ..
ആദി സര്‍ഗ താളമാര്‍ന്നതിവിടെ.." back ground-ല്‍ ആ സമയത്ത്, ഇങ്ങനെ ഒരു പാട്ട് കേട്ടിരുന്നോന്നു ഒരു സംശയം..!!

തണുപ്പ് അരിച്ചിറങ്ങുന്ന, ഇളംകാറ്റ് വീശുന്ന മാത്തേരാന്‍റെ നടവഴിയിലൂടെ തിരികെ നടക്കുമ്പോള്‍ രാവിലെ അവിടെ വന്നിറങ്ങിയ അതെ ഉന്മേഷം തിരികെ കിട്ടിയത് പോലെ.


ടാക്സി പിടിച്ച് മലയിറങ്ങുമ്പോള്‍ മനസ്സ് പറഞ്ഞു...
"മാത്തേരാന്‍, ഈ ഒരൊറ്റ ദിവസം കൊണ്ട് നിന്നെ ഞാന്‍ വല്ലാതെ പ്രണയിച്ചു പോയി. തീര്‍ച്ചയായും ഞാന്‍ തിരികെ വരും..."

വാല്‍കഷ്ണം :
വഴിയില്‍ കണ്ട മരമാ. ഇത് കണ്ടിട്ട് നിങ്ങള്‍ക്കെന്തു തോന്നുന്നു..??(എനിക്ക് തോന്നിയത് ഞാന്‍ പറയൂലാ ;-) )           


LinkWithin

Related Posts with Thumbnails