Monday, December 6, 2010

വരി: ബ്ലോഗ്ഗറാണല്ലേ??


                   അനിയനങ്ങനെ പുര നിറഞ്ഞു നില്‍ക്കയാണ് !! ഇത് കണ്ട്, ദിവസം ചെല്ലുംതോറും അമ്മയ്ക്ക് ആധി കൂടി കൂടി വരുന്നു. ഫോണ്‍ ചെയ്യുമ്പോഴെല്ലാം അനിയന്‍ പേടിപ്പിക്കും, “അണ്ണാ, നാട്ടിലെ പെണ്‍പിള്ളേരൊക്കെ കെട്ടി പോകുന്നു. അവസാനം മരുന്നിനു പോലും ഒരെണ്ണത്തിനെ കിട്ടത്തില്ല, പറഞ്ഞേക്കാം. അവനീ പറയുന്നത് എന്നോടുള്ള സ്നേഹം മൂത്ത്, ഞാന്‍ കല്യാണം കഴിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഞാന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് ആക്രാന്തം കാണിക്കാന്‍ അമ്മ അവനെ സമ്മതിക്കാത്തത് കൊണ്ടാണെന്നും എനിക്ക് നന്നായിട്ടറിയാം. അങ്ങനെ ഒന്ന് രണ്ടു തവണ അവന്‍റെ നേരിട്ടുള്ള ഭീഷണി കൂടിയായപ്പോള്‍ മാട്രിമോണി സൈറ്റില്‍ പേരും പടവും കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
         സുന്ദരകളേരനായിരിക്കുന്ന മൂന്നു കളര്‍ പടം ഫോട്ടോഷോപ്പില്‍ കയറ്റി വെളുപ്പിച്ചെടുത്ത് പേരും നാളും എഴുതി, ബ്രോക്കര്‍ ഫീസ്‌ കൊടുക്കാതെ, മലയാളികളുടെ സ്വന്തം മൂന്നാന്‍ സൈറ്റുകളില്‍ ചാര്‍ത്തി. ഒന്നല്ല, രണ്ടിടത്ത്. "നമ്മള്‍ ഫോട്ടോ ഇടുന്നു, ഗ്ലാമ്മര്‍ കണ്ട് അന്ന് മുതല് തന്നെ പെണ്‍പിള്ളേരുടെ തന്തപടിമാര്‍ വിളിച്ചു തുടങ്ങുന്നു! സുന്ദരികളുടെതല്ലാത്ത പ്രൊഫൈലുകള്‍ നിഷ്ക്കരുണം തള്ളികളയുന്നു, വിദ്യാഭ്യാസമില്ലാത്തതിനെ ഏഴയലത്ത് അടുപ്പിക്കുന്നതേയില്ല, മലയാളം അറിയാന്‍ വയ്യാതതിനെയും മല്യാലം പറയുന്നതിനെയും പച്ചമലയാളത്തില്‍ തെറി വിളിക്കുന്നു ഇത്തരം സുന്ദരസുരഭിലമായ സ്വപ്‌നങ്ങള്‍ കണ്ട് ‘വിഘ്നേശ്വരാ..കാപ്പാത്തുന്ങ്കോ എന്നും പറഞ്ഞ് നെഞ്ചത്ത് കൈയും വച്ച് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു.
     രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആകാംഷയുടെ ഒരു ഇത് കൊണ്ട് വീണ്ടും തുറന്നു നോക്കി. Profile Visited ഒരു നൂറെണ്ണം എങ്കിലും ആയിക്കാണും!! Interest അയച്ചതിനെയും message അയച്ചതിനെയും എല്ലാം വിശദമായി തുരന്നു പഠിച്ച് ജാതകം ഡൌണ്‍ലോഡ്‌ ചെയ്ത് വീട്ടിലേക്ക് അയച്ചുകൊടുക്കണം. അങ്ങനാണേല്‍ ഒരു രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടക്കുമല്ലോ, ഈശ്വരാ! ഹൊ, ഇനി എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്!! മനസ്സില്‍ പറഞ്ഞു കൊണ്ട് മാമന്‍സ്‌.com ഓപ്പണ്‍ ചെയ്തു. Profile visited : 0 ഇതെന്നാ ഇടപാടാ!! ഓ, ഫോട്ടോ ഇട്ടാല്‍ ഉടനെ വരില്ല. 24 മണിക്കൂര്‍ പിടിക്കും, അപ്പൊ നാളെ നോക്കാം. മാമന്‍സ്‌.com ക്ലോസ് ചെയ്തു.
     24 മണിക്കൂര്‍ തികഞ്ഞില്ല. വീണ്ടും ആകാംഷ, വീണ്ടും ആകാംഷയുടെ അതേ ഇത്!! മാമന്‍സ്‌ ഓപ്പണ്‍ ചെയ്തു. പടം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ Profile visited : 0’. 'പടം വന്നതിനു ശേഷം ആരും ലോഗിന്‍ ചെയ്തു കാണില്ലായിരിക്കും'. സ്വയം സമാധാനിപ്പിച്ച് മാമന്‍സ്‌ ക്ലോസ് ചെയ്തു.
                           ഒന്നാം ദിവസവും രണ്ടാം ദിവസവും കൊഴിഞ്ഞു പോയി. മൂന്നാം ദിവസം പല്ല് തേക്കുന്നതിന് മുന്നേ തന്നെ net എടുത്തു കുത്തി. ദാ കിടക്കുന്നു, Profile visited : 1. ഹൊ, ആകാംഷയുടെ ഇത് വീണ്ടും എവറസ്റ്റ്‌ കൊടുമുടി കയറി. തുറന്നപ്പോള്‍ ഏതോ ഒരു കുമാരി, പ്രീ-ഡിഗ്രീ, വഡോദര! കുന്തം, പോയി പല്ല് തേക്കാമായിരുന്നു. അടച്ചു വച്ചിട്ട്  ഭീഷ്മപ്രതിജ്ഞ എടുത്തു. “രണ്ടാഴ്ച്ചത്തേക്ക് ഇതിനി തുറക്കില്ല
     പെണ്‍കുട്ടികളുടെയും അപ്പന്മാരുടെയും തള്ളികയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് വാതായനങ്ങള്‍ തുറന്നിട്ട എന്‍റെ പ്രൊഫൈല്‍ ഒരുമാതിരി റേഷനരി സപ്ലൈ നിര്‍ത്തിയ റേഷന്‍ കട പോലെയായി. വല്ലപ്പോഴും മണ്ണെണ്ണ വാങ്ങിക്കാന്‍ ആരെങ്കിലും വന്നാലായി. സംഗതിയുടെ കിടപ്പുവശം കണ്ട് റൂംമേറ്റ്‌ ഒരുത്തന്‍ ഉപദേശിച്ചു, ഇങ്ങനെ ചുമ്മാ തുറന്നിട്ടാല്‍ പോരാ, പെണ്‍പിള്ളേരെ കണ്ടു പിടിച്ച് അങ്ങോട്ടും interest അയക്കണംഅങ്ങനെ അവന്‍റെ ഉപദേശം ശിരസ്സാവഹിച്ച് ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് interest അയച്ചു തുടങ്ങി. ഇത് വീട്ടുകാര് അറിഞ്ഞുള്ള പരിപാടിയാണെന്ന് അറിയിക്കാന്‍ ഏറ്റവും അടിയില്‍ ചേട്ടന്‍റെ പേരും വയ്ക്കും. 'നാളെ ഇതിനേക്കാള്‍ നല്ല ഒരുത്തന്‍ interest അയക്കുമെന്ന പ്രതീക്ഷയിലാണോ എന്തോ' ഒരൊറ്റ മറുപടി പോലും തിരികെ വന്നില്ല. അത് കൊണ്ട് അന്വേഷണം കുറച്ചു കൂടി വിശാലമാക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൂടി പരിധിയില്‍ പെടുത്തി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി, ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ !!
                   ആകാംഷയും, അതിന്‍റെ ആ ഇതും ഒരുമാതിരി കെട്ടടങ്ങിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി വിളിച്ചിട്ട്, എടാ, നിനക്ക് കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ, നീയീ നമ്പര്‍ ഒന്ന് എഴുതിയെടുത്തേ എന്നും പറഞ്ഞ് മാമന്‍സ്.കോമിലെ ഒരു പ്രൊഫൈല്‍ id തന്നു. പെങ്കൊച്ചിനെ കുറിച്ച് 100 വാക്കില്‍ കവിയാതെ ഒരു വിശദീകരണവും. കെട്ടടങ്ങിയ ആകാംഷ വീണ്ടും ഉണര്‍ന്നു. മാമന്‍സ്‌ ‌ഓപണ്‍ ചെയ്തു. പണ്ട്, ഒന്ന് രണ്ട് തവണ തുറന്നു നോക്കിയിട്ട്, എറണാകുളത്തിന് അപ്പുറമായത് കൊണ്ട് മാത്രം interest അയക്കാതെ ക്ലോസ് ചെയ്ത പ്രൊഫൈല്‍. കല്യാണക്കാര്യത്തില്‍ അങ്ങനെയാണ്, കേരളത്തിനെ നമുക്ക് എറണാകുളത്തിന് അപ്പുറമെന്നും, ഇപ്പുറമെന്നും തിരിക്കണം. തെക്കേ ഇന്ത്യയില്‍ മുഴുവനും വാനരന്മാരും രാക്ഷസന്മാരും ആണെന്ന് ചില വടക്കേ ഇന്ത്യന്‍ അലവലാതികള്‍ വിശ്വസിക്കുന്നത് പോലെയാണ്, കല്യാണ ആലോചന നടക്കുമ്പോള്‍ എറണാകുളത്തിന് വടക്കൊട്ടുള്ളവര്‍ ചിന്തിക്കുന്നത്!!
                      പക്ഷെ, ഈ പ്രൊഫൈലിന്‍റെ  കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. interest അയക്കലും, മറുപടിയും ജാതകം നോക്കലുമൊക്കെ പെട്ടെന്ന് നടന്നു. അടുത്ത ഇനം പെണ്ണ് കാണലാണ്. ഞാന്‍ ഇനി നാട്ടില്‍ പോകണമെങ്കില്‍ മൂന്നു-നാല് മാസമെങ്കിലും  കഴിയണം. അത് കൊണ്ട് പെണ്‍കൊച്ച് ജോലി ചെയ്യുന്ന ചെന്നൈയില്‍ പോയി പെണ്ണ് കാണാന്‍ തീരുമാനിച്ചു.
     അങ്ങനെ ആ സുദിനം വന്നെത്തി. കാലത്ത് പതിവ് പോലെ സൂര്യന്‍ ഉദിച്ചുയര്‍ന്നു. ഉദിച്ചപ്പോള്‍ തന്നെ രോമമെല്ലാം കരിഞ്ഞു പോകുന്ന ചൂട്! ചെന്നൈയില്‍ ചെന്നാല്‍ മതി, എന്തും വെയിലത്ത്‌ വച്ച് കരിചെടുക്കാം!! കരിഞ്ഞ മുഖവുമായി പെണ്‍കൊച്ചിന്‍റെ മുന്നില്‍ ചെല്ലാതിരിക്കാന്‍, ഒരു കിലോ fair & Lovely വാങ്ങി മുഖത്ത് പൊത്തി. വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റി(കഷണ്ടി എന്ന് അസൂയക്കാര് പറയും) മറച്ച് മുടിയെല്ലാം മുന്നോട്ടാക്കിയിട്ടു. പോകുന്ന വഴിക്കെല്ലാം കാറിന്‍റെ  ചില്ലിലും, ബൈക്കിന്‍റെ ഗ്ലാസ്സിലും നോക്കി സുന്ദരനാണെന്ന് ഉറപ്പു വരുത്തി കൊണ്ടിരുന്നു.
              ഫാമിലിയായിട്ടു താമസിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ വച്ചായിരുന്നു 'ചടങ്ങ്'. നെഞ്ചിടിപ്പ് കൂടുന്നുണ്ടോ?! ഏയ്‌... ഉണ്ടെങ്കിലും അറിയിക്കാന്‍ പാടില്ലാ. മസ്സില് പിടിച്ചിരുന്നു. പെണ്‍കൊച്ച് ചായയുമായി വന്നു. ചായ തന്നപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു, ഇനി രണ്ടാമത് ഒരു പെണ്ണ് കാണലില്ലാ. നമ്രോന്മുഖിയായി അവള്‍ ഒരു മൂലക്കോട്ടു മാറി നിന്നു. ഈശ്വരാ, അവളീ മുസ്സൈക്‌ ഇട്ട തറയില്‍ കാല് കൊണ്ട് കളം വരയ്ക്കുന്നുണ്ടോ!? ഇല്ലാ, ഭാഗ്യം.


                                                   


എന്നാ പിന്നെ ഇനി പെണ്ണും ചെറുക്കനും കൂടി വല്ലതും സംസാരിച്ചോ.. കൂട്ടത്തിലെ കാരണവരായ ചേട്ടന്‍റെ വക.
     ചോദിക്കാന്‍ വേണ്ടി കാണാതെ പഠിച്ചോണ്ട് വന്നതെല്ലാം കറക്റ്റ് സമയത്ത് മറന്നു പോയത് കൊണ്ട്, അവസരം പെണ്‍കൊച്ചിന് പാസ് ചെയ്തു, 
എന്നോട് വല്ലതും ചോദിക്കാനുണ്ടോ?
നമ്രശിരസ്സില്‍ നിന്ന് നമ്രം എടുത്തു കളഞ്ഞിട്ട് അവള്‍ ഒരു ചോദ്യം,
ബ്ലോഗ്ഗറാണല്ലേ??
ഹമ്മേ, ഇതെന്തു ചോദ്യം!! ബ്ലോഗ്ഗറായതുകൊണ്ട് മാത്രം ഭാര്യമാര് അത്താഴം കൊടുക്കാത്ത പല കഥകളും പല ബ്ലോഗ്ഗര്‍മ്മാരും പലപ്പോഴായി പറഞ്ഞത് മനസ്സിലേക്ക് ഓടി വന്നു ! ഈശ്വരാ, ആദ്യത്തെ  പെണ്ണ് കാണലാണ്, ഇനി പെണ്ണ് കാണണ്ടാ എന്നൊക്കെ വിചാരിച്ചത് വെറുതെയായോ!! ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയ ലക്ഷണമാണ്. ഏത് നേരത്താണോ ബ്ലോഗ്‌ തുടങ്ങാന്‍ തോന്നിയത്!!
     ഒരു വളിച്ച ചിരിയുമായി മറുപടി പറഞ്ഞു, ഏയ്‌, അങ്ങനൊന്നുമില്ലാ..
ഇനി എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഇവിടുന്ന് സ്കൂട്ട് ആയേക്കാം എന്ന് വിചാരിക്കുമ്പോള്‍ പെണ്‍കൊച്ച്: വരയും വരിയും എനിക്കിഷ്ട്ടമാണ്, ഞാന്‍ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു
     വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു ചെറു ചിരിയുമായി വീണ്ടും,ബ്ലോഗ്ഗില്‍ മാത്രമല്ലാ...

LinkWithin

Related Posts with Thumbnails