ആരോടും പറയത്തില്ലെന്നു പറഞ്ഞാല്‍ ഞാനൊരു രഹസ്യം പറയാം. കേട്ട് കഴിഞ്ഞിട്ട്, 'അയ്യേ...കൂയ്' എന്നൊന്നും
പറയതുത്. ഇത് വരെ ഞാന്‍ ആരോടും പറഞ്ഞിട്ടില്ലെങ്കിലും എന്‍റെ അമ്മ ഇത് മണത്തറിഞ്ഞിരുന്നു (
ഈ അമ്മയുടെ ഒരു കാര്യം!!). അപ്പൊ സത്യമായിട്ടും ആരോടും പറയത്തില്ലല്ലോ...??
സംഭവം നടക്കുമ്പോ നിക്കര്‍(വള്ളി അന്ന് ഔട്ട് ഓഫ് ഫാഷന്‍
ആയി) ഒക്കെ ഇട്ട് ഞാന്‍ താമരക്കുളം വി.വി.എച്.എസ്'സ്സില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു. അവിടുത്തെ യുവജനോല്‍ത്സവം ഒരു 'ഹിഡുംബന്‍' പരിപാടിയാണ്.വലിയ ഒരു സ്റ്റേജും അതിന്‍റെ മുന്നില്‍ മുട്ടന്‍ ഒരു പന്തലും..പിന്നൊരു നാലഞ്ച് ദിവസത്തേക്ക് കുട്ടി-കലാകാരന്‍മാരുടെ ഒരു ബഹളം തന്നെ. അഞ്ചാം ക്ലാസ്സില്‍ ഇതൊക്കെ ആദ്യമായി കണ്ടു കണ്ണും മിഴിച്ചു വായും പൊളിച്ചു നിന്ന ഞാന്‍, ആറാം ക്ലാസ്സില്‍ എത്തിയപ്പോള്‍ എന്നോട് തന്നെ ഒരു ചതി ചെയ്തു; വേറൊന്നുമല്ല, ഉത്‌ഘാടന മത്സരയിനമായ പദ്യ-പാരായണത്തിന് വേദിയില്‍ കയറാന്‍ തീരുമാനിച്ചു!!!
ഇനി അവിടെ കയറിപ്പറ്റാന്‍ ഉണ്ടായ സാഹചര്യം പറയാം. കവിതാ പാരായണത്തിന് എന്‍റെ പേര് കൊടുത്തത് ക്ലാസ്സില്‍ പുറകിലത്തെ ബെഞ്ചിലിരിക്കുന്ന
തടിയന്‍മാരാണ്. എന്‍റെ ശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടു
തടിയന്‍മാര് എനിക്കിട്ടു 'പണി' തന്നതാണെന്ന് അന്ന് എനിക്ക് മനസ്സിലായില്ല. എന്തിനാ പണി തന്നതെന്നോ..?? എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പീരീഡ്-ലെ വിഷയം 'work experience' ആണ്. work-ന്‍റെയോ experience-ന്‍റെയോ അര്‍ഥം
അറിയാന്‍ മേലാത്ത ഞാന്‍
വിചാരിച്ചത് അത് പാട്ട് പാടാനും, മിമിക്രി കാണിക്കാനും ഒക്കെ ഉള്ള പീരീഡ്
ആണെന്നാണ്.
ഏഴിലേം എട്ടിലേം ചേട്ടന്മാരുടെ ക്ലാസ്സില്‍ ഒക്കെ അങ്ങനാ..സത്യം. അങ്ങനെ ഒരു വെള്ളിയാഴ്ച്ച, മോഹന്‍ലാലിന്‍റെ പടമുള്ള 'നിങ്ങള്‍ ആവശ്യപ്പെട്ട ഏറ്റവും പുതിയ ചലച്ചിത്രഗാനങ്ങള്‍' പുസ്തകവുമായിട്ടാണ് ഞാന്‍ സ്കൂളില്‍ ചെല്ലുന്നത്. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് അഞ്ചരക്ക് ദൂരദര്‍ശനില്‍ വരുന്ന 'തിരൈമലര്‍' സ്ഥിരമായി കണ്ട് അതില് മുടക്കമില്ലാതെ വന്നുകൊണ്ടിരുന്ന 'അന്ത അറബികടലോരം' പാട്ടും പഠിച്ചു. തമിഴ് പാട്ടാകുമ്പോ ഇത്തിരി തെറ്റിയാലും ആരും അറിയാന്‍ പോകുന്നില്ലല്ലോ..!! "എപ്പടി ഇറുക്ക് എന്നോടെ പുത്തി??". അങ്ങനെ കാസ്സറ്റ് വലിഞ്ഞ പോലുള്ള എന്‍റെ കൂതറ ശബ്ധത്തില്‍ ക്ലാസ്സിന്‍റെ മുന്നില്‍ നിന്ന് ഞാന്‍ തൊള്ള തൊറന്നു പാടി. ആദ്യത്തെ തവണ അവന്‍മാര് ക്ഷമിച്ചു.അടുത്തടുത്ത് രണ്ടു മൂന്ന് വെള്ളിയാഴ്ച്ച ഇത് ആവര്‍ത്തിച്ചപ്പോള്‍ അവന്‍മാരുടെ ക്ഷമകെട്ടു,എനിക്ക് പണിയും തന്നു. "എം.ജി.ശ്രീകുമാറിന്‍റെ ശബ്ധമാണെടാ നിന്‍റെത്. ഈ ക്ലാസ്സില്‍ നിന്ന് നീയല്ലാതെ ആരാ യൂത്ത്-ഫെസ്ടിവലിന് പാടാനുള്ളത് " എന്നൊക്കെ പറഞ്ഞപ്പോ 'പുളു പുളു പുളാന്നു' പുളകമോക്കെ അണിഞ്ഞു ഞാന്‍ അങ്ങ് സമ്മതിച്ചു. ഏതെങ്കിലുമൊക്കെ പരിപാടിക്ക് എല്ലാവരും പേര് കൊടുക്കണമെന്ന് ക്ലാസ്സ് ടീച്ചര്‍ ഗോപികൃഷ്ണന്‍ സാറ് പറയുകയും,"എന്താ സിബു, കൊടുക്കില്ലേ" എന്ന് എടുത്തു ചോദിക്കുകയും കൂടി ചെയ്തപ്പോള്‍ ബാക്കി ലെശമുണ്ടായിരുന്ന പുളകവും കൂടി വാരി അണിഞ്ഞ് ലളിതഗാനത്തിനും, മോണോ-ആക്ടിനും, ഫാന്‍സി-ട്രെസ്സിനും, പെന്‍സില്‍ drawing-നും കണ്ട കടച്ചാണി ഐറ്റത്തിനെല്ലാം പേര് കൊടുക്കുകയും ചെയ്തു.
മലയാളം ക്ലാസ്സില്‍ അന്ന് പഠിക്കാനുണ്ടായിരുന്ന 'ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മെയ്യുന്ന..' എന്ന കവിത അല്ലാതെ വേറൊരു കവിതയും
എനിക്കറിയത്തില്ല. ചേട്ടനോട് പ്രശ്നം അവതരിപ്പിച്ചു; നടക്കില്ല..ഇത് സിനിമ പാട്ടാ, പാടിയാല്‍ സമ്മാനം കിട്ടത്തില്ല.പിന്നെന്തു ചെയ്യും..!!? ചേട്ടന്‍റെ മലയാള പുസ്തകം എടുത്തു കൈയ്യില്‍ തന്നിട്ട് പറഞ്ഞു, "ഇതില് വല്ലതും ഉണ്ടോന്നു നോക്ക്".ഹെന്റ്റമ്മോ..കട്ടി
കവിതകള്. പക്ഷെ കൂട്ടത്തില്‍ ഒരെണ്ണം എനിക്ക് 'ക്ഷ' പിടിച്ചു. പി. ഭാസ്കര
ന് മാഷിന്‍റെ 'മഴമുകില്‍പെണ്‍കൊടി'. ഇത് മതി...ഇത് തന്നെ പാടാം. അങ്ങനെ മഴമുകില്‍പെണ്‍കൊടി കാണാതെ പഠിച്ചു തുടങ്ങി. കൂട്ടത്തില്‍ ഒരു ലളിതഗാനം പഠിച്ചു, മുന്നത്തെ വര്‍ഷം യുവജനോല്‍ത്സവത്തിനു കണ്ട ഒരു മോണോ-ആക്ട് പഠിച്ചു, ഫാന്‍സി-ഡ്രസ്സ് ന്‍റെ സ്ഥിരം വേഷം 'പിച്ചക്കാരന്‍ ' ചെയ്യാമെന്നൊക്കെ മനസ്സില്‍ തീരുമാനിച്ചു. (അതാകുമ്പോ മേക് -അപ്പ് വേണ്ടെന്ന് ല്ലേ?? :-) )
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ യുവജനോല്‍ത്സവം വന്നെത്തി. ഉത്‌ഘാടനചടങ്ങ് കഴിഞ്ഞു കര്‍ട്ടന്‍ താണപ്പോള്‍ കോളാമ്പിയില്‍ കൂടി അനൌണ്‍സ്മെന്റ് കേട്ടു; "ആദ്യമായി യു.പി വിഭാഗം കവിതാ പാരായണ മത്സരമാണ്.ഇതിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍
സ്റ്റേജില്‍ വന്നു ചെസ്റ്റ് നമ്പര്‍ വാങ്ങേണ്ടതാണ്... രാജേഷ് 7.B, നൗഷാദ് 5.A, സൂരജ് 7 G, സിബു 6.F....... " കോളാമ്പിയില്‍ കൂടി എന്‍റെ പേര് ധ്വനിക്കുന്നത് കേട്ട് ആത്മനിര്‍വൃതനായി ഞാന്‍ സ്റ്റേജിലേക്ക് ചെന്നു. യു.ക.ക(യുവജനോല്‍ത്സവ കമ്മിറ്റി കണ്വീനര്‍ ) ശശി സാറ് പോക്കറ്റിലൊരു പേപ്പര്‍ കുത്തി തന്നു.അത് ഞാന്‍ മുകളിലേക്കാക്കി നോക്കി...61. കൊള്ളാം, ചെസ്റ്റ് നമ്പര്‍ 61. ഇത് കുത്തിത്തരുന്നതിനിടയില്‍ കര്‍ട്ടന്‍ന്‍റെ ഇടയിലൂടെ ഞാനൊന്നു വെളിയിലേക്ക് നോക്കി...ഹമ്മോ..ആ സ്കൂളില്‍ പഠിക്കുന്ന മുഴുവന്‍ പിള്ളേരും, പഠിപ്പിക്കുന്ന സാറുമ്മാരും അവിടെ ഇരിപ്പുണ്ട് . ഇരുപതോ ഇരുപത്തഞ്ചോ പേര് മാത്രമുള്ള ക്ലാസ്സിന്റെ മുന്നില്‍ നിന്ന് അറിയാന്‍ മേലാത്ത തമിഴില്‍ 'അങ്കെ', 'ഇങ്കെ ' മാത്രം പാടിയിട്ടുള്ള എന്‍റെ നെഞ്ചിലൂടെ എവിടുന്നാണോ എന്തോ, ഒരു കൊള്ളിയാന്‍ പോയി..!! ആ കൊള്ളിയാന്‍റെ പിറകെ കലശ്ശലായ മൂത്രശങ്കയും!! സ്റ്റേജിനു വലതു വശത്തുള്ള ക്ലാസ്സിനു താഴെയുള്ള മൂത്രപ്പുരയിലേക്ക് നെഞ്ചത്ത് കിടന്നാടുന്ന ചെസ്റ്റ് നമ്പറുമായി ഞാന്‍ ഓടി. അവിടെ ചെന്ന് നിന്നപ്പോഴോ..അടിവയറ്റിലൊരു വേദനയും ഉരുണ്ടു കയറ്റവും മാത്രം. കാര്യം സാധിക്കുന്നില്ല.അഞ്ചു മിനിറ്റ് അവിടെ തന്നെ നിന്ന് നോക്കി, "നോ രക്ഷ". അപ്പോഴേക്കും ഏതോ ഒരുത്തന്‍ "നിന്‍റെ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍"ന്നു ലൗഡ് സ്പീക്കറിലൂടെ തൊണ്ട കീറി പാടുന്നു. തിരിച്ചു വന്നു ഞാന്‍ സ്റ്റേജിന്‍റെ പിന്നില്‍ പോയി നിന്നു. രണ്ടു മിനിറ്റ് കഴിയുമ്പോഴേക്കും വീണ്ടും ശങ്ക, വീണ്ടും ഓട്ടം , ചെന്ന് നില്‍ക്കും, പക്ഷെ അവസ്ഥ പഴയത് തന്നെ.. ആദ്യം പാടിയ 'ഭ്രാന്തന്' പിറകെ പിന്നെയും മൂന്നു നാല് 'ഭ്രാന്തന്മാര്‍' വന്നു പോയി. ഇതിനിടയില്‍ എന്‍റെ ശങ്ക പരിപാടി മൂന്നു നാല് തവണ ആവര്‍ത്തിച്ചു :-/ അങ്ങനെ ഒരു തവണ സ്റ്റേജിന്‍റെ പിറകില്‍ വന്നു നില്‍ക്കുമ്പോളാണ് കേള്‍ക്കുന്നത്, "ചെസ്റ്റ് നമ്പര്‍ 19, ലാസ്റ്റ് ആന്‍ഡ് ദി ഫൈനല്‍ കാള്‍... " ഇവനൊക്കെ പരിപാടിക്ക് പേര് കൊടുത്തിട്ട് മുങ്ങി നടക്കുവാണല്ലോന്നു മനസ്സില്‍ ആലോചിച്ചു കൊണ്ട് നില്‍ക്കുമ്പോളാണ് ശശി സാറ് ഇരുന്നു കണ്ണുരുട്ടി കാണിച്ചിട്ട് സ്റ്റേജില്‍ കയറാന്‍ ആംഗ്യം കാണിക്കുന്നത്. ഇങ്ങേരിതെന്തോന്നാ എന്നെ കണ്ണുരുട്ടി കാണിക്കുന്നെതെന്നു ആലോചിച്ചു നില്‍ക്കുമ്പോള്‍ സാര്‍ എഴുന്നേറ്റു വന്നു തലക്കൊരു തട്ട് തന്നിട്ട്, "ചെസ്റ്റ് നമ്പര്‍ 19 വിളിച്ചത് കേട്ടില്ലേടാ, പോയി സ്റ്റേജില്‍ കയറ്". ഈശ്വരാ, ഇത് വരെ ഞാന്‍ ചെസ്റ്റ് നമ്പര്‍ തല തിരിച്ചു പിടിച്ചാണപ്പോ വായിച്ചത്!!
സ്റ്റേജില്‍ കയറി മൈക്കിന്‍റെ മുന്നില്‍ ചെന്ന് വടി പോലെ നിന്നു. എന്നിട്ട് സദസ്സിലേക്ക് ഒന്ന് നോക്കി. ജഡ്ജ് ആയിട്ടിരിക്കുന്നതില്‍ ഒരാള് എന്‍റെ ക്ലാസ് ടീച്ചര്‍ ആണ് . 'നമ്മുടെ പയ്യനാ' നില്‍ക്കുന്നതെന്നുള്ള ഭാവത്തില്‍ അദ്ദേഹം രണ്ടു സൈടിലേക്കും ഒന്ന് നോക്കി, ഞെളിഞ്ഞിരുന്നു. പാവം സാറുണ്ടോ അറിയുന്നു, ശങ്കയുമായി സ്റ്റേജില്‍ കയറിയ ഞാന്‍ നിന്നു വിറക്കുവാണെന്ന്!! സര്‍വ ദൈവങ്ങളെയും ഒരു റൗണ്ട് മനസ്സില്‍ ഓടിച്ചു ഞാന്‍ ആരംഭിച്ചു. "മാന്യ സദസ്സിനു എന്‍റെ വിനീത നമസ്കാരം. ഞാന്‍ ഇവിടെ പാരായണം ചെയ്യുന്നത് ശ്രി. പി. ഭാസ്കരന്‍റെ മഴമുകില്‍പെണ്‍കൊടി എന്ന കവിതയിലെ ഏതാനും വരികളാണ് " ഹൊ!! അത് പറഞ്ഞൊപ്പിച്ചു. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ മാര്‍ക്ക് കിട്ടത്തില്ലെന്നു ചേട്ടന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു ദീര്‍ഘനിശ്വാസം വിട്ടു ഞാന്‍ പാരായണം തുടങ്ങി. വിട്ട ശ്വാസം മൈക്കില്‍ കൂടി കേട്ട് എല്ലാവരും കൂട്ട ചിരി തുടങ്ങി. വീണ്ടും കലിപ്പ് തന്നെ. അതൊന്നും അറിയാത്ത ഭാവത്തില്‍ ഒന്ന് മുരടനക്കിയിട്ടു..
" ഒരു കുടം തണ്ണീരു
മൊക്കത്തു വെച്ചൊരാ
കരിമുകില്‍ പെണ്‍കൊടിയെങ്ങു പോയി..??"
ഒരു നിര്‍ത്ത്. എല്ലാരും വിചാരിച്ചു കാണും അവിടെ അങ്ങനെ ഒരു നിര്‍ത്തുണ്ടെന്ന്. സത്യം പറഞ്ഞാല്‍ മുന്നേ പോയ കൊള്ളിയാന്‍റെയും ശങ്കയുടെയും after effect. പദ്യത്തിന്‍റെ ബാക്കി ഞാന്‍ മറന്നു പോയി.
ആദ്യ റൗണ്ട് ഓടിച്ച സകല ദൈവങ്ങളെയും ഒരു റൗണ്ട് കൂടി ഓടിച്ച് ഞാന്‍ ആദ്യം മുതല് വീണ്ടും തുടങ്ങി,
" ഒരു കുടം തണ്ണീരുമൊക്കത്തു വെച്ചൊരാ
കരിമുകില്‍ പെണ്‍കൊടിയെങ്ങു പോയി..??"
ആ രണ്ടു വരി കഴിഞ്ഞപ്പോഴേക്കും വീണ്ടും തടസ്സം, ഒരു വലിവ്.ഒന്നും പുറത്തേക്കു വരുന്നില്ല.അപ്പോഴേക്കും അവിടെ ഇരിക്കുന്നവര്‍ക്ക് കാര്യം മനസ്സിലായി. പിന്നെ നിര്‍ത്താതെ ഉള്ള കൂക്ക് വിളിയുടെ ബഹളമായിരുന്നു. മുന്നും പിന്നും നോക്കിയില്ല, തിരിഞ്ഞു കണ്ണടച്ച് പിടിചു സ്റ്റേജിന്‍റെ പുറകു വശം വഴി ഒരൊറ്റ ഓട്ടം. ഓടുന്നതിനിടക്ക് നിക്കറില്‍ ഒന്ന് തപ്പി നോക്കി, ഒരു നനവുണ്ടായിരുന്നോന്നു ചെറിയ ഒരു സംശയം!!
കഷ്ണം 1: ലളിത ഗാനം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് തുടങ്ങിയ പരിപാടികള്‍ക്ക് 'സിബു 6.F' എന്ന് മൈക്കിലൂടെ കേള്‍കുമ്പോള്‍ ആരും കാണാതെ പന്തലിന്‍റെ ഏറ്റവും പിന്നിലേക്ക് scoot ആകുന്നത് ഒരു ശീലമാക്കി.
കഷ്ണം 2: "മേലാല്‍ നിക്കറില്‍ മുള്ളുവോടാ???" എന്നും ചോദിച്ചു അമ്മ എന്‍റെ ചെവിക്കു പിടിച്ചപ്പോ മനസ്സിലായി, ഞാന്‍ പറയാതെ തന്നെ അമ്മ അത് 'മണത്തറിഞ്ഞെന്ന്'!!!