Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Sunday, March 6, 2011

വരി : ബൈക്കില്‍ പോകാം, മഴയെ പിടിക്കാം...ഒപ്പം എന്റെ നാടും കാണാം.


                                  പണ്ട് നാട്ടിലുള്ളപ്പോഴായാലും, ഇപ്പൊ നാട്ടില്‍ ചെന്നാലും വീട്ടിലിരിക്കുന്ന പരിപാടി കമ്മിയാണ്.
"അവനിവിടില്ലേ?" എന്ന് ചോദിച്ചു കൂട്ടുകാര് ആരെങ്കിലും വന്നാല്‍ അമ്മ പരിഭവം പറയും..
"അവനു വീട്ടിലിരിക്കാന്‍ സമയമില്ലല്ലോ ! രാവിലെ ഒരു സാധനം ചന്തിക്കീഴില്‍ എടുത്തുവച്ചു ഇറങ്ങുന്നതല്ലേ....."

അമ്മയോട് പറഞ്ഞും പറയാതെയും കറങ്ങിനടപ്പ് ഒരുപാടുണ്ടായിരുന്നു. ഒറ്റയ്ക്കാണെന്ന് കരുതേണ്ടാ, നാലഞ്ചു പേരുടെ ഒരു ഗ്യാന്ഗ് ഉണ്ടാകും. സുബ്രമണ്യനും, അനീഷും, അജയനും, സുനിലും അതില്‍ സ്ഥിരം. പഠിക്കുന്ന കാലത്ത് ഞങ്ങള്‍ സൈക്കിളില്‍ പോകാത്ത ഊടുവഴികള്‍ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. എല്ലാവര്‍ക്കും ജോലിയൊക്കെയായി ബൈക്ക് കൈയില്‍ കിട്ടിയപ്പോള്‍ അതങ്ങ് ദൂരേക്ക്‌ ദൂരേക്ക്‌ ഉത്സവം കാണാനും സിനിമ കാണാനും മറ്റുമായി. മുന്‍കൂട്ടി ധാരണയില്ലാത്ത ചില കറക്കങ്ങള്‍ കിലോമീറ്ററുകളോളം പൊയ്ക്കളയും. അത്തരത്തില്‍ ഒരു മഴയുള്ള ദിവസം, ആലപ്പുഴ ജില്ലയുടെ കിഴക്കേയറ്റമായ നൂറനാട്ടു നിന്ന് പടിഞ്ഞാറേ അറ്റമായ കുട്ടനാട് വരെയുള്ള കറക്കത്തിന്റെ ചിത്രങ്ങളാണ് ഇത്തവണത്തെ പോസ്റ്റ്‌.

                             ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഭംഗിയുള്ള പ്രദേശം ഏതാണെന്ന് ചോദിച്ചാല്‍ ഞങ്ങളെല്ലാവരും ഒരുപോലെ പറയും, 'പള്ളിമുക്കം ഭഗവതി ക്ഷേത്രം'. മൂന്നുവശം വെള്ളം കയറിക്കിടക്കുന്ന കരിഞ്ഞാലി പാടം. അമ്പലത്തിന്റെ മുന്‍ഭാഗത്തായി കല്‍പ്പടവുകള്‍ ഇറങ്ങിചെന്നാല്‍ താമരപൂവുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ക്ഷേത്രക്കുളം. സന്ധ്യക്ക്‌ ദീപാരാധന കഴിഞ്ഞാല്‍ വിജനമാകുന്ന അമ്പലക്കുളത്തിന്റെ പടവുകളില്‍ പൗര്‍ണമി ദിവസങ്ങളില്‍ ചന്ദ്രോദയം കണ്ടിരുന്ന നിമിഷങ്ങള്‍, ആകാശം നിറഞ്ഞു നില്‍ക്കുന്ന ചുവന്നു തുടുത്ത തളികയായി കിഴക്ക് മലകള്‍ക്ക് പിന്നില്‍ നിന്ന് ഉദിച്ചു വരുന്ന ചന്ദ്രന്‍ പിന്നീട് പാടങ്ങളിലും കുളത്തിലും സ്വര്‍ണപ്രഭ പൊഴിച്ച് തലയ്ക്കു മുകളില്‍ വരുന്നത് വരെയും നീണ്ടു പോയിരുന്നു ഞങ്ങളുടെ ആ ആസ്വാദനം. പഠിത്തം കഴിഞ്ഞു ജോലിക്ക് വേണ്ടി അലയുന്ന സമയങ്ങളില്‍ വിഷമങ്ങള്‍ ഇറക്കിവയ്ക്കുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വച്ചിരുന്ന സായാഹ്നങ്ങള്‍ ഞങ്ങള്‍ അവിടെയാണ് ചിലവഴിച്ചത്, പള്ളിമുക്കത്ത്‌.


പള്ളിമുക്കം ഭഗവതി ക്ഷേത്രം
ദീപാരാധന
അമ്പലക്കുളവും പടവുകളും
കരിഞ്ഞാലി പുഞ്ച
ജലകണങ്ങള്‍ മുത്തുകളാക്കി താമരയിലകള്‍

അച്ഛന്റെ കൈയും പിടിച്ച്
(സന്ധ്യ സമയത്ത് എടുത്തത്‌ കൊണ്ട് ചിത്രങ്ങള്‍ക്ക് ഒരു തെളിച്ചക്കുറവുണ്ട്, ക്ഷമിക്കുക)

എന്റെ നാടിനെക്കുറിച്ച് പറയുമ്പോള്‍ പള്ളിമുക്കം ക്ഷേത്രവും, താമരക്കുളവും, പടവുകളും, പൗര്‍ണമിയും ഒഴിവാക്കാന്‍ കഴിയാത്തതിനാലാണ് ഇത്രയും ആമുഖം. പടനിലം ക്ഷേത്രവും ശിവരാത്രി ഉത്സവവും അത്ര തന്നെ പ്രധാനമാണ്. അത് നേരത്തെ പോസ്റ്റ്‌ ചെയ്തത് കൊണ്ട് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

              പള്ളിമുക്കം കഴിഞ്ഞാല്‍ ഞങ്ങളുടെ സ്ഥിരം താവളം പെരുവേലില്‍ച്ചാല്‍ പുഞ്ചയാണ്. അവിടെ പെയ്യുന്ന മഴയ്ക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഭംഗിയുണ്ട്. രാവിലത്തെ മഴക്കോള് കണ്ട്, ഇന്ന് അങ്ങോട്ട്‌ തന്നെയെന്നു തീരുമാനിച്ചു ഞങ്ങള്‍ ഇറങ്ങി. ഞങ്ങളങ്ങ്‌ എത്തുമ്പോഴേക്കും, ഒരു റൗണ്ട് മഴ പെയ്തിരുന്നു. 


പെരുവേലില്‍ച്ചാല്‍ വയലില്‍ കൂടി ചെമ്മണ്‍പാത
അടുത്ത മഴയും കാത്ത്

മേഘങ്ങള്‍ നേര്‍ത്ത് നേര്‍ത്ത്...വെളിച്ചം വന്നു തുടങ്ങി

പെരുവേലില്‍ച്ചാല്‍

അടുത്ത റൌണ്ടും ഉടനെ തന്നെ ഉണ്ടാകുമെന്ന് കരുതി കുറെ നേരം ഞങ്ങള്‍ കാത്തു. നിരാശയായിരുന്നു ഫലം. മാനത്ത് വീണ്ടും വെളിച്ചം വീഴുന്നത് കണ്ട് ഞങ്ങള്‍ തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അജയന്‍, "എടാ എനിക്ക് മാന്നാറു വരെ പോകണം, ഒരു വണ്ടി ഇങ്ങു താ"
"വീട്ടില്‍ പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ, വാ ഒരുമിച്ചു പോകാം, മാന്നാറെങ്കില്‍ മാന്നാര്‍"

അങ്ങനെ ഞങ്ങള്‍ ചെറിയനാട്, ബുധനൂര് വഴി മാന്നാറേക്ക് വണ്ടി തിരിച്ചു. പോകുന്ന വഴിക്ക് ബുധനൂര് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്താതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളുടെ ഭംഗിയും വൃത്തിയും മറ്റൊരു നാട്ടിലും ഞാന്‍ കണ്ടിട്ടില്ല.


ബുധനൂര്‍ സുബ്രമണ്യ സ്വാമി ക്ഷേത്രം
ക്ഷേത്രക്കുളം
കുളക്കോഴി 

ധ്യാനം


മാന്നാറ് ചെന്ന ആവശ്യം കഴിയുമ്പോഴേക്കും ഉച്ചസമയമായി. വിശപ്പ്‌ പതുക്കെ ഉരുണ്ടുരുണ്ട്‌ വരുന്നു. 
"വല്ലതും കഴിച്ചിട്ട് വീട്ടില്‍ പോകാമെടാ.." എന്ന് പറഞ്ഞതും സുബ്രമണ്യന്റെ വക ഐഡിയ.."ഷാപ്പില്‍ പോയാലോ??"
"പോടെ പോടെ, ഷാപ്പിലോ..!? ഞാനെങ്ങുമില്ല."
"എടാ പോത്തെ, നല്ല കപ്പേം മീനും കിട്ടും."
അവനെന്റെ വീക്നെസ്സില്‍ കയറി പിടിച്ചു. കപ്പയും മീനുമെന്നു കേട്ടതും, പിന്നെ രണ്ടാമതൊരു ചോദ്യമില്ലാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. ചെന്ന് നിന്നത് കുട്ടനാട്ടില്‍ !!
മഴ പെയ്തും, തോര്‍ന്നും, നനഞ്ഞും അസ്സല്‍ ഒരു ബൈക്ക് യാത്ര. പാടങ്ങള്‍ക്കു നടുവിലൂടെ, ചാലുകള്‍ക്ക് കുറുകെ, പമ്പയും അച്ഛന്‍ കോവിലാറും കടന്ന്...

ഇനി ചിത്രങ്ങള്‍ പറയട്ടെ..


ഇനിയും വഴി മാറാതെ, അമ്പാസ്സഡര്‍

പമ്പയാറ്റില്‍ ചൂണ്ടയിടല്‍



നമ്മുടെ 'വേണാട്' 
താറാക്കൂട്ടം, കുട്ടനാടിന്റെ സ്ഥിരം കാഴ്ച
ഫോട്ടോ എടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് താറാവ് പലവഴിക്ക്. കൊച്ചാട്ടന്റെ വായിലിരിക്കുന്നതും മേടിച്ചു പോന്നു :-)


മാനം വീണ്ടും ഇരുണ്ടു വന്നു
മഴക്ക് മുന്‍പ് ഭക്ഷണം പങ്കു വയ്ക്കാനുള്ള ആലോച്ചനയാണെന്ന് തോന്നുന്നു.

ഹൊ ! പെയ്തു തകര്‍ത്തത് തന്നെ !!
തണുക്കുന്നുണ്ടാകും 

മഴ ചാറി തുടങ്ങി
ഇതാണ് ഷാപ്പ്‌. കിടിലം സെറ്റപ്പ്, അല്ലെ ??

          മഴ പോടിയുന്നുണ്ട്.
                                                             അച്ചന്‍കോവില്‍ ആറ്

എല്ലാ വീടുകളിലും ഒരു വള്ളമെങ്കിലും കാണും

വൈകുന്നേരം തിരിച്ചെത്തി സുരേന്ദ്രന്‍ കൊച്ചാട്ടന്റെ ചായക്കടയില്‍ കയറി ഓരോ ചായയും, ബോണ്ടയും പഴംപൊരിയും കഴിച്ച് ഞങ്ങള്‍ വീട്ടില്‍ എത്തുമ്പോള്‍ 'ഉപ്പേരി' ഉണ്ടാക്കാന്‍ വേണ്ടി ചക്ക കൊണ്ട് പോകുന്നവര് വീട്ടില്‍. കൂട്ടത്തില്‍ ഒരു പഴുത്ത ചക്ക അവരെടുത്തു മാറ്റി വച്ചിരുന്നു.


ചായയും ഏത്തക്ക അപ്പവും

വീട്ടുമുറ്റത്തെ പ്ലാവ്
ഉപ്പേരിക്ക് വേണ്ടി, വീട്ടില്‍ നിന്ന്
ഉം...ചക്കപ്പഴം

"എടാ ചക്ക കഴിച്ചിട്ട് പോകാം..." എന്നും പറഞ്ഞു വീട്ടിലേക്കു കയറുമ്പോള്‍ കണ്ണുമുരുട്ടി അമ്മ വാതുക്കല്‍..
"എവിടാരുന്നെടാ ഊരുതെണ്ടല്‍?? "
"അത്, ഞങ്ങളെല്ലാം കൂടെ...." എന്നും പറഞ്ഞു പുറകിലേക്ക് നോക്കുമ്പോള്‍ ഒരുത്തനേം കാണുന്നില്ല...!!
'ഞാന്‍ അറസ്റ്റില്‍ !!!'


Monday, December 6, 2010

വരി: ബ്ലോഗ്ഗറാണല്ലേ??


                   അനിയനങ്ങനെ പുര നിറഞ്ഞു നില്‍ക്കയാണ് !! ഇത് കണ്ട്, ദിവസം ചെല്ലുംതോറും അമ്മയ്ക്ക് ആധി കൂടി കൂടി വരുന്നു. ഫോണ്‍ ചെയ്യുമ്പോഴെല്ലാം അനിയന്‍ പേടിപ്പിക്കും, “അണ്ണാ, നാട്ടിലെ പെണ്‍പിള്ളേരൊക്കെ കെട്ടി പോകുന്നു. അവസാനം മരുന്നിനു പോലും ഒരെണ്ണത്തിനെ കിട്ടത്തില്ല, പറഞ്ഞേക്കാം. അവനീ പറയുന്നത് എന്നോടുള്ള സ്നേഹം മൂത്ത്, ഞാന്‍ കല്യാണം കഴിച്ചു കാണാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഞാന്‍ അങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ ഓവര്‍ടേക്ക് ചെയ്ത് ആക്രാന്തം കാണിക്കാന്‍ അമ്മ അവനെ സമ്മതിക്കാത്തത് കൊണ്ടാണെന്നും എനിക്ക് നന്നായിട്ടറിയാം. അങ്ങനെ ഒന്ന് രണ്ടു തവണ അവന്‍റെ നേരിട്ടുള്ള ഭീഷണി കൂടിയായപ്പോള്‍ മാട്രിമോണി സൈറ്റില്‍ പേരും പടവും കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
         സുന്ദരകളേരനായിരിക്കുന്ന മൂന്നു കളര്‍ പടം ഫോട്ടോഷോപ്പില്‍ കയറ്റി വെളുപ്പിച്ചെടുത്ത് പേരും നാളും എഴുതി, ബ്രോക്കര്‍ ഫീസ്‌ കൊടുക്കാതെ, മലയാളികളുടെ സ്വന്തം മൂന്നാന്‍ സൈറ്റുകളില്‍ ചാര്‍ത്തി. ഒന്നല്ല, രണ്ടിടത്ത്. "നമ്മള്‍ ഫോട്ടോ ഇടുന്നു, ഗ്ലാമ്മര്‍ കണ്ട് അന്ന് മുതല് തന്നെ പെണ്‍പിള്ളേരുടെ തന്തപടിമാര്‍ വിളിച്ചു തുടങ്ങുന്നു! സുന്ദരികളുടെതല്ലാത്ത പ്രൊഫൈലുകള്‍ നിഷ്ക്കരുണം തള്ളികളയുന്നു, വിദ്യാഭ്യാസമില്ലാത്തതിനെ ഏഴയലത്ത് അടുപ്പിക്കുന്നതേയില്ല, മലയാളം അറിയാന്‍ വയ്യാതതിനെയും മല്യാലം പറയുന്നതിനെയും പച്ചമലയാളത്തില്‍ തെറി വിളിക്കുന്നു ഇത്തരം സുന്ദരസുരഭിലമായ സ്വപ്‌നങ്ങള്‍ കണ്ട് ‘വിഘ്നേശ്വരാ..കാപ്പാത്തുന്ങ്കോ എന്നും പറഞ്ഞ് നെഞ്ചത്ത് കൈയും വച്ച് സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു.
     രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ആകാംഷയുടെ ഒരു ഇത് കൊണ്ട് വീണ്ടും തുറന്നു നോക്കി. Profile Visited ഒരു നൂറെണ്ണം എങ്കിലും ആയിക്കാണും!! Interest അയച്ചതിനെയും message അയച്ചതിനെയും എല്ലാം വിശദമായി തുരന്നു പഠിച്ച് ജാതകം ഡൌണ്‍ലോഡ്‌ ചെയ്ത് വീട്ടിലേക്ക് അയച്ചുകൊടുക്കണം. അങ്ങനാണേല്‍ ഒരു രണ്ടു മാസത്തിനുള്ളില്‍ കല്യാണം നടക്കുമല്ലോ, ഈശ്വരാ! ഹൊ, ഇനി എന്തെല്ലാം ചെയ്തു തീര്‍ക്കാനുണ്ട്!! മനസ്സില്‍ പറഞ്ഞു കൊണ്ട് മാമന്‍സ്‌.com ഓപ്പണ്‍ ചെയ്തു. Profile visited : 0 ഇതെന്നാ ഇടപാടാ!! ഓ, ഫോട്ടോ ഇട്ടാല്‍ ഉടനെ വരില്ല. 24 മണിക്കൂര്‍ പിടിക്കും, അപ്പൊ നാളെ നോക്കാം. മാമന്‍സ്‌.com ക്ലോസ് ചെയ്തു.
     24 മണിക്കൂര്‍ തികഞ്ഞില്ല. വീണ്ടും ആകാംഷ, വീണ്ടും ആകാംഷയുടെ അതേ ഇത്!! മാമന്‍സ്‌ ഓപ്പണ്‍ ചെയ്തു. പടം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പക്ഷെ Profile visited : 0’. 'പടം വന്നതിനു ശേഷം ആരും ലോഗിന്‍ ചെയ്തു കാണില്ലായിരിക്കും'. സ്വയം സമാധാനിപ്പിച്ച് മാമന്‍സ്‌ ക്ലോസ് ചെയ്തു.
                           ഒന്നാം ദിവസവും രണ്ടാം ദിവസവും കൊഴിഞ്ഞു പോയി. മൂന്നാം ദിവസം പല്ല് തേക്കുന്നതിന് മുന്നേ തന്നെ net എടുത്തു കുത്തി. ദാ കിടക്കുന്നു, Profile visited : 1. ഹൊ, ആകാംഷയുടെ ഇത് വീണ്ടും എവറസ്റ്റ്‌ കൊടുമുടി കയറി. തുറന്നപ്പോള്‍ ഏതോ ഒരു കുമാരി, പ്രീ-ഡിഗ്രീ, വഡോദര! കുന്തം, പോയി പല്ല് തേക്കാമായിരുന്നു. അടച്ചു വച്ചിട്ട്  ഭീഷ്മപ്രതിജ്ഞ എടുത്തു. “രണ്ടാഴ്ച്ചത്തേക്ക് ഇതിനി തുറക്കില്ല
     പെണ്‍കുട്ടികളുടെയും അപ്പന്മാരുടെയും തള്ളികയറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് വാതായനങ്ങള്‍ തുറന്നിട്ട എന്‍റെ പ്രൊഫൈല്‍ ഒരുമാതിരി റേഷനരി സപ്ലൈ നിര്‍ത്തിയ റേഷന്‍ കട പോലെയായി. വല്ലപ്പോഴും മണ്ണെണ്ണ വാങ്ങിക്കാന്‍ ആരെങ്കിലും വന്നാലായി. സംഗതിയുടെ കിടപ്പുവശം കണ്ട് റൂംമേറ്റ്‌ ഒരുത്തന്‍ ഉപദേശിച്ചു, ഇങ്ങനെ ചുമ്മാ തുറന്നിട്ടാല്‍ പോരാ, പെണ്‍പിള്ളേരെ കണ്ടു പിടിച്ച് അങ്ങോട്ടും interest അയക്കണംഅങ്ങനെ അവന്‍റെ ഉപദേശം ശിരസ്സാവഹിച്ച് ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് interest അയച്ചു തുടങ്ങി. ഇത് വീട്ടുകാര് അറിഞ്ഞുള്ള പരിപാടിയാണെന്ന് അറിയിക്കാന്‍ ഏറ്റവും അടിയില്‍ ചേട്ടന്‍റെ പേരും വയ്ക്കും. 'നാളെ ഇതിനേക്കാള്‍ നല്ല ഒരുത്തന്‍ interest അയക്കുമെന്ന പ്രതീക്ഷയിലാണോ എന്തോ' ഒരൊറ്റ മറുപടി പോലും തിരികെ വന്നില്ല. അത് കൊണ്ട് അന്വേഷണം കുറച്ചു കൂടി വിശാലമാക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൂടി പരിധിയില്‍ പെടുത്തി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി, ചങ്കരന്‍ പിന്നേം തെങ്ങേല്‍ തന്നെ !!
                   ആകാംഷയും, അതിന്‍റെ ആ ഇതും ഒരുമാതിരി കെട്ടടങ്ങിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി വിളിച്ചിട്ട്, എടാ, നിനക്ക് കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുവല്ലേ, നീയീ നമ്പര്‍ ഒന്ന് എഴുതിയെടുത്തേ എന്നും പറഞ്ഞ് മാമന്‍സ്.കോമിലെ ഒരു പ്രൊഫൈല്‍ id തന്നു. പെങ്കൊച്ചിനെ കുറിച്ച് 100 വാക്കില്‍ കവിയാതെ ഒരു വിശദീകരണവും. കെട്ടടങ്ങിയ ആകാംഷ വീണ്ടും ഉണര്‍ന്നു. മാമന്‍സ്‌ ‌ഓപണ്‍ ചെയ്തു. പണ്ട്, ഒന്ന് രണ്ട് തവണ തുറന്നു നോക്കിയിട്ട്, എറണാകുളത്തിന് അപ്പുറമായത് കൊണ്ട് മാത്രം interest അയക്കാതെ ക്ലോസ് ചെയ്ത പ്രൊഫൈല്‍. കല്യാണക്കാര്യത്തില്‍ അങ്ങനെയാണ്, കേരളത്തിനെ നമുക്ക് എറണാകുളത്തിന് അപ്പുറമെന്നും, ഇപ്പുറമെന്നും തിരിക്കണം. തെക്കേ ഇന്ത്യയില്‍ മുഴുവനും വാനരന്മാരും രാക്ഷസന്മാരും ആണെന്ന് ചില വടക്കേ ഇന്ത്യന്‍ അലവലാതികള്‍ വിശ്വസിക്കുന്നത് പോലെയാണ്, കല്യാണ ആലോചന നടക്കുമ്പോള്‍ എറണാകുളത്തിന് വടക്കൊട്ടുള്ളവര്‍ ചിന്തിക്കുന്നത്!!
                      പക്ഷെ, ഈ പ്രൊഫൈലിന്‍റെ  കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. interest അയക്കലും, മറുപടിയും ജാതകം നോക്കലുമൊക്കെ പെട്ടെന്ന് നടന്നു. അടുത്ത ഇനം പെണ്ണ് കാണലാണ്. ഞാന്‍ ഇനി നാട്ടില്‍ പോകണമെങ്കില്‍ മൂന്നു-നാല് മാസമെങ്കിലും  കഴിയണം. അത് കൊണ്ട് പെണ്‍കൊച്ച് ജോലി ചെയ്യുന്ന ചെന്നൈയില്‍ പോയി പെണ്ണ് കാണാന്‍ തീരുമാനിച്ചു.
     അങ്ങനെ ആ സുദിനം വന്നെത്തി. കാലത്ത് പതിവ് പോലെ സൂര്യന്‍ ഉദിച്ചുയര്‍ന്നു. ഉദിച്ചപ്പോള്‍ തന്നെ രോമമെല്ലാം കരിഞ്ഞു പോകുന്ന ചൂട്! ചെന്നൈയില്‍ ചെന്നാല്‍ മതി, എന്തും വെയിലത്ത്‌ വച്ച് കരിചെടുക്കാം!! കരിഞ്ഞ മുഖവുമായി പെണ്‍കൊച്ചിന്‍റെ മുന്നില്‍ ചെല്ലാതിരിക്കാന്‍, ഒരു കിലോ fair & Lovely വാങ്ങി മുഖത്ത് പൊത്തി. വളര്‍ന്നു കൊണ്ടിരിക്കുന്ന നെറ്റി(കഷണ്ടി എന്ന് അസൂയക്കാര് പറയും) മറച്ച് മുടിയെല്ലാം മുന്നോട്ടാക്കിയിട്ടു. പോകുന്ന വഴിക്കെല്ലാം കാറിന്‍റെ  ചില്ലിലും, ബൈക്കിന്‍റെ ഗ്ലാസ്സിലും നോക്കി സുന്ദരനാണെന്ന് ഉറപ്പു വരുത്തി കൊണ്ടിരുന്നു.
              ഫാമിലിയായിട്ടു താമസിക്കുന്ന ഒരു കൂട്ടുകാരന്‍റെ വീട്ടില്‍ വച്ചായിരുന്നു 'ചടങ്ങ്'. നെഞ്ചിടിപ്പ് കൂടുന്നുണ്ടോ?! ഏയ്‌... ഉണ്ടെങ്കിലും അറിയിക്കാന്‍ പാടില്ലാ. മസ്സില് പിടിച്ചിരുന്നു. പെണ്‍കൊച്ച് ചായയുമായി വന്നു. ചായ തന്നപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചു, ഇനി രണ്ടാമത് ഒരു പെണ്ണ് കാണലില്ലാ. നമ്രോന്മുഖിയായി അവള്‍ ഒരു മൂലക്കോട്ടു മാറി നിന്നു. ഈശ്വരാ, അവളീ മുസ്സൈക്‌ ഇട്ട തറയില്‍ കാല് കൊണ്ട് കളം വരയ്ക്കുന്നുണ്ടോ!? ഇല്ലാ, ഭാഗ്യം.


                                                   


എന്നാ പിന്നെ ഇനി പെണ്ണും ചെറുക്കനും കൂടി വല്ലതും സംസാരിച്ചോ.. കൂട്ടത്തിലെ കാരണവരായ ചേട്ടന്‍റെ വക.
     ചോദിക്കാന്‍ വേണ്ടി കാണാതെ പഠിച്ചോണ്ട് വന്നതെല്ലാം കറക്റ്റ് സമയത്ത് മറന്നു പോയത് കൊണ്ട്, അവസരം പെണ്‍കൊച്ചിന് പാസ് ചെയ്തു, 
എന്നോട് വല്ലതും ചോദിക്കാനുണ്ടോ?
നമ്രശിരസ്സില്‍ നിന്ന് നമ്രം എടുത്തു കളഞ്ഞിട്ട് അവള്‍ ഒരു ചോദ്യം,
ബ്ലോഗ്ഗറാണല്ലേ??
ഹമ്മേ, ഇതെന്തു ചോദ്യം!! ബ്ലോഗ്ഗറായതുകൊണ്ട് മാത്രം ഭാര്യമാര് അത്താഴം കൊടുക്കാത്ത പല കഥകളും പല ബ്ലോഗ്ഗര്‍മ്മാരും പലപ്പോഴായി പറഞ്ഞത് മനസ്സിലേക്ക് ഓടി വന്നു ! ഈശ്വരാ, ആദ്യത്തെ  പെണ്ണ് കാണലാണ്, ഇനി പെണ്ണ് കാണണ്ടാ എന്നൊക്കെ വിചാരിച്ചത് വെറുതെയായോ!! ഗണപതിക്ക് വച്ചത് തന്നെ കാക്ക കൊണ്ടുപോയ ലക്ഷണമാണ്. ഏത് നേരത്താണോ ബ്ലോഗ്‌ തുടങ്ങാന്‍ തോന്നിയത്!!
     ഒരു വളിച്ച ചിരിയുമായി മറുപടി പറഞ്ഞു, ഏയ്‌, അങ്ങനൊന്നുമില്ലാ..
ഇനി എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഇവിടുന്ന് സ്കൂട്ട് ആയേക്കാം എന്ന് വിചാരിക്കുമ്പോള്‍ പെണ്‍കൊച്ച്: വരയും വരിയും എനിക്കിഷ്ട്ടമാണ്, ഞാന്‍ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു
     വിശ്വാസം വരാതെ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു ചെറു ചിരിയുമായി വീണ്ടും,ബ്ലോഗ്ഗില്‍ മാത്രമല്ലാ...

Saturday, October 2, 2010

വരി: ഉണ്ടച്ചക്കര

രംഗം 1:
"നീ വരുന്നോടാ കൊച്ചേ ആശുപത്രിയില്‍ പോകാന്‍? നിന്‍റെയമ്മ പ്രസവിച്ചു. "
അമ്മുമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് മൂന്ന്...!

"വേണ്ട, ഇവനെ പിന്നെ കൊണ്ടുപോകാം.. " 
അപ്പൂപ്പന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ ബഹളം തുടങ്ങി,

"പറ്റില്ല, പറ്റില്ല..ഞാനും വരും..എനിക്കും കാണണം പൂച്ചക്കുട്ടിയെ.."

"പൂച്ചക്കുട്ടിയോ..?!!" എന്ന അര്‍ത്ഥത്തില്‍ അമ്മുമ്മ ഒന്ന് തിരിഞ്ഞു നിന്നു.

വടക്കേതിലെ ആളില്ലാത്ത വീട്ടില്‍ വലിയൊരു തൊഴുത്തുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ തൊഴുത്തില്‍ സ്ഥിരമായി പൂച്ച പ്രസവിക്കും. അപ്പൊ അമ്മ പറയും..
"മക്കളെ, അവിടെ പൂച്ച പ്രസവിച്ചു കിടപ്പുണ്ട്...അങ്ങോട്ട്‌ പോവ്വല്ലേ.."
ചെറുപ്പം മുതലേ അമ്മ പറയുന്നതെന്തും അനുസരിക്കുന്നത് കൊണ്ട് അമ്മ കാണാതെ, ചേട്ടന്‍ എന്നേം കൊണ്ട് പമ്മി പമ്മി പൂച്ച പ്രസവിച്ചിട്ട കുഞ്ഞുങ്ങളെ കാണാന്‍ പോകും. നല്ല കുഞ്ഞു പൂച്ചക്കുട്ടികള്‍..!!
                  അങ്ങനെ 'പ്രസവം' എന്ന് കേള്‍ക്കുമ്പോള്‍ അത് പൂച്ചക്കുട്ടിയായിരിക്കും എന്നാണെന്‍റെ വിചാരം..!!
അമ്മുമ്മ ഒന്ന് ഞെട്ടിയോ..!? ഞെട്ടിയെന്നു തോന്നുന്നു...എന്നിട്ട് ഒരു ചെറു ചിരിയുമായിട്ടു പറഞ്ഞു..
"ആ..നല്ല ഒന്നാന്തരം ഒരു ആണ്‍ പൂച്ചയാ.."
അമ്മുമ്മയുടെ മറുപടി കേട്ടപ്പോള്‍ ഞാനുറപ്പിച്ചു..
"എന്‍റെയമ്മ നല്ലൊരു പൂച്ചക്കുട്ടിയെ പ്രസവിച്ചു.."
                   ആശുപത്രി വരാന്തയില്‍ എത്തിയപ്പോള്‍ അമ്മായി ഫ്ലാസ്ക്കുമായി പോകുന്നു. അമ്മാവിയും പറഞ്ഞു..
"മോന് കളിക്കാനൊരു ആളായല്ലോ.."
അതും കൂടി കേട്ടപ്പോള്‍ സന്തോഷം ഇരട്ടിയായി..
"എനിക്ക് കളിക്കാന്‍ വേണ്ടിയാ അമ്മ പൂച്ചക്കുട്ടിയെ പ്രസവിച്ചിരിക്കുന്നത്.."
                 മുറിയിലേക്ക് കയറുമ്പോള്‍ അമ്മ കൈയാട്ടി വിളിച്ചു. തൊട്ടിലിലേക്ക് ചൂണ്ടി കാണിച്ചിട്ട്, 
"ഇങ്ങ് വാ...നോക്കിയേ ഇതാരാന്ന്.."
വിടര്‍ന്ന ചിരിയുമായി ഞാന്‍ പറഞ്ഞു.."എനിക്കറിയാം..പൂച്ചക്കുട്ടിയല്ലേ...?"
അമ്മയും സമ്മതിച്ചു.."നോക്കിയേ പൂച്ചക്കുട്ടിയെ ഇഷ്ട്ടമായോന്ന്‍..."

എത്തി വലിഞ്ഞ് ഞാന്‍ തൊട്ടിലിലേക്ക് നോക്കി..
"ഇതെന്താ..ഇത് പൂച്ചക്കുട്ടിയല്ലല്ലോ..!!" ഞാന്‍ ചിണുങ്ങി..
എന്‍റെ ചിണുങ്ങല് കണ്ടപ്പോള്‍ അമ്മക്ക് കാര്യം മനസ്സിലായി, അമ്മ സമാധാനിപ്പിച്ചു.
"നല്ല പൂച്ചക്കുടിയെ പോലത്തെ കുഞ്ഞല്ലേ..ഇത് മോന്‍റെ അനിയന്‍ കുഞ്ഞാ, മോന് കളിക്കാന്‍ വേണ്ടി അമ്മ മേടിച്ചതാ.."
'കളിക്കാന്‍' എന്ന് കേട്ടപ്പോള്‍ സമാധാനമായി, വീണ്ടും എത്തി വലിഞ്ഞ് തോട്ടിലിലേക്ക് നോക്കി.
             ഒരു തക്കിടിമുണ്ടന്‍, തടിമാടന്‍..!! ഞാന്‍ അവന്‍റെ കാലില്‍ ഒന്ന് തൊട്ടു. ഉറങ്ങി കിടക്കുകയായിരുന്ന അവന്‍ കണ്ണ് തുറന്നു എന്നെ തുറിച്ചു നോക്കി. എന്നിട്ട് കാലു കുടഞ്ഞൊരു തൊഴി. കൃത്യം എന്‍റെ മൂക്കില്‍. ഞാന്‍ കരയാന്‍ തുടങ്ങുന്നതിനു മുന്നേ അവന്‍ വലിയ വായില്‍ കാറാനും തുടങ്ങി. എന്‍റെ കരച്ചില്‍ താനേ നിന്നു.
"നീ കുഞ്ഞിനെ ഉപദ്രവിച്ചോടാ..??!" അമ്മയുടെ വഴക്കും കൂടിയായപ്പോള്‍ അവന് നല്ലൊരു ഇടി കൊടുത്തിട്ട് പോരാന്‍ തോന്നി; ഇടിച്ചില്ല..അമ്മ കണ്ടാല്ലോ..!
മനസ്സില്‍ പറഞ്ഞു, "നീയങ്ങ് വീട്ടിലേക്ക് വന്നേരെടാ.."

രംഗം 2:
"നീ വരുന്നോടാ ആശുപത്രിയില്‍ പോകാന്‍? നിന്‍റെ കുഞ്ഞമ്മ പ്രസവിച്ചു. "
അമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് പതിമൂന്ന്.

"ഇല്ലമ്മേ..അമ്മ പൊയ്ക്കോ.." 
ഇത് പറയുമ്പോള്‍ ഒരു കള്ളച്ചിരിയുമായി മനസ്സില്‍ പറഞ്ഞു..
"ഇന്നെങ്കിലും ആ ഉണ്ടച്ചക്കര ഭരണി കണ്ടു പിടിക്കണം" 
                    ഉണ്ടച്ചക്കര ഞങ്ങളുടെ വീക്നെസ് ആണെന്ന് അറിയാവുന്നത് കൊണ്ട് അമ്മ അതിവിദഗ്ദ്ധമായി അത് പാത്തു വയ്ക്കും. അതിനേക്കാള്‍ വിദഗ്ദ്ധമായി ഞങ്ങള്‍ അത് കണ്ടു പിടിക്കുന്നത്‌ കൊണ്ട് അമ്മ സ്ഥിരമായി അതിന്‍റെ സ്ഥാനം മാറ്റും. കഴിഞ്ഞ തവണ അമ്മ പുറത്തു പോയപ്പോള്‍ ഭരണി കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഇത്തവണ എങ്ങനേം കണ്ടുപിടിച്ചേ  പറ്റൂ..
അമ്മ പുറത്തു പോയതും, അടുക്കളയില്‍ ലൈറ്റ് പോലും ഇടാതെ ചിമ്മിനിക്കുള്ളിലൂടെ വരുന്ന ചെറിയ വെട്ടത്തില്‍ ഞാന്‍ പണി തുടങ്ങി. നേരം കുറെയായിട്ടും ഒരു രക്ഷയുമില്ല..!! സാധാരണ ഇങ്ങനെയുള്ള 'തപ്പലുകലിലാണ്' പല പല ബേക്കറി ഐറ്റംസും പൊങ്ങി വരുന്നത്. ഇത്തവണ അതുപോലുമില്ല..! ഊര്‍ജസ്വലമായി പണി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അടുക്കളയിലെ ലൈറ്റ് വീണു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വലിയ കഷ്ണം ഉണ്ടച്ചക്കരയുമായി അനിയന്‍ നിന്നു കൊഞ്ഞനം കുത്തുന്നു.
"ഇതെവിടെയാടാ ഇരിക്കുന്നെ..??!!"
"പറയില്ലാ..." എന്നും പറഞ്ഞവന്‍ തലയാട്ടി.
"എന്നാ കുറച്ചെനിക്ക് താടാ.." കെഞ്ചി നോക്കി...
"തരൂല്ലാ..." അവന്‍ വീണ്ടും തലയാട്ടി.
നോ രക്ഷ..! സാമം കഴിഞ്ഞു. ദാനവും ഭേദവും ഇല്ല..നേരെ ദണ്ഡത്തിലേക്ക്..!
"നിക്കെടാ അവിടെ.."
അവന്‍ ഓടി..പുറകെ ഞാനും.
വീടിന് രണ്ടു വലത്ത് കഴിഞ്ഞു. മൂന്നാമത്തെ വലത്തിന് മുറ്റത്ത്‌ നിന്ന പ്ലാവിന്‍റെ വേരില്‍ തട്ടി അവന്‍ മൂക്കും കുത്തി താഴെ..! 
അവന്‍റെ കരച്ചില് കേട്ട് അയലത്തുകാരെല്ലാം ഓടി കൂടി. നെറ്റിക്കും കൈമുട്ടിലും എല്ലാം ചോര ഒലിപ്പിച്ച് നിന്ന അവനെ കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്മാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ പോയ ചേട്ടന്മാര് തിരിച്ചു വന്ന് പറഞ്ഞു...
"അവന്‍റെ കൈ ഒടിഞ്ഞു. അവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ.."
             വൈകുന്നേരം ആശുപത്രിയില്‍ പോയപ്പോള്‍ കൈയ്യില്‍ പ്ലാസ്ടറും, നെറ്റിയില്‍ ബാണ്ട്-ഐടും ഒക്കെയായി കിടക്കുകയാണവന്‍. കഷ്ട്ടമായി പോയല്ലോ എന്ന് മനസ്സില്‍ വിചാരിക്കുമ്പോളേക്കും അമ്മ ചോദിച്ചു;
"രണ്ടും കൂടി എന്തായിരുന്നെടാ പരിപാടി? ഇതെങ്ങനെ പറ്റിയതാ??"

"അത്...അമ്മേ..." എന്നൊക്കെ വിക്കി വിക്കി നില്‍ക്കുമ്പോള്‍..

"ഉണ്ടച്ചക്കര കൊടുക്കാഞ്ഞതിന് അണ്ണന്‍ എന്നെ തള്ളിയിട്ടതാണമ്മേ.."
കണ്ണില്‍ ചോരയില്ലാതെ അവന്‍ പറഞ്ഞു കളഞ്ഞു.
തീര്‍ന്നില്ലേ കഥ !! നിര്‍ത്താതെയുള്ള അമ്മയുടെ ശകാരം പറച്ചിലിനിടയില്‍ ഞാനവന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, മനസ്സിലല്ല...ചെവിയില്‍..
"നീയങ്ങ് വീട്ടിലേക്ക് വന്നേരടാ.."

ചിത്രം കടപ്പാട് : ഗൂഗിള്‍ 

Tuesday, June 15, 2010

വരി : മേം ഗൂര്‍ഖ ഹേ..ഹോ..ഹൈ..!!

                                   അമേരിക്കാ...ക്ക്  പോകുന്ന ഒരു കൂട്ടുകാരനെ വിമാനത്താവളത്തില്‍ ചെന്ന് റ്റാ-റ്റാ കാണിച്ചു തിരിച്ചു പോകുമ്പോഴാണ് ആദ്യമായി ഞാന്‍ മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ കയറുന്നത്. (ഇതില്‍ കയറിയിട്ട് തിരിച്ചിറങ്ങുമ്പോ, "ശ്വാസം ബാക്കി ഉണ്ടോ കുട്ട്യേ? മുജ്ജന്മ്മ സുകൃതാണെന്നു കൂടികൊള്ളൂ" എന്നൊരു അശരീരി കേട്ടത് പോലെ തോന്നിയിരുന്നു). മുംബൈയിലെ ഉല്ലാസ് നഗറില്‍ എന്‍റെ ഒരു ചെറിയച്ചന്‍ താമസ്സമുണ്ട്. ഒരു ദിവസം നല്ല ഭക്ഷണം കഴിക്കാമല്ലോ എന്നാലോചിച്ചപ്പോള്‍ ലോക്കല്‍ ട്രെയിന്‍ എങ്കില്‍ ലോക്കല്‍ ട്രെയിന്‍ , ഇത്തിരി കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും ഉല്ലാസ് നഗറിലേക്ക് വിട്ടേക്കാമെന്നു തീരുമാനിച്ചു. അങ്ങനെ വിമാനത്താവളത്തില്‍ നിന്ന്  'സ്ട്രൈറ്റ് ടു കുര്‍ള സ്റ്റേഷന്‍ '.

                                  സ്റ്റേഷനില്‍ ചെന്നപ്പോള്‍ എങ്ങോട്ടാ പോകണ്ടതെന്നു മുട്ടന്‍ കണ്‍ഫ്യൂഷന്‍ ("കാരണം അവിടെ ഒട്ടും തിരക്കില്ലായിരുന്നു...മുകളില്‍ കാണുന്ന പടത്തിലെ പോലെ.."). തൊപ്പിയും വടിയുമൊക്കെയായി നില്‍ക്കുന്ന മാന്യനെന്നു തോന്നിക്കുന്ന ഒരു പോലീസുകാരന്‍റെ അടുത്ത് ചെന്ന് ചോദിച്ചു,

"സാബ്, കല്യാണ്‍ ....?"

കല്യാണ്‍ സ്റ്റേഷനിലേക്ക് പോകുന്ന വണ്ടി എവിടെയാ വരുന്നത് , ഇപ്പോഴെങ്ങാനും വരുമോ, ഇനി വരുകേ ഇല്ലേ... എന്നൊക്കെയാണ് ഞാന്‍ ഉദ്ദേശിച്ചത്...!! ഇത്രയും കാര്യം ഒരുമിച്ചു ഞാന്‍ ഹിന്ദിയില്‍ ചോദിച്ചാല്‍ മുംബൈയുടെ ഇങ്ങേ അറ്റമായ കല്യാണിനു പകരം, അങ്ങേ അറ്റമായ കൊളാബയില്‍ എങ്ങാനും പോയി ഇറങ്ങേണ്ടി വരുമെന്ന് ഉറപ്പാണ്. ഭാഗ്യം, ഞാന്‍ ചോദിച്ചത് എന്തായാലും, വായില്‍ ഒരു കെട്ട് 'മുറുക്കാനുമായി' നില്‍ക്കുന്ന ആ പോലീസുകാരന് മനസ്സിലായി. അങ്ങേരു മുകളിലേക്ക് ചൂണ്ടി കാണിച്ചു. (ആ പോലീസുകാരനെങ്ങാനും വായ തുറന്നിരുന്നെങ്കില്‍ മുറുക്കാന്‍ മുഴുവന്‍ ഞാനെന്‍റെ മുഖത്തൂന്ന് വടിചെടുക്കേണ്ടി വന്നേനെ..നന്ദി പോലീസുകാരാ..) ചൂണ്ടിയ വിരലിന്‍റെ അറ്റത്തേക്ക് നോക്കുമ്പോള്‍ അവിടെ ഒരു LED ബോര്‍ഡില്‍ A-Ambernath എന്നെഴുതി വച്ചിരിക്കുന്നു. ഹാവൂ, അപ്പൊ സംഭവം ഇവിടെ തന്നെ... കല്യാണ്‍ , ഉല്ലാസ് നഗര്‍  വഴി അംബര്‍നാഥ് . വളരെ ഭവ്യതയോട് കൂടി ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു. നമ്മള് തീവ്രവാദിയാണോ എന്നൊന്നും  അങ്ങേര്‍ക്കു ഡൗട്ട് അടിക്കരുതല്ലോ..!!
                                  മൂന്നോ നാലോ മിനിറ്റ് കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു. ട്രെയിനിന്‍റെ ഡോറിനു അടുത്തേക്ക് പോയി നിന്നതേ ഓര്‍മ്മയുള്ളൂ. അടുത്ത സീനില്‍ എന്നെ കാണുമ്പോള്‍ ബീജിംഗ് ഒളിംപിക്സിന്‍റെ  ചിഹ്നം പോലെ ഒരു കാലും ഒരു കയ്യും വായുവില്‍ നിര്‍ത്തി തല മുകളലേക്ക് പിടിച്ചു ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരിക്കുവാണ്. ഒരു വ്യതാസം മാത്രം, ചിഹ്നത്തിന്‍റെ കഴുത്ത് മുന്നോട്ടാണെങ്കില്‍ എന്‍റെ കഴുത്ത് തൊണ്ണൂറു ഡിഗ്രീ ചരിഞ്ഞു സൈഡിലേക്കാ..!!  ഇങ്ങനൊക്കെയാണ് നില്‍പ്പെങ്കിലും, ഉല്ലാസ് നഗര്‍ ആയോ, ഇപ്പൊ ആകുമോ, ഇനി കഴിഞ്ഞോ എന്നും നോക്കി എന്‍റെ കണ്ണ് ഡോറിന് വെളിയിലേക്ക് തള്ളി നില്‍ക്കുകയാണ് . 'ഠാനെ സ്റ്റേഷന്‍ ' കഴിഞ്ഞ് തൊണ്ണൂറു ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിയിലേക്ക് കഴുത്ത്‌ ചരിക്കാമെന്ന പരുവമായപ്പോള്‍ പെട്ടെന്ന് ഒരു സംശയം, ഈ ട്രെയിനിനു ഇനി ഉല്ലാസ് നഗറില്‍ സ്റ്റോപ്പ്‌ ഉണ്ടോ..!! അംബര്‍നാഥെന്നു കണ്ടപ്പോള്‍ ആവേശം മൂത്ത് ചാടി കയറിയതാ, തന്നേമല്ലാ ഠാനെ വരെ വരുന്നതിനിടക്ക് പത്തു പന്ത്രണ്ടു സ്റ്റേഷന്‍ എങ്കിലും ഉണ്ടായിരുന്നെങ്കിലും ആകെ നിര്‍ത്തിയത് മൂന്നോ നാലോ ഇടത്ത് മാത്രം. അബദ്ധമായോ...ഇനി അംബര്‍നാഥില്‍ പോയി അടുത്ത വണ്ടിക്ക് തിരിച്ചു തൂങ്ങേണ്ടി വരുമോ..! വായും പൊളിച്ചു നിന്നിട്ട് കാര്യമില്ല. വണ്ടി ഉല്ലാസ് നഗറില്‍ നി൪ത്തുമോന്ന് ആരോടെങ്കിലും ചോദിക്കണം. ചോദിക്കാന്‍ കൊള്ളാവുന്ന ഒരുത്തനേം അടുത്തെങ്ങും കണ്ടില്ല!! എന്‍റെ ഈ ഞെളിപിരി കണ്ടിട്ടാണോ എന്തോ, ഒരുത്തന്‍ എന്നെ തുറിച്ചു നോക്കുന്നു. എന്നാ പിന്നെ അങ്ങേരോട് തന്നെ ചോദിക്കാം...

"ഭയ്യാ, യെ ഗാടി ഉല്ലാസ് നഗര്‍ മേം രുക്ക്.........(ഇവിടെ, പഴയ ലാംബര്‍ട്ട കയറ്റം കയറുന്ന ഒരു സൗണ്ട് ആണ്, കാരണം അവിടെ രുക്കേങ്ഗെ ആണോ, രുക്കെങ്ഗി ആണോ, രുക്തേംഗെ ആണോ അതോ രുക്തെ ഹൈം ആണോ എന്ന് ഭയങ്കര സംശയം...കേള്‍ക്കുന്നവരുടെ ഇഷ്ട്ടം പോലെ ചേര്‍ത്തോട്ടെ..എനിക്കങ്ങനെ വല്യ ഭാവമൊന്നും ഇല്ലാ).........ക്യാ?"

അറ്റത്ത്‌ ഇങ്ങനെ ഒരു 'ക്യാ' കൂടി ഇട്ടാല്‍ ചോദ്യമായി..!!

 ഞാന്‍ ചോദിച്ചു തീരുന്നതിനു മുന്നേ മറുപടി വന്നു,
"പിന്നെന്താ നി൪ത്തുമല്ലോ...കല്യാണ്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാ സ്റ്റേഷനിലും നിര്‍ത്തും..."

ഹിന്ദിയിലല്ലാ...നല്ല പച്ച മലയാളത്തില്‍ !!!!

'ഹൊ..ലോകത്ത് എന്തെല്ലാം അത്ഭുതങ്ങള് നടക്കുന്നു...നമ്മള്‍ ഹിന്ദിയില്‍ ചോദിച്ചാല്‍ പോലും മലയാളത്തില്‍ മറുപടി കിട്ടുന്നു!!'

ഇങ്ങനെ ആലോചിച്ച് ഞെട്ടിയ ഭാവത്തില്‍ ഉള്ള നില്‍പ്പ് കണ്ടു ചേട്ടന്‍ വീണ്ടും...

"ആ നില്‍പ്പും(മാന്യന്‍ .., ഞെളിപിരീന്ന് എടുത്തു പറഞ്ഞില്ലാ) മലയാളം പോലത്തെ ഹിന്ദിയും കേട്ടപ്പോഴേ മനസ്സിലായി, മലയാളിയാണെന്ന്."
ഒരു വളിച്ച ചിരി മുഖത്ത് fit ചെയ്ത്, "നന്ദി ചേട്ടാ" എന്ന ഭാവത്തില്‍ ഒന്ന് തലയാട്ടി. അവിടുന്ന് എങ്ങോട്ടെങ്കിലും 'ഊളി ഇടാമെന്ന് ' വിചാരിച്ചാല്‍ കഴുത്ത്‌ മാത്രമായിട്ടു എങ്ങും പോകത്തില്ലല്ലോ...!!

ഈ സംഭവത്തിന്‌ ശേഷം ഞാനൊരു ഭീഷ്മപ്രതിജ്ഞ എടുത്തു....എന്ത്..ഇന്ന് മുതല്‍ ഹിന്ദി പഠിച്ചേക്കാമെന്നൊ...ഡോണ്ട് ഡൂ..ഡോണ്ട് ഡൂ...
പിന്നെയോ, ഇനി ലോക്കല്‍ ട്രെയിനില്‍ കയറിയാല്‍ ഒരുത്തനോടും ഹിന്ദിയില്‍ മിണ്ടൂല്ലെന്ന്...ഞാനാരാ മോന്‍ !!

         
ചിത്രം കടപ്പാട് : ഗൂഗിള്‍

LinkWithin

Related Posts with Thumbnails