Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Sunday, January 10, 2010

വരി : എങ്കിലും...

താലപ്പൊലിയുടെ ഏറ്റവും പിന്നിലായി, മുറിതേങ്ങക്കുള്ളില്‍ നെയ്തിരിയിട്ടു കത്തിച്ച വിളക്കിന്‍റെ സ്വര്‍ണ്ണവെളിച്ചത്തിലാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത്. നീണ്ടു വിടര്‍ന്ന കണ്ണുകള്‍.നിതംബം മറച്ചു കിടന്നിരുന്ന മുടിയില്‍ കുളിപ്പിന്നല്‍ കെട്ടി തുളസിക്കതിര്‍ ചൂടിയിരിക്കുന്നു.ആ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ കഴിയാതെ ഞാന്‍ താലപ്പൊലിയുടെ ഓരം ചേര്‍ന്ന് നടന്നു.മേളത്തിലെ ഇലതാളത്തിനോപ്പം എന്‍റെ മനസ്സ് നൃത്തം  വെച്ചു.
പെട്ടെന്ന് തോളത്തൊരു കൈ വന്നു വീണു.
"മതിയെടാ ചോര കുടിച്ചത്" സുബ്രമണ്യന്‍ ആയിരുന്നു അത്.




"രാമകൃഷ്ണന്‍ കൊച്ചാട്ടന്‍റെ വീട്ടില്‍ വിരുന്നിനു വന്നതാ. പാലക്കാട്ടുക്കാരിയാ.."
സുബ്രമണ്യന്‍റെ  അയലത്തുക്കാരനാണ് രാമകൃഷ്ണന്‍.
"കഴിഞ്ഞ ശിവരാത്രിക്ക്  രാമകൃഷ്ണന്‍ കൊച്ചാട്ടനുമായിട്ടു ഒടക്കണ്ടാരുന്നു, അല്ലെ അളിയാ..? "
"ഉം..."ന്ന് മൂളി കൊണ്ട് ഞാന്‍ തലയാട്ടി.
ദീപാരാധന കഴിഞ്ഞു.
"എടാ അവള് പോകുന്നതിനു മുന്‍പ് ഞാനൊരു പുഞ്ചിരി കൊടുത്തിട്ട് വരട്ടെ, നീ ഇവിടെ നിലക്ക് ". സുബ്രമണ്യനെ അവിടെ നിര്‍ത്തി ഞാന്‍ അമ്പലത്തിലേക്ക് കയറി.
              ഉറങ്ങാന്‍ കിടന്നതെ ഓര്‍മയുള്ളൂ.വെള്ളയും പച്ചയും ദാവണി ചുറ്റിയ ആ പാലക്കാട്ടുക്കാരി അന്ന് രാത്രി സുന്ദരമായ സ്വപ്നങ്ങളുടെ ഒരു താലപ്പൊലി തന്നെ സമ്മാനിച്ചു.പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി സുബ്രമണ്യന്‍റെ വീട്ടിലേക്കു പോയി. അവിടെ ചെന്നപ്പോള്‍ കൂട്ടത്തിലുള്ളവന്മാരെല്ലാം അവിടെ ക്യാമ്പ്‌ ചെയ്തിട്ടുണ്ട്; പതിവില്ലാത്ത ഒരു ക്രിക്കറ്റ്‌ കളി. പശുവിനു പുല്ലിട്ടു കൊടുക്കുന്നത് പോലെ ഒരുത്തന്‍ 'ബോള്‍' എറിഞ്ഞു കൊടുക്കുന്നു.യുവരാജിന്‍റെ '20-20' റെക്കോര്‍ഡ്‌ തകര്‍ക്കുമെന്ന വാശിയില് ഒരുത്തന്‍ 'സിക്സര്‍' അടിക്കുന്നു.'സിക്സ്' പോകുന്ന പന്ത് ചെന്ന് വീഴുന്നത് രാമകൃഷ്ണന്‍ കൊച്ചേട്ടന്‍റെ പറമ്പില്.'ബോളറും', 'ബാറ്റ്സ്മാനും', 'കീപ്പറും' ഉള്‍പ്പെടെ എല്ലാവരും പന്ത് എടുക്കാന്‍ പറമ്പിലേക്ക്.
"അപ്പൊ അതാണ്‌ പതിവില്ലാതെ ഉള്ള ഈ ക്രിക്കറ്റ്‌കളിയുടെ രഹസ്യം"
പറമ്പില്‍ നിന്ന് ഒരു തവണ പന്തെടുക്കുമ്പോള്‍ ഒരു മിന്നായം പോലെ ഞാന്‍ അവളെ കണ്ടു.ഒരു നിമിഷം കൂടി അവിടെ നില്‍ക്കാന്‍ അവന്‍മാര് സമ്മതിച്ചില്ലാ.അപ്പോഴേക്കും കമ്മന്റ്റ് വന്നു, "മതിയെടാ..മതിയെടാ, ഇങ്ങു പോര്"
അടുത്ത ദിവസം ഞാന്‍ ചെല്ലുന്നത് കണ്ടപ്പോഴേ സുബ്രമണ്യന്‍ പറഞ്ഞു, "നിന്ന് കറങ്ങണ്ടാ, അവള് തിരിച്ചു പോയി"
         പിന്നീട് പലപ്പോഴും ആ മുഖം മനസ്സില്‍ തെളിഞ്ഞു വന്നിരുന്നു, പതിയെപ്പതിയെ തെളിച്ചം മങ്ങിയും.
         മൂന്നു-നാല് ആഴ്ച കഴിഞ്ഞു.രാവിലെ പത്രമെടുത്തു നോക്കുമ്പോള്‍ ഞാന്‍ തരിച്ചിരുന്നു പോയി.വാര്‍ത്ത പാലക്കാട്ട് നിന്നായിരുന്നു.ഞാന്‍ മുന്‍പ് നെയ്ത്തിരി വെളിച്ചത്തില്‍ കണ്ട അതേ മുഖം, കൂടെ ഒരു ചെറുപ്പക്കാരന്‍റെയും.വിശ്വാസം വരാതെ ഞാനാ തലക്കെട്ട്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു..
"കമിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍" !!

ചിത്രം കടപ്പാട് : ഗൂഗിള്‍ 

LinkWithin

Related Posts with Thumbnails