"നീ വരുന്നോടാ കൊച്ചേ ആശുപത്രിയില്‍ പോകാന്‍? നിന്‍റെയമ്മ പ്രസവിച്ചു. "
അമ്മുമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് മൂന്ന്...!
"വേണ്ട, ഇവനെ പിന്നെ കൊണ്ടുപോകാം.. "
അപ്പൂപ്പന്‍ പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ ബഹളം തുടങ്ങി,
"പറ്റില്ല, പറ്റില്ല..ഞാനും വരും..എനിക്കും കാണണം പൂച്ചക്കുട്ടിയെ.."
"പൂച്ചക്കുട്ടിയോ..?!!" എന്ന അര്‍ത്ഥത്തില്‍ അമ്മുമ്മ ഒന്ന് തിരിഞ്ഞു നിന്നു.
വടക്കേതിലെ ആളില്ലാത്ത വീട്ടില്‍ വലിയൊരു തൊഴുത്തുണ്ട്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ തൊഴുത്തില്‍ സ്ഥിരമായി പൂച്ച പ്രസവിക്കും. അപ്പൊ അമ്മ പറയും..
"മക്കളെ, അവിടെ പൂച്ച പ്രസവിച്ചു കിടപ്പുണ്ട്...അങ്ങോട്ട് പോവ്വല്ലേ.."
ചെറുപ്പം മുതലേ അമ്മ പറയുന്നതെന്തും അനുസരിക്കുന്നത് കൊണ്ട് അമ്മ കാണാതെ, ചേട്ടന്‍ എന്നേം കൊണ്ട് പമ്മി പമ്മി പൂച്ച പ്രസവിച്ചിട്ട കുഞ്ഞുങ്ങളെ കാണാന്‍ പോകും. നല്ല കുഞ്ഞു പൂച്ചക്കുട്ടികള്‍..!!
അങ്ങനെ 'പ്രസവം' എന്ന് കേള്‍ക്കുമ്പോള്‍ അത് പൂച്ചക്കുട്ടിയായിരിക്കും എന്നാണെന്‍റെ വിചാരം..!!
അമ്മുമ്മ ഒന്ന് ഞെട്ടിയോ..!? ഞെട്ടിയെന്നു തോന്നുന്നു...എന്നിട്ട് ഒരു ചെറു ചിരിയുമായിട്ടു പറഞ്ഞു..
"ആ..നല്ല ഒന്നാന്തരം ഒരു ആണ്‍ പൂച്ചയാ.."
അമ്മുമ്മയുടെ മറുപടി കേട്ടപ്പോള്‍ ഞാനുറപ്പിച്ചു..
"എന്‍റെയമ്മ നല്ലൊരു പൂച്ചക്കുട്ടിയെ പ്രസവിച്ചു.."
ആശുപത്രി വരാന്തയില്‍ എത്തിയപ്പോള്‍ അമ്മായി ഫ്ലാസ്ക്കുമായി പോകുന്നു. അമ്മാവിയും പറഞ്ഞു..
"മോന് കളിക്കാനൊരു ആളായല്ലോ.."
അതും കൂടി കേട്ടപ്പോള്‍ സന്തോഷം ഇരട്ടിയായി..
"എനിക്ക് കളിക്കാന്‍ വേണ്ടിയാ അമ്മ പൂച്ചക്കുട്ടിയെ പ്രസവിച്ചിരിക്കുന്നത്.."
മുറിയിലേക്ക് കയറുമ്പോള്‍ അമ്മ കൈയാട്ടി വിളിച്ചു. തൊട്ടിലിലേക്ക് ചൂണ്ടി കാണിച്ചിട്ട്,
"ഇങ്ങ് വാ...നോക്കിയേ ഇതാരാന്ന്.."
വിടര്‍ന്ന ചിരിയുമായി ഞാന്‍ പറഞ്ഞു.."എനിക്കറിയാം..പൂച്ചക്കുട്ടിയല്ലേ...?"
അമ്മയും സമ്മതിച്ചു.."നോക്കിയേ പൂച്ചക്കുട്ടിയെ ഇഷ്ട്ടമായോന്ന്‍..."
എത്തി വലിഞ്ഞ് ഞാന്‍ തൊട്ടിലിലേക്ക് നോക്കി..
"ഇതെന്താ..ഇത് പൂച്ചക്കുട്ടിയല്ലല്ലോ..!!" ഞാന്‍ ചിണുങ്ങി..
എന്‍റെ ചിണുങ്ങല് കണ്ടപ്പോള്‍ അമ്മക്ക് കാര്യം മനസ്സിലായി, അമ്മ സമാധാനിപ്പിച്ചു.
"നല്ല പൂച്ചക്കുടിയെ പോലത്തെ കുഞ്ഞല്ലേ..ഇത് മോന്‍റെ അനിയന്‍ കുഞ്ഞാ, മോന് കളിക്കാന്‍ വേണ്ടി അമ്മ മേടിച്ചതാ.."
'കളിക്കാന്‍' എന്ന് കേട്ടപ്പോള്‍ സമാധാനമായി, വീണ്ടും എത്തി വലിഞ്ഞ് തോട്ടിലിലേക്ക് നോക്കി.
ഒരു തക്കിടിമുണ്ടന്‍, തടിമാടന്‍..!! ഞാന്‍ അവന്‍റെ കാലില്‍ ഒന്ന് തൊട്ടു. ഉറങ്ങി കിടക്കുകയായിരുന്ന അവന്‍ കണ്ണ് തുറന്നു എന്നെ തുറിച്ചു നോക്കി. എന്നിട്ട് കാലു കുടഞ്ഞൊരു തൊഴി. കൃത്യം എന്‍റെ മൂക്കില്‍. ഞാന്‍ കരയാന്‍ തുടങ്ങുന്നതിനു മുന്നേ അവന്‍ വലിയ വായില്‍ കാറാനും തുടങ്ങി. എന്‍റെ കരച്ചില്‍ താനേ നിന്നു.
"നീ കുഞ്ഞിനെ ഉപദ്രവിച്ചോടാ..??!" അമ്മയുടെ വഴക്കും കൂടിയായപ്പോള്‍ അവന് നല്ലൊരു ഇടി കൊടുത്തിട്ട് പോരാന്‍ തോന്നി; ഇടിച്ചില്ല..അമ്മ കണ്ടാല്ലോ..!
മനസ്സില്‍ പറഞ്ഞു, "നീയങ്ങ് വീട്ടിലേക്ക് വന്നേരെടാ.."
രംഗം 2:
"നീ വരുന്നോടാ ആശുപത്രിയില്‍ പോകാന്‍? നിന്‍റെ കുഞ്ഞമ്മ പ്രസവിച്ചു. "
അമ്മ ഇത് ചോദിക്കുമ്പോള്‍ എനിക്ക് വയസ്സ് പതിമൂന്ന്.
"ഇല്ലമ്മേ..അമ്മ പൊയ്ക്കോ.."
ഇത് പറയുമ്പോള്‍ ഒരു കള്ളച്ചിരിയുമായി മനസ്സില്‍ പറഞ്ഞു..
"ഇന്നെങ്കിലും ആ ഉണ്ടച്ചക്കര ഭരണി കണ്ടു പിടിക്കണം"
ഉണ്ടച്ചക്കര ഞങ്ങളുടെ വീക്നെസ് ആണെന്ന് അറിയാവുന്നത് കൊണ്ട് അമ്മ അതിവിദഗ്ദ്ധമായി അത് പാത്തു വയ്ക്കും. അതിനേക്കാള്‍ വിദഗ്ദ്ധമായി ഞങ്ങള്‍ അത് കണ്ടു പിടിക്കുന്നത് കൊണ്ട് അമ്മ സ്ഥിരമായി അതിന്‍റെ സ്ഥാനം മാറ്റും. കഴിഞ്ഞ തവണ അമ്മ പുറത്തു പോയപ്പോള്‍ ഭരണി കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഇത്തവണ എങ്ങനേം കണ്ടുപിടിച്ചേ പറ്റൂ..
അമ്മ പുറത്തു പോയതും, അടുക്കളയില്‍ ലൈറ്റ് പോലും ഇടാതെ ചിമ്മിനിക്കുള്ളിലൂടെ വരുന്ന ചെറിയ വെട്ടത്തില്‍ ഞാന്‍ പണി തുടങ്ങി. നേരം കുറെയായിട്ടും ഒരു രക്ഷയുമില്ല..!! സാധാരണ ഇങ്ങനെയുള്ള 'തപ്പലുകലിലാണ്' പല പല ബേക്കറി ഐറ്റംസും പൊങ്ങി വരുന്നത്. ഇത്തവണ അതുപോലുമില്ല..! ഊര്‍ജസ്വലമായി പണി പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അടുക്കളയിലെ ലൈറ്റ് വീണു. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വലിയ കഷ്ണം ഉണ്ടച്ചക്കരയുമായി അനിയന്‍ നിന്നു കൊഞ്ഞനം കുത്തുന്നു.
"ഇതെവിടെയാടാ ഇരിക്കുന്നെ..??!!"
"പറയില്ലാ..." എന്നും പറഞ്ഞവന്‍ തലയാട്ടി.
"എന്നാ കുറച്ചെനിക്ക് താടാ.." കെഞ്ചി നോക്കി...
"തരൂല്ലാ..." അവന്‍ വീണ്ടും തലയാട്ടി.
നോ രക്ഷ..! സാമം കഴിഞ്ഞു. ദാനവും ഭേദവും ഇല്ല..നേരെ ദണ്ഡത്തിലേക്ക്..!
"നിക്കെടാ അവിടെ.."
അവന്‍ ഓടി..പുറകെ ഞാനും.
വീടിന് രണ്ടു വലത്ത് കഴിഞ്ഞു. മൂന്നാമത്തെ വലത്തിന് മുറ്റത്ത് നിന്ന പ്ലാവിന്‍റെ വേരില്‍ തട്ടി അവന്‍ മൂക്കും കുത്തി താഴെ..!
അവന്‍റെ കരച്ചില് കേട്ട് അയലത്തുകാരെല്ലാം ഓടി കൂടി. നെറ്റിക്കും കൈമുട്ടിലും എല്ലാം ചോര ഒലിപ്പിച്ച് നിന്ന അവനെ കൂട്ടത്തിലുണ്ടായിരുന്ന ചേട്ടന്മാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രിയില്‍ പോയ ചേട്ടന്മാര് തിരിച്ചു വന്ന് പറഞ്ഞു...
"അവന്‍റെ കൈ ഒടിഞ്ഞു. അവിടെ അഡ്മിറ്റ് ചെയ്തിരിക്കുവാ.."
വൈകുന്നേരം ആശുപത്രിയില്‍ പോയപ്പോള്‍ കൈയ്യില്‍ പ്ലാസ്ടറും, നെറ്റിയില്‍ ബാണ്ട്-ഐടും ഒക്കെയായി കിടക്കുകയാണവന്‍. കഷ്ട്ടമായി പോയല്ലോ എന്ന് മനസ്സില്‍ വിചാരിക്കുമ്പോളേക്കും അമ്മ ചോദിച്ചു;
"രണ്ടും കൂടി എന്തായിരുന്നെടാ പരിപാടി? ഇതെങ്ങനെ പറ്റിയതാ??"
"അത്...അമ്മേ..." എന്നൊക്കെ വിക്കി വിക്കി നില്‍ക്കുമ്പോള്‍..
"ഉണ്ടച്ചക്കര കൊടുക്കാഞ്ഞതിന് അണ്ണന്‍ എന്നെ തള്ളിയിട്ടതാണമ്മേ.."
കണ്ണില്‍ ചോരയില്ലാതെ അവന്‍ പറഞ്ഞു കളഞ്ഞു.
തീര്‍ന്നില്ലേ കഥ !! നിര്‍ത്താതെയുള്ള അമ്മയുടെ ശകാരം പറച്ചിലിനിടയില്‍ ഞാനവന്‍റെ അടുത്ത് ചെന്ന് പറഞ്ഞു, മനസ്സിലല്ല...ചെവിയില്‍..
"നീയങ്ങ് വീട്ടിലേക്ക് വന്നേരടാ.."
ചിത്രം കടപ്പാട് : ഗൂഗിള്‍