Saturday, April 21, 2012

വര : പൂര്‍ണ്ണം...അപൂര്‍ണ്ണം!!



"I will arise and go now, for always night and day
I hear lake water lapping with low sounds by the shore;
While I stand on the roadway, or on the pavements grey, 
I hear it in the deep heart's core."
W. B. Yeats

Sunday, February 12, 2012

വരി : "മഴയില്‍ നനഞ്ഞ് സെപ്റ്റംബര്‍......, മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍ - 2"

ഭാഗം 1  ഇവിടെ വായിക്കാം
                            
                            വെന്നാ തടാകമാണ് മഹാബലെശ്വറിന്‍റെ കവാടം. തടാകത്തിന്‍റെ മുകളില്‍ തുള്ളിത്തെറിക്കുന്ന മഴ. മഴ പോകാന്‍ കാത്തുനില്‍ക്കുന്ന കോടമഞ്ഞ് ഭൂമിയിലേക്കിറങ്ങി സര്‍വതിനെയും പുണരുമ്പോഴേക്കും വീണ്ടും മഴ!! മഴയും കോടമഞ്ഞും കൂടിയുള്ള ഈ കണ്ണുപൊത്തിക്കളി വെന്നാ തടാകത്തിന്‍റെ മുകളില്‍ അപൂര്‍വ്വസുന്ദരമായ കാഴ്ച ഒരുക്കി. വെന്നാ തടാകം കോടമഞ്ഞില്‍ മറയുന്നത് കണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.


                                 കോടമഞ്ഞില്‍ കൂടി മഹാബലേശ്വരിലേക്ക് 

മഹാബലേശ്വര്‍ മാര്‍ക്കറ്റിലൂടെ നടക്കാം
                                 സന്ധ്യയായപ്പോഴേക്കും ഞങ്ങളുടെ ബസ്സ്‌ മഹാബലേശ്വര്‍ മാര്‍ക്കറ്റില്‍ എത്തി. മഹാബലേശ്വറിലെ ജനവാസകേന്ദ്രങ്ങള്‍ ഈ മാര്‍ക്കറ്റിന് ചുറ്റുമായിട്ടാണ് നിലകൊള്ളുന്നത്. ഇവിടുത്തെ, നല്ലൊരു ശതമാനം കടകളും strawberry കൊണ്ടുള്ള  ജാമുകളും ജ്യുസുകളും മറ്റും വില്‍ക്കുന്നവയാണ്. പിന്നെയുള്ളവ, കമ്പിളി ഉടുപ്പുകളും തൊപ്പിയും മറ്റും വില്‍ക്കുന്നവയും. മാര്‍ക്കറ്റിന് അത്ര അകലയല്ലാത്ത ഒരു ഹോട്ടലില്‍ check-in ചെയ്ത ശേഷം, എല്ലാവരും കൂടി നടക്കാന്‍ ഇറങ്ങി. പകല്‍ സമയങ്ങളില്‍ പല ടൂറിസ്റ്റ്   സ്പോട്ടുകളില്‍ ആയിരിക്കുന്ന സഞ്ചാരികള്‍ സന്ധ്യയ്ക്ക് ശേഷം എത്തുന്നതിനാല്‍ ഈ സമയത്താണ്   ]മാര്‍ക്കറ്റ് സജീവമാകുന്നത്. കെട്ടിടങ്ങളെ വേര്‍തിരിക്കുന്ന ഇടനാഴികളിലൂടെയും, ചെറുപാതകളിലൂടെയുമുള്ള നടത്തം രസകരമായിരുന്നു. കാരണം, എല്ലാ വഴികളും എത്തി ചേരുന്നത് മാര്‍ക്കറ്റില്‍ തന്നെ!! രാത്രിയില്‍ ഏതാണ്ട് പതിനൊന്നര മണിയായപ്പോഴാണ് ഭക്ഷണം കഴിച്ച് ഞങ്ങള്‍ തിരികെ ഹോട്ടലില്‍ ചെല്ലുന്നത്.

രണ്ടാം ദിവസം - പ്രഭാതം
                 മാനത്ത് നിന്ന് മേഘങ്ങലെല്ലാം താഴത്തിങ്ങിയത് പോലെ മൂടല്‍ മഞ്ഞ്!! വിജനമായ മാര്‍ക്കറ്റിലൂടെ മൂടി പുതച്ച് കുറേ നേരം നടന്ന്, ഇടയ്ക്കു കണ്ട ഒരു 'ടപ്പരിയില്‍' നിന്ന് ചായയും കുടിച്ചു ഞാന്‍ ഉന്മേഷഭരിതനായി  തിരികെ റൂമില്‍ എത്തുമ്പോഴേക്കും മറ്റുള്ളവര്‍ ഉണര്‍ന്ന് തയ്യാറായി തുടങ്ങിയിരുന്നു. മഹാബലേശ്വര്‍  എന്ന പേരിന് കാരണഭൂതമായ മഹേശ്വരക്ഷേത്രം, അതിനോട് ചേര്‍ന്നുള്ള കൃഷ്ണാ നദിയുടെ ഉത്ഭവസ്ഥാനം. ഒരു ദിവസവും, യാത്രയും തുടങ്ങാന്‍ ഇത്ര അനുയോജ്യമായ മറ്റേതു സ്ഥലമാണ് ഉണ്ടാവുക!!

മഹാബലേശ്വര്‍ ക്ഷേത്രവും കൃഷ്ണയുടെ ജനനവും
                 കാട്ടിലൂടെ ഒരു യാത്ര, തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍, വള്ളിപടര്‍പ്പുകള്‍, ഇടയ്ക്കിടയ്ക്ക് പാത  മുറിച്ചു കടന്നു പോകുന്ന കുഞ്ഞരുവികള്‍. കൂട്ടിന് വീണ്ടും മഴയെത്തി. ക്ഷേത്രത്തിലേക്കുള്ള പടികള്‍ കയറുമ്പോള്‍ കൈകളിലെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന അനുഭവം. കഴിഞ്ഞു പോയ  ആയിരത്തിലേറെ വര്‍ഷങ്ങളില്‍ എത്രയോ മഹാരഥന്മാര്‍ ഭഗവല്‍ ദര്‍ശനത്തിനായി ഈ പടവുകള്‍ കയറിയിട്ടുണ്ടാകണം! ശിവാജിയേയും, സംഭാജിയെയും പോലെയുള്ള എത്രയെത്ര മറാഠാ വീരന്‍മാര്‍!!!!!!
                പഴമയുടെ സൗന്ദര്യം വരച്ചിടുന്ന ക്ഷേത്രവും, മതില്‍ക്കെട്ടും, ഗോപുരവും ഏറെ ചാരുതയാര്‍ന്നതായിരുന്നു. ക്ഷേത്രത്തില്‍ കയറുവാന്‍ ആളുകളുടെ ഒരു നീണ്ട നിര. ഞങ്ങളും അതിനൊപ്പം ചേര്‍ന്നു ദേവചൈതന്യം പ്രകാശം പരത്തി നില്‍ക്കുന്ന സ്വയംഭൂവായ ശിവലിംഗം. അപാരമായ വീതി. നമ്മുടെ ക്ഷേത്രങ്ങളിലെ പോലെ ശ്രീകോവില്‍ എന്ന സങ്കല്പം ഇല്ലാത്തത് കൊണ്ട് ശിവലിംഗത്തിന് വളരെ അടുത്തായി നിന്ന് ഒരു നിമിഷം കണ്ണടച്ചു. ആത്മനിര്‍വൃതിയുടെ, ശാന്തതയുടെ ഒരതുല്യ നിമിഷം.
              ക്ഷേത്രത്തിന് പുറത്തിങ്ങുമ്പോഴെക്ക് മഴ ശമിച്ചിരുന്നു. ഇവിടെ നിന്ന് പത്തു ചുവട് അകലെയാണ് ശിവഗംഗ ക്ഷേത്രം. ഇവിടെയാണ്‌ കൃഷ്ണാ നദിയുടെ ഉത്ഭവം. കൃഷ്ണ മാത്രമല്ല, വെന്നയും, കൊയ്നയും, സാവിത്രിയും, ഗായത്രിയും ഭൂമീദേവിയുടെ ഞരമ്പുകളായി ഒഴുകി തുടങ്ങുന്നത് ഇവിടെ നിന്നാണ്. സാവിത്രിയുടെ ശാപത്താല്‍ കൃഷ്ണാനദിയായി ഒഴുകുന്നത്‌ സാക്ഷാല്‍ മഹാവിഷ്ണുവാണെന്നാണ് ഐതീഹ്യം. ഒപ്പം വെന്നയായും കൊയ്നയായും ഒഴുകുന്നത്‌ പരമശിവനും, ബ്രഹ്മാവും ആണത്രേ. അഞ്ച് നദികളും ഭൂമിക്കുള്ളില്‍ നിന്ന് ചെറിയ ചാലുകളായി ഒഴുകി  വന്ന് ഒരുമിച്ചു ചേര്‍ന്ന് കരിങ്കല്ലില്‍ തീര്‍ത്ത ഒരു ഗോവിന്‍റെ വായിലൂടെ പുറത്തേക്ക് പ്രവഹിക്കുന്നു. നദികളുടെ ഉത്ഭവസ്ഥാനമായ ഈ പുണ്യപ്രദേശത്തെ സംരക്ഷിക്കുവാന്‍ 'സിംഗന്‍' എന്ന മഹാരാജാവ് 1200-കളിലാണ് ഈ കൗതുകം പണികഴിപ്പിച്ചിട്ടുള്ളതെന്ന് ചരിത്രം പറയുന്നു. (800 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന ദീര്‍ഘവീക്ഷണം ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നത് കൊണ്ട് മുല്ലപ്പെരിയാറും, മഴ പെയ്തു കഴിഞ്ഞാലുള്ള തിരുവനന്തപുരവും ഒക്കെ നമ്മളെ ഭീതിപ്പെടുത്തുന്നു.)
                ഒരു നദിയുടെ, അല്ല അഞ്ചു നദികളുടെ ഉത്ഭവം കാണുകയും, ഗോമുഖത്ത് നിന്ന് നദികളെ കൈകളിലെടുത്ത് ശിരസ്സിലേക്ക് തുള്ളികളായി ഇറ്റിക്കുകയും ചെയ്തപ്പോഴുണ്ടായ അനുഭൂതി അവാച്യമാണ്. അത്, കണ്ട് തന്നെ അറിയണം, തൊട്ട് തന്നെ അറിയണം! 
[ ഈ അനുഭവം എല്ലാവരും നേരിട്ടറിയണം എന്നുള്ളത് കൊണ്ടായിരിക്കണം ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുണ്ടായിരുന്നില്ല !! ] 


നീഡില്‍ ഹോള്‍ പോയിന്‍റ്  അഥവാ ആനത്തല
                    ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുള്ള യാത്ര പാതി പിന്നിട്ട് ഞങ്ങള്‍ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. നീഡില്‍ ഹോള്‍ പോയിന്‍റ് ആണ് ലക്‌ഷ്യം. ഇവിടെ നിന്നാല്‍ താഴെ കൃഷ്ണാ നദി കാണാം; കൃഷ്ണാ നദി ചക്രവാളത്തിലെക്കൊഴുകി മേഘങ്ങള്‍ക്കൊപ്പം ചേരുന്നത് കാണാം!!



നീഡില്‍ ഹോള്‍ പോയിന്‍റില്‍

പമ്പ്‌ ഹൗസ് ആണെന്ന് തോന്നുന്നു

 കൃഷ്ണാ നദി ഒഴുകുന്നത്‌ പച്ച  പുതച്ച സഹ്യാദ്രിയുടെ താഴ്വാരത്താണ്. ഞങ്ങള്‍ നില്‍ക്കുന്ന പ്രദേശം കുതിരലാടം പോലെ വളഞ്ഞാണ് നില്‍ക്കുന്നത്. ഇതിന്‍റെ ഒരു വശത്ത് ഒരു ചെറിയ അരുവി താഴേക്ക് പതിക്കുന്നു. അരുവിയുടെ ചന്തം ഒന്നടുത്തു കാണാന്‍  തീരുമാനിച്ച് അങ്ങോട്ടെക്ക് ചെന്നു. അരുവി ഒഴുക്കുന്ന വശത്ത് നിന്നാല്‍ എതിര്‍ വശത്ത്, മലയില്‍ ഒരു ദ്വാരം കാണാം. ഇതിനാലാവണം നീഡില്‍ ഹോള്‍ എന്ന പേര് വന്നത്. പക്ഷെ എനിക്കത് ഒരു 'ആനത്തല'യായിട്ടാണ് തോന്നിയത് !!


ഒരു വശത്ത് അരുവി



 നീഡില്‍ ഹോള്‍ പോയിന്‍റ് ഒരു ചെറിയ കിഷ്ക്കിന്ധയാണ്. അത്രയ്ക്കുണ്ട് വാനരന്മാരുടെ ബാഹുല്യം. ഇവിടെ നിന്ന് തിരിക്കുമ്പോള്‍ ഉച്ചയായിരുന്നു. ഭക്ഷണം കഴിച്ച് ഞങ്ങള്‍ വെന്നാ തടാകം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. മഹാബലേശ്വറില്‍  നിന്ന് ഞങ്ങള്‍ മടങ്ങി തുടങ്ങിയെന്ന് പറയാം.
                                       







                                  അരുവിയുടെ മുകളില്‍ നിന്ന് പകര്‍ത്തിയത്  

സുന്ദരിയായ വെന്നാ തടാകം
                   കഴിഞ്ഞ ദിവസം സന്ധ്യ സമയത്ത് കോടമഞ്ഞില്‍ മറഞ്ഞു നിന്ന വെന്നാ തടാകം ഇത്ര സുന്ദരിയാണെന്ന് കരുതിയിരുന്നതേ ഇല്ല. വിശാലമായ നീലത്തടാകവും, തടാകക്കരയിലെ വൃക്ഷങ്ങളും ചേര്‍ന്ന് അവര്‍ണ്ണനീയമായ   കാഴ്ച്ച ഒരുക്കി നില്‍ക്കുകയാണ്. 





തടാകത്തില്‍ ബോട്ടിംഗ് സൗകര്യം ഉണ്ട്. രണ്ടു ബോട്ടുകളിലായി ഞങ്ങള്‍ തടാകത്തിന് ഒരു വലത്ത് വച്ചു. അങ്ങേ കരയോടടുത്തപ്പോള്‍ അവിടെ ഒരു ഹനുമാന്‍ ക്ഷേത്രം.




             വെന്നാ തടാകത്തിന്‍റെ കരയില്‍ 'ചേതക്കും', 'ഭഗത്തും','മോഗ്ലി'യും അങ്ങനെ വെളുപ്പും കറുപ്പുമൊക്കെയായി ഭംഗിയുള്ള കരുത്തന്മാരായ കുറേ കുതിരകള്‍. ഒറ്റയ്ക്കും തെറ്റയ്ക്കും കുതിരസവാരിക്കായി ഒരുക്കി നിര്‍ത്തിയിരിക്കുന്നവ. ക്യാരറ്റും, ചോളവും, കപ്പലണ്ടിയും അങ്ങനെ വഴിയോര വില്‍പ്പനക്കാര്‍ വേറെയും. വെന്നാ തടാകം തികച്ചും refreshing ആയിരുന്നു. മഹാബലേശ്വര്‍ യാത്രയെ അതൊരു വ്യത്യസ്ത തലത്തിലേക്ക് എത്തിച്ചുവെന്ന് പറയാതെ വയ്യ.


തടാകക്കരയില്‍

തടാകക്കരയില്‍ 'ബൂട്ടാ' വില്‍പ്പനക്കാരന്‍


സ്ട്രോബറി....മ്....
                      മലയിറങ്ങി ഞങ്ങള്‍ തിരികെ പഞ്ച്ഗനിയിലെത്തി. 'മാപ്രോ' എന്ന ഭക്ഷ്യസംസ്കരണ  കമ്പനിയുടെ ഒരു 'outlet' ന്‍റെ മുന്നിലെത്തിയപ്പോള്‍ ഡ്രൈവര്‍ വണ്ടി ഓരം ചേര്‍ത്തു. സ്ട്രോബറിയുടെ ഒരു പടുകൂറ്റന്‍ മോഡല്‍ ആണ് നമ്മെ അവിടെ വരവേല്‍ക്കുന്നത്. പിന്നെ നിരനിരയായി പല തട്ടുകളില്‍ അടുക്കി വെച്ചിരിക്കുന്ന ജാമും, സ്ക്വാഷും, ജ്യുസും.....അതില്‍ തൊണ്ണൂറു ശതമാനവും സ്ട്രോബറിയില്‍ നിന്നുള്ളവ, ഒറിജിനല്‍!!!  രണ്ടു കുപ്പി ജാം ഞാനും വാങ്ങി.  
                            




Restaurant


                                       ഈ 'outlet' നോട് ചേര്‍ന്ന് ഒരു റെസ്റ്റോറന്റ്റും ഉണ്ട്. അവിടുത്തെ സ്പെഷ്യല്‍ വിഭവമായിരുന്നു 'ചോക്ലേറ്റ് ബ്രൌണി'. ഉരുക്കിയൊഴിച്ച    ചോക്ലേറ്റിന്  മുകളില്‍ കിടിലന്‍ വാനില  ഐസ്ക്രീം!! പഞ്ച്ഗനിയിലെ സുഗമുള്ള തണുപ്പില്‍ കഴിക്കാന്‍ ഇതിലും സ്വാദിഷ്ടമായൊന്നില്ല എന്നെനിക്ക്   തോന്നി.

Chocolate Browny - ഫോട്ടോ സ്വല്‍പ്പം 'blur' ആയി

Go-Kart പീ...പീ..
                   നേരം അഞ്ചു മണിയോടടുത്തു. ഇപ്പൊ തിരിച്ചില്ലെങ്കില്‍  ചുരം ഇറങ്ങാന്‍ പ്രയാസമാകുമെന്ന് ഡ്രൈവര്‍ ഓര്‍മ്മിപ്പിച്ചു.
 മടക്കയാത്ര ആരംഭിച്ച് കുറച്ചു മുന്നേക്ക് ചെല്ലുമ്പോള്‍ ഒരു Go-Kart 'പാര്‍ക്ക്' കണ്ട് ഞങ്ങള്‍ വണ്ടി 'സഡന്‍ ബ്രേക്ക്‌' ഇടീച്ചു.സംഭവം കളിയാണെങ്കിലും ഇതുകൊണ്ട് എന്തെങ്കിലും അപകടം പറ്റിയാല്‍ ആ പാര്‍ക്കുകാര്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ടു കൊടുക്കണം. 



Go-Kart'

                  മഹാബലേശ്വര്‍ വിട്ടു പോരുന്ന ദുഃഖം അവിടെ ചിലവഴിച്ച അര മണിക്കൂറില്‍ തീര്‍ത്ത് ഞങ്ങള്‍ തിരികെ ബസ്സില്‍ കയറി. ബസ്സ്‌ മെല്ലെ ചുരമിങ്ങാന്‍ തുടങ്ങി. മഴമേഘങ്ങള്‍  വീണ്ടും മഹാബലേശ്വര്‍ ലക്ഷ്യമാക്കി നീങ്ങുന്നു. തണുത്ത കാറ്റ് ബസ്സിനുള്ളിലൂടെ കടന്നു പോയി...മനസ്സ് പറഞ്ഞു, "ഇനിയൊരു സീസണില്‍ ഞാന്‍ തിരികെ വരാം, അന്ന് നീ എനിക്കായി സ്ട്രോബറികള്‍ പാകമാക്കി നിര്‍ത്തണം"






                                                     ****************************************

Sunday, December 4, 2011

വരി : "മഴയില്‍ നനഞ്ഞ് സെപ്റ്റംബര്‍......, മരതകപ്പട്ടണിഞ്ഞ് മഹാബലേശ്വര്‍ - 1"

   
                                മാത്തേരാന്‍ പോയ സംഘത്തെ ഓര്‍മ്മയില്ലേ? ആ ടീം ഇത്തവണ മഹാബലേശ്വറിലേക്കാണ്. മഹാരാഷ്ട്രയുടെ 'iconic' ഹില്‍സ്റ്റേഷന്‍. വേനല്‍ക്കാലത്ത് പോലും സുഖമുള്ള തണുപ്പ് നിറഞ്ഞു നില്‍ക്കുന്ന, മഴക്കാലത്ത് ഇടമുറിയാതെ മഴ പെയ്യുന്ന, അരുവികളും, തടാകങ്ങളും, പൂക്കളും, സ്ട്രോബെറികളുമുള്ള സഹ്യാദ്രിമലനിരകള്‍ കൈകോര്‍ത്തു നില്‍ക്കുന്ന സുന്ദരഭൂമി. വെറുമൊരു ഹില്‍സ്റ്റേഷന്‍ എന്നതിനുമപ്പുറം പുണ്യ പുരാതന ക്ഷേത്രങ്ങളുടെയും നദികളായ കൃഷ്ണ, വെന്ന, കൊയ്ന, സാവിത്രി, ഗായത്രി എന്നിവയുടെയും ഉത്ഭവസ്ഥാനം കൂടിയാണ് ഈ പ്രദേശം. പൂനെയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ തെക്ക് സാത്താര ജില്ലയിലാണ് മഹാബാലേശ്വര്‍ സ്ഥിതി ചെയ്യുന്നത്. 
                                 വെളുപ്പിന് അഞ്ചു മണിക്ക് ഞങ്ങള്‍ യാത്രയാരംഭിച്ചു. പൂനെ-ബാംഗ്ലൂര്‍ ഹൈവേ സിറ്റിയെ തൊടാതെ നീണ്ടു നിവര്‍ന്നു കിടക്കുകയാണ്. പുലര്‍ച്ചയായതിനാല്‍ ‍ട്രാഫിക് തീരെ കുറവും. ഏകദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഹൈവയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഞങ്ങള്‍ 'വായി' ഗ്രാമത്തില്‍ പ്രവേശിച്ചു. വായിയെ വിശേഷിപ്പിക്കാന്‍ സുന്ദരം, മനോഹരം എന്നൊക്കെയുള്ള സാധാരണ പദങ്ങള്‍ മതിയാവില്ല. റോഡിന്‍റെ ഇരുവശങ്ങളിലും എള്ളിന്‍ പൂവുകള്‍ തളിരിട്ടു നില്‍ക്കുന്ന പാടങ്ങള്‍,  മലനിരകളില്‍ ഉദയസൂര്യന്‍റെ വെയില്‍ തട്ടി തിളങ്ങുന്ന കാറ്റാടിയന്ത്രങ്ങള്‍, വഴിയുടെ ഇരുവശവും വള്ളിപടര്‍പ്പുകള്‍ ഭൂമിയിലാഴ്ത്തി തപസ്സ് ചെയ്യുന്ന ആല്‍മരങ്ങള്‍. ഒരിടത്ത് നിറഞ്ഞൊഴുകുന്ന നദിക്കു കുറുകെ ഞങ്ങള്‍ കടന്നു. "കൃഷ്ണാ നദി..."

കൃഷ്ണാ നദി 
വായിയിലേക്ക് 
വായി 
വായിയില്‍ സഹ്യന്‍

 വായിയിലെ ഇടുങ്ങിയ 'ഗലി'കളിലൂടെ വളഞ്ഞും തിരിഞ്ഞും ഞങ്ങളുടെ ബസ്സ്‌ വായി ഗണപതി ക്ഷേത്രത്തിന്‍റെ മുന്നിലെത്തി. ഏകദേശം 350  വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ പുതുതായി പണി തീര്‍ത്ത ഗോപുരം പ്രൌഡിയോടെ തലയുയര്‍ത്തി  നില്‍ക്കുന്നു. പത്തടിയോളം ഉയരവും, അതിനൊത്ത വലിപ്പവുമുള്ള ഗണേശ വിഗ്രഹത്തിനും അത്ര തന്നെ പഴക്കമുണ്ട്. പഴമയും പുതുമയും ചേര്‍ന്ന ക്ഷേത്രം, കൃഷ്ണാ നദിക്കരക്ക് ഒരലങ്കാരമാണ്.

കൃഷ്ണാ നദിക്കരയില്‍ ഗണപതി ക്ഷേത്രം 

                                                               ഗണപതി ക്ഷേത്രം

ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം ഉണ്ട്. ക്ഷേത്രത്തിനുള്ളിലെ പുരാതന കല്പ്പണികളും,  നന്ദികേശ വിഗ്രഹവും, 'ദീപ്മാളുകളും'(ദീപസ്തംഭം) ഏറെ ആകര്‍ക്ഷണീയമാണ്. കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രത്തിന്‍റെയും, ശിവലിംഗത്തിന്റെയും ശില്‍പ്പചാരുത  ആസ്വദിച്ചുള്ള എന്‍റെ നില്‍പ്പ് കണ്ട് കൂട്ടുകാര്‍ വിളിച്ചു പറഞ്ഞു, "നമുക്ക് മഹാബലേശ്വറിലേക്കാണ് പോകേണ്ടത്..!!"

വായി ശിവക്ഷേത്രം 
                                                               നന്ദി വിഗ്രഹം
                                                  ദീപ്മാള്‍ അഥവാ ദീപസ്തംഭം
                                         ശിവ ക്ഷേത്രവും ഗണപതി ക്ഷേത്രവും              
ചുരം കയറാം
                            യാത്രയുടെ തുടക്കം വിഘ്നേശ്വരനുള്ള  കാണിയ്ക്കയാക്കി ഞങ്ങള്‍ വായിയില്‍ നിന്ന് മഹാബലേശ്വറിലേക്ക് ആരംഭിക്കുന്ന ചുരം കയറി തുടങ്ങി. ഹെയര്‍പിന്‍ ‍ വളവുകള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന റോഡിലൂടെ വളരെ ഉയരത്തില്‍ കൂനനുറുമ്പുകള്‍ പോലെ വരി വരിയായി വാഹനങ്ങള്‍ പോകുന്നത് താഴെ നിന്നേ കാണാന്‍ കഴിയും. വീതി കുറഞ്ഞ റോഡ്‌ ആണെങ്കിലും, അരിക് മതില്‍ കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

ചുരം തുടങ്ങുമ്പോള്‍
                                                                              ചുരം

   യാത്ര ഏകദേശം പകുതിയോളം കഴിയുമ്പോള്‍ പാറ തുരന്ന് ഒരു ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാം. സര്‍വ്വബലവാനായ വായൂപുത്രനെയല്ലാതെ മറ്റാരെയാണ് ഈ മലകളുടെയും, പാറക്കെട്ടുകളുടെയും സംരക്ഷകനായി നാം പ്രതീക്ഷിക്കേണ്ടത്, അല്ലെ?!


പാഞ്ച്ഗനി - മഹാബലേശ്വറിന്റെ കവാടം 
                       സമയം ഏഴര ആകുന്നതേയുള്ളൂ. ഞങ്ങള്‍ പാഞ്ച്ഗനിയിലെത്തി. പാഞ്ച്ഗനിയെ നമുക്ക് മഹാബലേശ്വറിന്‍റെ തുടക്കമെന്നോ, മഹാബലേശ്വറിലേക്കുള്ള  ഇടത്താവളമെന്നോ  ഒക്കെ വിശേഷിപ്പിക്കാം. അഞ്ചു ഗ്രാമങ്ങള്‍ക്ക് മുകളില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കുന്നതിനാലാണ് പാഞ്ച്ഗനിക്ക് ആ പേര്.

പാഞ്ച്ഗനിയിലെ ആദ്യ കാഴ്ച 
ടേബിള്‍ ടോപ്പില്‍

'ടേബിള്‍ ടോപ്പും', 'പാര്‍സി പോയിന്‍റും', 'കാര്‍ത്തികേയ ക്ഷേത്രവും', 'സണ്‍റൈസ് പോയിന്‍റും', 'സിഡ്നി പോയിന്‍റും' പാഞ്ച്ഗനിക്ക് അവകാശപ്പെടാനുള്ളതാണ്. ബോര്‍ഡിംഗ് സ്കൂളുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രയുടെ ഊട്ടിയാണ്, പാഞ്ച്ഗനി. 'താരെ സമീന്‍ പര്‍' പോലെയുള്ള പല വിജയചിത്രങ്ങളുടെയും സുന്ദരമായ ഫ്രെയ്മുകള്‍ പാഞ്ച്ഗനിയിലെ ബോര്‍ഡിംഗ് സ്കൂളുകളുടെതാണ്.


പീതാംബരം ചുറ്റി ടേബിള്‍ ടോപ്പ്
                           തുടക്കം ടേബിള്‍ടോപ്പില്‍ നിന്നായിരുന്നു. ഞങ്ങളുടെ 'കുട്ടി'ബസ്സ്‌ നിരങ്ങി നിരങ്ങി മല കയറി. പീഠഭൂമിയെന്ന് പണ്ട് സോഷ്യല്‍ സയന്‍സ് പുസ്തകത്തില്‍ പഠിച്ചിട്ടുള്ളതല്ലാതെ, അതെന്താണെന്ന് കാണുന്നത് ആദ്യമായിട്ടാണ്. അവിടെയുണ്ടായിരുന്ന മലയുടെ തല, ഒരു വാള് കൊണ്ട് വെട്ടി മാറ്റിയത് പോലെയുണ്ട് കണ്ടാല്‍. ആ പ്രദേശം നിറഞ്ഞു നില്‍ക്കുന്ന അഴകാര്‍ന്ന പീതവര്‍ണ്ണം വാരിവിതറിയ ചെറുപൂവുകള്‍, പത്താം ക്ലാസില്‍ പഠിച്ച 'Daffodils' കവിത നമ്മെ ഓര്‍മ്മിപ്പിക്കും. സൗന്ദര്യത്തിന് മാറ്റ് കൂട്ടി തെളിവാര്‍ന്ന ഒരു കൊച്ചു തടാകം, സഞ്ചാരികളെ കാത്ത് കിടക്കുന്ന കുതിരവണ്ടികള്‍, മൂടല്‍മഞ്ഞിനിടയിലൂടെ അവ്യക്തമായ ചിത്രം വരച്ച് താഴ്വാരത്തിലൂടെ ഒഴുകുന്ന കൃഷ്ണാനദി. മൊത്തത്തില്‍,പച്ചയും,നീലയും,മഞ്ഞയും, പിന്നെ കുറെയേറെ വര്‍ണങ്ങളും  കൂടിക്കലര്‍ന്ന പ്രകൃതിയുടെ ഒരു അപൂര്‍വ്വസുന്ദര  ക്യാന്‍വാസ്.

                                              ടേബിള്‍ ടോപ്പില്‍ നിന്ന്
                                                   ടേബിള്‍ ടോപ്പില്‍ നിന്ന്
                                                        ടേബിള്‍ ടോപ്പില്‍ നിന്ന്
                                                 ടേബിള്‍ ടോപ്പില്‍ നിന്ന്
                                                           ടേബിള്‍ ടോപ്പില്‍ നിന്ന്
                                                        ടേബിള്‍ ടോപ്പില്‍ നിന്ന്

കൃഷ്ണാനദി കാണാവുന്ന  ടേബിള്‍ ടോപ്പിന്‍റെ അരിക്  ചേര്‍ന്ന്  ഞങ്ങള്‍ നടന്നു. ആ  സമതലം ഒന്ന്  വലത്ത്  വയ്ക്കുവാന്‍ തന്നെ ഒരു മണിക്കൂറോളം വേണ്ടി വരും.
                      സമതലത്തിനു താഴെ കാടുപിടിച്ച്  കിടക്കുന്ന  ആരാധനാലയം
                                                           ടേബിള്‍ ടോപ്പില്‍ നിന്ന്
                                                         താഴ്വാരത്ത് കൃഷ്ണാ നദി
                                                     ടേബിള്‍ ടോപ്പില്‍ നിന്ന്
                                                   ടേബിള്‍ ടോപ്പില്‍ നിന്ന്

                                                       ടേബിള്‍ ടോപ്പില്‍ നിന്ന്

                                                     ടേബിള്‍ ടോപ്പില്‍ നിന്ന്

കുതിര സവാരിയും,ഒട്ടക സവരിയുമൊക്കെയായി അവിടം തിരക്കായി തുടങ്ങിയപ്പോഴേക്ക് ഞങ്ങള്‍ മടങ്ങാമെന്ന് തീരുമാനിച്ച് നടന്നു തുടങ്ങി. അപ്പോഴാണ് ആ ബോര്‍ഡ്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. "Way  to the Cave "!!! .ആകാംഷയുടെ ഒരു 'ഇതു' കൊണ്ട് ഞങ്ങള്‍ പായല്പിടിച്ച ചെറിയ  കല്‍പ്പടവുകളിലൂടെ താഴേക്കിറങ്ങി. താഴെയെത്തിയപ്പോള്‍ ബോര്‍ഡില്‍ ഒരു മാറ്റം, "Cave Restaurant " എന്നെഴുതിയിരിക്കുന്നു. മരത്തിന്‍റെ ഒന്ന് രണ്ടു കസേരയും മേശയുമല്ലാതെ മറ്റൊന്നുമില്ല. 'കയ്യേറ്റ'മാണെന്ന്  കണ്ടാലറിയാം.മടിച്ചു മടിച്ച് ഞങ്ങള്‍ ഉള്ളിലേക്ക് കയറി. ഗുഹക്കുള്ളില്‍ ഒരാള്‍ക്ക് നിവര്‍ന്നു നില്‍ക്കാവുന്ന ഉയരം, ഉള്ളില്‍ ഒരു ചെറു തുരങ്കവും. കഷ്ട്ടിച്ച് ഒരാള്‍ ക്ക്  കുനിഞ്ഞ്‌ നടന്നുപോകാന്‍ പറ്റുന്ന, ലവലേശം വെളിച്ചമില്ലാത്ത ഗുഹയ്ക്കുള്ളിലെ തുരങ്കത്തിലേക്ക് ഓരോരുത്തരായി ഞങ്ങള്‍ കയറിയതും, ഭീകരമായ ശബ്ദത്തോടെ ഒരു കൂട്ടം നരിച്ചീറുകള്‍ ഞങ്ങളുടെ തലയില്‍ തട്ടി പറന്നു പോയതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം എല്ലാവരും ശ്വാസം നഷ്ട്ടപ്പെട്ട് നിന്നുപോയി. പിന്നെ അവിടെ നിന്ന് എങ്ങനെയെങ്ങിലും പുറത്തു ചാടാനുള്ള  തത്രപ്പാടിലായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലുള്ള സന്തോഷമായിരുന്നു ഗുഹക്കു പുറത്തു വന്ന എല്ലാവരുടെയും മുഖത്ത്‌. 

                                        പടികളിറങ്ങി പാണ്ടവ ഗുഹയിലേക്ക്
                                                            ഗുഹയിലെ തുരങ്കം

                 ഇതിനു "Devil 's Kitchen " എന്നൊരു വിളിപ്പേരുണ്ടെന്നറിയുന്നത്‌ തിരികെ ഇറങ്ങിയതിനു ശേഷമാണ്. തന്നെയുമല്ല പാണ്ഡവന്മാര്‍ ഈ ഗുഹയില്‍ വസിച്ചിരുന്നതായി ഒരു ഐതിഹ്യവുമുണ്ടത്രെ. വ്യത്യസ്തമായ ഈയൊരനുഭവം യാത്രക്ക് നല്ലൊരു തുടക്കം സമ്മാനിച്ചു.
                ടേബിള്‍ ടോപ്പിനോട് യാത്ര പറഞ്ഞ് ഞങ്ങളുടെ ബസ്സ്‌ മലയിറങ്ങി. പ്രഭാതഭക്ഷണം, കയ്യില്‍ കരുതിയിരുന്ന ബ്രഡ്ഡിലും, ജാമ്മിലും ഒതുക്കി കൈ തുടക്കുമ്പോഴേക്കും ഞങ്ങള്‍ പാര്‍സി പോയിന്‍റില്‍ എത്തിയിരുന്നു. താഴ്വാരത്ത് കതിരിട്ടു നില്‍ക്കുന്ന പാടങ്ങള്‍. ദൂരെ, സമൃദ്ധമായി ഒഴുകുന്ന കൃഷ്ണാനദിയെ അണകെട്ടി നിര്‍ത്തിയിരിക്കുന്നു. അതിനുമപ്പുറം മലനിരകള്‍.

                                                   പാര്‍സി പൊയന്റില്‍ നിന്ന്
                                           പാര്‍സി പൊയന്റില്‍ നിന്ന് കൃഷ്ണാ നദി

          സൂര്യനുദിച്ചു കഴിഞ്ഞതിനാല്‍   ഇനി സണ്‍റൈസ്   പോയിന്‍റില്‍ പോയിട്ട് വിശേഷമൊന്നുമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ സിഡ്നി പോയിന്റിലേക്ക് യാത്ര തിരിച്ചു. പാര്‍സി പോയിന്‍റില്‍ നിന്ന് കാണാവുന്ന അതെ ദൃശ്യങ്ങള്‍ മറ്റൊരു ആംഗിളില്‍ കുറെ കൂടി അടുത്ത് കാണാം എന്നൊരു സവിശേഷതയാണ് സിഡ്നി പോയിന്‍റിനുള്ളത്. കണ്ണാടി പോലെ തിളങ്ങുന്ന കൃഷ്ണാനദി ഇവിടെ നിന്നും ഒഴുകി ഒഴുകി ആന്ധ്രയില്‍ കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും. ആന്ധ്രയില്‍ ചെല്ലുമ്പോഴേക്കും പലയിടങ്ങളിലും മണല്‍ക്കൂമ്പാരങ്ങള്‍ക്ക് ഉള്ളിലേക്ക് ഒളിച്ചു പോകുന്ന കൃഷ്ണാനദിയെ നമുക്ക് കാണാം.
                                                                        പനംകുല
                                         യാത്ര സംഘം സിഡ്നി പോയിന്റില്‍


                                         പറാട്ടയും(നമ്മുടെ മൈദാ പൊറോട്ടയല്ല..!!), റൊട്ടിയും, പനീര്‍കുറുമയും, വെജ് കടായിയുമൊക്കെയായി കുശാലായ ഉച്ചഭക്ഷണം കഴിയുമ്പോഴേക്ക് നാല് മണി കഴിഞ്ഞിരുന്നു. ഹില്‍ടോപ്പും, വനവും കൂടിയായതിനാല്‍ ഏതാണ്ട് അഞ്ചുമണി കഴിയുമ്പോഴേക്ക് അവിടം ഇരുട്ടി തുടങ്ങിയിരിക്കും. ഞങ്ങളുടെ താമസം ഏര്‍പ്പാടാക്കിയിരിക്കുന്നത്‌ മഹാബലേശ്വറിലാണ്. പാഞ്ച്ഗനിയില്‍ നിന്ന് പത്തു-പതിനഞ്ച് കിലോമീറ്റെറോളം പോകണം, മഹാബലേശ്വറിലേക്ക്. 
[Tip: മഹാബലേശ്വറില്‍ പോയി തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ ഹോട്ടല്‍ ബുക്ക്‌ ചെയ്യണമെന്നില്ല. അവിടെ ചെന്ന് അന്വേഷിച്ച് മുറികള്‍ കണ്ടിഷ്ട്ടപ്പെട്ട് ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്. ഇതിനു Agent 'മാരെ സമീപിക്കുന്നത് കൂടുതല്‍ എളുപ്പമായിരിക്കും. ] 
   
                                   പാഞ്ച്ഗനിയിലെ കാര്‍ത്തിക് സ്വാമി മന്ദിര്‍ ദര്‍ശനം മറ്റൊരിക്കലേക്ക് മാറ്റി വച്ച് ഇരുട്ടുന്നതിന്‌ മുന്നേ മഹാബലേശ്വറില്‍ എത്താമെന്ന് കരുതി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പാഞ്ച്ഗനിയില്‍ നിന്ന് മഹാബലേശ്വറിലേക്ക് പോകുന്ന വഴിയിലാണ് ലിംഗ്മല വെള്ളച്ചാട്ടം. 

"ബഹുത്ത് സുന്ദര്‍ ജഗ ഹേ സാബ്...ജാകെ ആനാ" .. എന്നും പറഞ്ഞ് ഡ്രൈവര്‍ വണ്ടി സൈഡ് ചേര്‍ത്തു. 
ഇത്തിരി ഉയര്‍ന്ന പ്രദേശത്തായിരുന്ന ഞങ്ങള്‍ ഡ്രൈവര്‍ കാട്ടിതന്ന വഴിയിലൂടെ താഴേക്കിറങ്ങി. ഇറങ്ങി ചെല്ലുംതോറും വഴിയുടെ വീതി കുറയുകയും വശങ്ങളിലായി നിന്ന ചെടികളുടെ ഉയരം കൂടുകയും ചെയ്തു കൊണ്ടിരുന്നു. ഏതാണ്ട് അരക്കിലോമീറ്ററോളം ഞങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. ഞങ്ങളൊരു കാട്ടിലേക്ക് കടക്കുകയായിരുന്നു.
 
                                                   
ആര്‍ത്തലച്ചു താഴേക്കു പതിക്കുന്ന കൃഷ്ണാനദിയെ ഞങ്ങള്‍ ദൂരെ നിന്നേ കേട്ടു. അടുക്കുന്തോറും ശബ്ദത്തിനു കനം വച്ചുകൊണ്ടേയിരുന്നു. വെള്ളച്ചാട്ടത്തിനു മുന്നേ ഞങ്ങള്‍ക്ക് ഒരു ചെറിയ തോട് മുറിച്ചു കടക്കേണ്ടി വന്നു. പെരുവിരല്‍ മുതല്‍ തലമുടിനാര് വരെ തണുപ്പിന്‍റെ സുഖമുള്ള തലോടല്‍ തന്ന ഒരു കുഞ്ഞുതോട്! 
 
                                                    കാട്ടിനുള്ളിലെ തണുത്ത അരുവി
                                                                           അരുവി

ലിംഗ്മല വെള്ളച്ചാട്ടം 

                              കുറച്ചു കൂടി മുന്നേക്ക് നടന്ന്, വെള്ളച്ചാട്ടം കാണാറായി എന്ന് വന്നപ്പോഴേക്കും, യാതൊരു മുന്നറിയിപ്പും തരാതെ പെട്ടെന്നൊരു മഴ!!! ഞങ്ങളെ നനയിക്കാനായി മാത്രം എവിടെയോ പതുങ്ങി നിന്ന് പുറത്തു ചാടിയത് പോലെ!  ഞങ്ങളെല്ലാവരും നനഞ്ഞുവെന്ന് കണ്ടപ്പോള്‍ മഴ തോരുകയും ചെയ്തു. നനഞ്ഞൊലിച്ചു ഞങ്ങള്‍ തിരികെ കുന്നുകയറി. ബസ്സ്‌ പതുക്കെ മഹാബലേശ്വറിലെക്കുള്ള വളവുകള്‍ താണ്ടി തുടങ്ങി. ലിംഗ്മല വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യവും, ആഴവും, ശബ്ദവും മനസ്സില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു കൊണ്ടേയിരുന്നു. ചന്നം പിന്നം വീണ്ടും പെയ്തു തുടങ്ങിയ പൊടിമഴയും, ഒപ്പം വന്ന കുളിര്‍ക്കാറ്റും ഞങ്ങളെ മഹാബലേശ്വറെന്ന സ്വപ്നഭൂമിയുടെ കവാടത്തില്‍ സ്വാഗതം ചെയ്തു.


(ഇനി മഹാബലേശ്വറിലേക്ക്...)


LinkWithin

Related Posts with Thumbnails